ചിന്തിക്കാതെ എടുത്തുചാടിയപ്പോള്‍... ഐഎസ്എസില്‍ ചേര്‍ന്ന നാല് യുവതികളും ത്രിശങ്കുവില്‍ തന്നെ; രാജ്യത്തെ സംബന്ധിക്കുന്ന വിഷയമായതിനാല്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി; ഐസിസില്‍ ചേര്‍ന്നവരെ തിരികെയെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്രമാണ് നിലപാടെടുക്കേണ്ടത്

വീട്ടുകാരേയും നാട്ടുകാരേയും മറന്ന് പ്രണയത്തിന്റെ മറവില്‍ ഐഎസ്എസില്‍ ചേരുമ്പോള്‍ ഇത്രയും പുലിവാലുണ്ടാകുമെന്ന് ഈ യുവതികള്‍ കരുതിയില്ല. ഇവരെ സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രം പറഞ്ഞതിന് പിന്നാലെ സംസ്ഥാനവും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് നമ്മുടെ രാജ്യത്തിന്റെ ഒരു പ്രശ്‌നമാണ്. രാജ്യത്തിന്റെ ഭാഗമായിട്ട് അവര്‍ നിലപാട് സ്വീകരിക്കുകയാണ് വേണ്ടത്. അപ്പോള്‍ അതിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് എന്നത് കൂടുതല്‍ മനസിലാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വൈകിട്ടത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ പറയുന്നവര്‍ അവിടുത്തെ ജയിലിലാണ്. അവര്‍ ഇങ്ങോട്ട് വരാന്‍ തയാറുണ്ടോയെന്ന് അറിയണം. അതുപോലെ തന്നെ കുടുംബത്തിന്റെ അഭിപ്രായം അറിയാന്‍ തയാറാകണം. അങ്ങനെയൊക്കെ കൂടി പൊതുവായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുകയാണ് വേണ്ടത്. സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. നടപടി സ്വീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഈ കാര്യങ്ങളെല്ലാം പരിശോധിച്ചു കൊണ്ടാകണം നിലപാട് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്രം നിലപാട് മയപ്പെടുത്തിയിട്ടില്ല. ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സുരക്ഷ ഭീഷണിയാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ നിലപാട്. ചാവേര്‍ ആക്രമണത്തിന് സ്ത്രീകള്‍ക്കുള്‍പ്പെടെ പരിശീലനം നല്‍കിയതിന് തെളിവുണ്ട്. വിഷയം കോടതിയിലെത്തിയാല്‍ നിയമപരമായി നേരിടാനാണ് സര്‍ക്കാരിന്റെ നീക്കം. സോണിയ, മെറിന്‍, നിമിഷ ഫാത്തിമ, റഫീല എന്നീ മലയാളികളാണ് അഫ്ഗാന്‍ ജയിലിലുള്ളത്. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവര്‍ത്തിച്ച ഇവരെ തിരികെ കൊണ്ടുവരുന്നത് സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജന്‍സികളുടെ നിലപാട്. അതിനാല്‍ ഇവരെ തിരികെ എത്തിക്കേണ്ട എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
അതേസമയം കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു. ജയിലിലുള്ള മകളെ തിരികെ കൊണ്ടുവരാനുള്ള സഹായം വേണമെന്ന തന്റെ ആവശ്യം കേന്ദ്രസര്‍ക്കാരും ബി.ജെ.പി.യും അവഗണിക്കുകയാണെന്ന് ബിന്ദു ആരോപിക്കുന്നു.
ഐ.എസില്‍ ചേര്‍ന്ന ബെക്‌സിന്‍ വിന്‍സെന്റിന്റെ ഭാര്യയാണ് നിമിഷ ഫാത്തിമ. ഭര്‍ത്താവ് അഫ്ഗാനില്‍ കൊല്ലപ്പെട്ടതോടെയാണ് നിമിഷ അഫ്ഗാന്‍ സര്‍ക്കാരിന് കീഴടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കാണാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മകന്‍ ആര്‍മിയില്‍ മേജര്‍ ആയിട്ടും സര്‍ക്കാര്‍ അവഗണന കാണിക്കുകയാണ്. മകളെ നാട്ടിലെത്തിച്ച് നിയമനടപടി സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നില്ല. മകളെയും പേരക്കുട്ടിയെയും കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്നും ബിന്ദു പറയുന്നു.
ഒരു ഇന്ത്യക്കാരി എന്ന നിലയില്‍ തന്റെ മനുഷ്യാവകാശമല്ലേ അത്. ഞാന്‍ ഈ ഇന്ത്യക്കുള്ളിലാണ് ജീവിക്കുന്നത്. ഞാന്‍ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകള്‍ പോലും ഇന്ത്യ വിട്ട് പോകുന്നതിന് മുന്‍പ് അന്നിരുന്ന കേരള സര്‍ക്കാരിനെയും അന്നിരുന്ന പോലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ?. എന്നിട്ട് അവര്‍ എന്തുകൊണ്ട് അത് തടഞ്ഞില്ല? എന്നിട്ട് എല്ലാം കഴിഞ്ഞിട്ട് കൈയിലെത്തിയിട്ട് എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലന്‍ വിടുന്നത്? എന്നും ബിന്ദു പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























