കൂടംകുളത്തു നിന്നു വൈദ്യുതിയെത്തിയ്ക്കാന്‍ കേരളത്തിലെ മരങ്ങള്‍ മുറിക്കണമെന്ന് ഉത്തരവ്

തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍ നിന്നുള്ള വൈദ്യുതി കേരളത്തിലേക്കെത്തിക്കാന്‍ കല്പറ്റ റെയ്ഞ്ചിലെ മരങ്ങള്‍ മുറിക്കണമെന്നു സര്‍ക്കാര്‍ ഉത്തരവ്. വയനാടു വഴിയാണ് കൂടംകുളത്തു നിന്ന് കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്നത്. ഇതിനായാണ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട കല്‍പ്പറ്റ റെയ്ഞ്ചിലെ 455 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലൂടെ തൃശൂര്‍ മാടക്കത്തറ സബ്‌സ്‌റ്റേഷനിലേക്കു വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ കര്‍ഷകരുടെ എതിര്‍പ്പു മൂലം മുടങ്ങിയിരിക്കെയാണു പുതിയ മാര്‍ഗം തെളിയുന്നത്.
കൂടംകുളത്തുനിന്നു മൈസൂര്‍ വഴി വരുന്ന 400 കെവി ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ മലപ്പുറം ജില്ലയിലെ അരീക്കോട് സബ്‌സ്‌റ്റേഷനില്‍ എത്തിക്കാനാണ് ഇപ്പോള്‍ അനുമതി. ഈ ഊര്‍ജപാതയിലെ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുന്നതിന് 6.10 കോടി രൂപ പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ നിന്ന് വനംവകുപ്പ് ഈടാക്കും.
വടക്കന്‍ വയനാട്ടിലെയും കോഴിക്കോട്ടെയും പ്രസരണ വഴി നേരത്തെ പൂര്‍ത്തിയായിരുന്നു. സര്‍വെ പൂര്‍ത്തിയാക്കി മുറിച്ചുമാറ്റേണ്ടുന്ന തടികളില്‍ 2008-ല്‍ തന്നെ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ അടയാളവുമിട്ടു. തുടര്‍ന്ന് 62,10,661 രൂപ തറവില പാട്ടമായി വനം വകുപ്പില്‍ അടയ്ക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ ഓഫിസ് വഴി പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ സമ്മര്‍ദം ചെലുത്തിയതിനെത്തുടര്‍ന്നാണ് ഏഴു വര്‍ഷമായി സെക്രട്ടറിയേറ്റില്‍ കുടുങ്ങിക്കിടന്ന ഫയല്‍ നടപടികള്‍ വേഗത്തിലായത്. ഇതു സംബന്ധിച്ച ഉത്തരവു കഴിഞ്ഞ ദിവസം പ്രിന്‍സിപ്പല്‍ സെക്രട്ടറി പി. മാരപാണ്ഡ്യന്‍ പുറത്തിറക്കി. വനംവകുപ്പിന്റെ അംഗീകൃത കരാറുകാരില്‍ നിന്ന് ടെന്‍ഡര്‍ വിളിച്ച് പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ ചെലവില്‍ മരങ്ങള്‍ വെട്ടി നീക്കാം. വൃക്ഷങ്ങള്‍ മുറിക്കുമ്പോള്‍ വനം വകുപ്പിന്റെ 14 പേജുള്ള കരാറിലെ വ്യവസ്ഥകളെല്ലാം പാലിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ അവര്‍ ഉദ്യോഗസ്ഥരെ നിയമിക്കും.
കര്‍ണാടകയില്‍ അവശേഷിക്കുന്ന കുറച്ചു പണികള്‍ കൂടി പൂര്‍ത്തിയാക്കി കുറഞ്ഞ കാലയളവിനുള്ളില്‍ കോഴിക്കോട് മേഖലയില്‍ വൈദ്യുതി എത്തിക്കാനാണു പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ ശ്രമം. അതേസമയം, കൊല്ലം ജില്ലയിലെ ഇടമണ്ണില്‍ നിന്നു പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലൂടെ തൃശൂര്‍ മാടക്കത്തറ സബ്‌സ്‌റ്റേഷനില്‍ വൈദ്യുതി എത്തിച്ച് ദേശീയ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ ശ്രമം ഇതുവരെയും ഫലം കണ്ടിട്ടില്ല.
കേരളം വൈദ്യുതി മിച്ച സംസ്ഥാനമായിരുന്ന കാലത്ത് ശബരിഗിരി പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി തമിഴ്‌നാടിന് നല്‍കിയിരുന്നു. ഇതിനായി മൂഴിയാറില്‍ നിന്ന് ഇടമണ്‍ സബ്‌സ്‌റ്റേഷന്‍ വഴി മധുരയ്ക്ക് അന്നു വലിച്ച 110 കെവി ലൈന്‍ ഇന്നും നിലവില്‍ ഉണ്ട്. അതില്‍ തിരുനല്‍വേലി മുതല്‍ ഇടമണ്‍ വരെയുള്ള ഭാഗം വികസിപ്പിച്ചാണ് കൂടംകുളത്തു നിന്നും വൈദ്യുതി കോട്ടവാസല്‍മലകള്‍ക്കു മുകളിലൂടെ തെക്കന്‍ കേരളത്തില്‍ എത്തിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















