മുടിയൂര്‍ക്കരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പറയുന്നത്?

മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കു സമീപം മുടിയൂര്‍ക്കരയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് പൊലീസ് സംഘം എത്തിയിരിക്കുന്നത്. ഇയാള്‍ സുഹൃത്തില്‍ നിന്നും 80 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കടംവാങ്ങിയിരുന്നതായും, ഈ പണയം എടുത്ത് നല്‍കാനാവാതെ വന്നതിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദമാണ് മരണകാരണമെന്നാണ് ലഭിക്കുന്ന സൂചന. ചുങ്കം മള്ളൂശ്ശേരി മര്യാത്തുരുത്ത് സെന്റ് തോമസ് എല്‍.പി സ്‌കൂളിനു സമീപം കളരിക്കല്‍ കാര്‍ത്തികയില്‍ പ്രശാന്ത് രാജിന്റെ (36) മൃതദേഹമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കു സമീപം മുടിയൂര്‍ക്കരയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് പ്രശാന്തിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഗാന്ധിനഗര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു പൊലീസ് അന്വേഷണം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഒരു ദിവസം രണ്ടായിരം രൂപ വാടകയില്‍ ഇന്നോവ പ്രശാന്ത് വാടകയ്ക്ക് എടുത്തിരുന്നു. ഈ ഇന്നോവ തിരികെ നല്‍കാതെ വന്നതോടെ കാര്‍ ഉടമ പ്രശാന്തിനെ വിളിച്ചിട്ട് കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനിടെ പ്രശാന്തിന് സ്വര്‍ണ്ണം പണയം വയ്ക്കാന്‍ നല്‍കിയ സുഹൃത്തും പല തവണ ഇയാളെ വിളിച്ചിരുന്നു. എന്നാല്‍, ഇരുവര്‍ക്കും പ്രശാന്തിനെ കണ്ടെത്താന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്നു, സ്വര്‍ണ്ണം പണയം വച്ച സുഹൃത്ത് കാര്‍ ഉടമയെ വിളിച്ചു. ഇതിനു ശേഷം കാര്‍ ഉടമ കാറിന്റെ ജിപിഎസിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയായിരുന്നു. ഇതേ തുടര്‍ന്നു കാര്‍ ഉടമ മെഡിക്കല്‍ കോളേജ് ആശുപത്രിയ്ക്കു സമീപം മുടിയൂര്‍ക്കരയില്‍ കാര്‍ കിടക്കുന്നതായി ജി.പി.എസ് പരിശോധിച്ചു തിരിച്ചറിഞ്ഞു.
തുടര്‍ന്ന്, ഇദ്ദേഹം കാര്‍ മറ്റൊരു താക്കോലിട്ട് സ്റ്റാര്‍ട്ട് ചെയ്ത് കാറുമായി പോകുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് കാര്‍ കണ്ടെത്തിയതും, ഇയാളെ ഫോണില്‍ വിളിച്ചു വരുത്തിയതും. തുടര്‍ന്നു, കാര്‍ കണ്ടെത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനും കൊവിഡ് പരിശോധനയ്ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.
https://www.facebook.com/Malayalivartha

























