മുല്ലപ്പെരിയാര്‍ തടാകത്തിലൂടെ തമിഴ്‌നാട് ഫിറ്റ്‌നെസ് ഇല്ലാത്ത ബോട്ട് ഓടിക്കുന്നു

കേരളത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് മുല്ലപ്പെരിയാര്‍ തടാകത്തിലൂടെ തമിഴ്‌നാട് ഫിറ്റ്‌നെസ് ഇല്ലാത്ത ബോട്ട് ഓടിക്കുന്നു. കഴിഞ്ഞ മാസം മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി ചെയര്‍മാന്‍ എല്‍.എ.വി. നാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ അണക്കെട്ടിലെത്തിയത് ഫിറ്റ്‌നെസ് ഇല്ലാത്ത ബോട്ടിലായിരുന്നു. കഴിഞ്ഞ ദിവസം ഉപസമിതി അംഗങ്ങള്‍ വന്നപ്പോഴും ഉദ്യോഗസ്ഥര്‍ ഈ ബോട്ടുകള്‍ തടാകത്തിലിറക്കിയിരുന്നു.
സംഭവം വിവാദമായതോടെ ബോട്ടുകളുടെ ഫിറ്റ്‌നെസ് രേഖകള്‍ ആവശ്യപ്പെട്ട് വനംവകുപ്പ് തമിഴ്‌നാടിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. തമിഴ്‌നാടിന് കണ്ണകി, ജലരത്‌ന എന്നീ രണ്ടു ബോട്ടുകളാണ് തേക്കടിയിലുള്ളത്. 1985-ലാണ് ഈ ബോട്ടുകള്‍ തമിഴ്‌നാട് തടാകത്തിലിറക്കിയത്. 2009 ല്‍ തേക്കടി തടാകത്തിലുണ്ടായ അപകടത്തെ തുടര്‍ന്നാണ് ബോട്ടുകള്‍ക്ക് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.
കഴിഞ്ഞ ഒക്‌ടോബറില്‍ ബോട്ടുകളുടെ ഫിറ്റ്‌നസ് കാലാവധി തീര്‍ന്നു. തുടര്‍ന്ന് കേരളം മുന്നറിയിപ്പ് നല്‍കിയതോടെ തമിഴ്‌നാട് അപേക്ഷ നല്‍കി ബോട്ടിന്റെ ഫിറ്റ്‌നെസ് കാലാവധി മൂന്ന് മാസം കൂടി നീട്ടി. ജനുവരിയില്‍ ജലരത്‌നയുടെയും, മാര്‍ച്ചില്‍ കണ്ണകിയുടെയും ഫിറ്റ്‌നെസ് കാലാവധി കഴിഞ്ഞു. കഴിഞ്ഞ 22ന് ഉന്നതാധികാരസമിതി ചെയര്‍മാന്‍ അണക്കെട്ട് സന്ദര്‍ശിക്കാന്‍ എത്തിയത് കണ്ണകിയിലാണ്.
മഴയത്ത് ജലനിരപ്പ് 117.5 അടിയായി ഉയര്‍ന്നു നില്‍ക്കുമ്പോഴായിരുന്നു ഫിറ്റ്‌നെസ് ഇല്ലാത്ത ബോട്ടില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞദിവസം മുല്ലപ്പെരിയാര്‍ ഉപസമിതി സന്ദര്‍ശനം നടത്തിയപ്പോള്‍ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ ഫിറ്റ്‌നെസ് ഇല്ലാത്ത ബോട്ടില്‍ അണക്കെട്ടിലേക്ക് യാത്ര നടത്തി. കൂടാതെ അണക്കെട്ടില്‍ നടക്കുന്ന അറ്റകുറ്റപ്പണികള്‍ക്കുള്ള നിര്‍മാണസാമഗ്രികളും തൊഴിലാളികളെയും ഈ ബോട്ടിലാണെത്തിക്കുന്നത്. ഇതോടെയാണ് വനംവകുപ്പ് തമിഴ്‌നാടിന് നോട്ടീസ് നല്‍കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















