കൈമലര്‍ത്തി സുധാകരന്‍... ഏക സാക്ഷിയായ മമ്പറം സുധാകരനെ തള്ളിപ്പറഞ്ഞു; സുധാകരന്‍ പക്വത കാണിക്കണമെന്ന് മമ്പറം ദിവാകരന്‍; പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോയാല്‍ അത് നേരിടാനുള്ള സംവിധാനം ഉണ്ടായിരുന്നുവെന്ന് മുന്‍മന്ത്രി എ.കെ.ബാലന്‍

മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അദ്ധ്യക്ഷനായ കെ. സുധാകരനും തമ്മിലുള്ള രാഷ്ട്രീയ പോര് തുടരുകയാണ്. അതിനിടെ കോണ്‍ഗ്രസുകാരനായ മമ്പറം ദിവാകരന്‍ സുധാകരനെ തള്ളിപ്പറഞ്ഞു. സുധാകരനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി അംഗം മമ്പറം ദിവാകരന്‍ രംഗത്തെത്തി.
കെ.പി.സി.സി അദ്ധ്യക്ഷനായ കെ. സുധാകരന്‍ രാഷ്ട്രീയ പക്വത കാണിക്കണം. കാമ്പസ് കഥകളല്ല മുഖ്യമന്ത്രിക്കെതിരെ പറയേണ്ടത്. ഈ രാഷ്ട്രീയം കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല. പിണറായി വിജയനെ അടിച്ചിട്ട കഥ താന്‍ കേട്ടിട്ടില്ലെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ ശ്രമിച്ചത് തനിക്ക് അറിയില്ലെന്നും മമ്പറം പറഞ്ഞു.
അതേസമയം പൊലീസില്‍ പരാതിപ്പെടാതിരുന്നത് എന്തുകൊണ്ടാണെന്ന കെ. സുധാകരന്റെ ചോദ്യത്തിനുള്ള മറുപടിയുമായി മുന്‍ മന്ത്രി എ.കെ. ബാലന്‍ രംഗത്തെത്തി. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോയാല്‍ അത് നേരിടാനുള്ള സംവിധാനം ഉണ്ടായിരുന്നു. പിണറായി വിജയന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ ശ്രമം നടത്തിയെന്നതും യാഥാര്‍ത്ഥ്യമാണ്. അക്കാര്യം പിണറായിയോട് പറഞ്ഞ അതേ കോണ്‍ഗ്രസ് നേതാവ് തന്നെ തന്നോടും ഇക്കാര്യം പറഞ്ഞിരുന്നു.
അദ്ദേഹവും മമ്പറം ദിവാകരനുമെല്ലാം അടങ്ങിയ ഒരു സെറ്റായിരുന്നു ബ്രണ്ണന്‍ കോളേജിലെ എസ്.എഫ്.ഐയെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത്. പിന്നീട് അദ്ദേഹം ആ ക്രിമിനല്‍ സ്വഭാവത്തില്‍ നിന്ന് മാറി. എന്നാല്‍ സുധാകരനുമായി നല്ല ബന്ധമുണ്ടായിരുന്നു. ആ ബന്ധം ഉപയോഗപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോകാനുള്ള ഓപ്പറേഷന്‍ ഇദ്ദേഹത്തിന് മനസിലാകുന്നതും പിണറായിയോട് പറയുന്നതും. പക്ഷേ സുധാകരന്‍ ചോദിക്കുന്നത് പൊലീസില്‍ പരാതി നല്‍കാത്തതെന്ത് എന്താണെന്നാണ്. എന്നാല്‍ അക്കാര്യത്തില്‍ പൊലീസില്‍ പരാതി നല്‍കേണ്ടതായിട്ട് തോന്നിയിട്ടില്ല. കാരണം സുധാകരന്‍ അങ്ങനെ ചെയ്താല്‍ പൊലീസിനെ അറിയിക്കാതെ തന്നെ അതിനെ നേരിടാനുള്ള സംവിധാനമുണ്ടായിരുന്നു.
അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് വിവാദമുണ്ടാക്കിയതിലൂടെ മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമാണ് സുധാകരന്‍ നടത്തിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടു മാത്രമല്ല, സമൂഹത്തിന് മുന്നില്‍ പിണറായി ഭീരുവാണെന്നും തന്റെ മുന്നില്‍ നട്ടെല്ലോടെ നില്‍ക്കാനുള്ള ശക്തി പിണറായിക്ക് ഇല്ലെന്നുമുള്ള ജല്‍പനങ്ങള്‍ സുധാകരന്‍ ആവര്‍ത്തിച്ചതോടെയാണ് മറുപടി പറയാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിക്കപ്പെട്ടത്.
മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടിയിലൂടെ ഒരു കോണ്‍ഗ്രസുകാരനും പ്രതിരോധിക്കാന്‍ പറ്റാത്ത വിധത്തില്‍ അദ്ദേഹം തരംതാഴ്ന്നുപോയെന്നും ബാലന്‍ പറഞ്ഞു.
കെ.എസ്.യുവിനെ ബ്രണ്ണന്‍ കോളേജില്‍ നശിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ ആളാണ് സുധാകരന്‍. പിന്നീട് കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തില്‍ അദ്ദേഹം കോണ്‍ഗ്രസിനൊപ്പമായിരുന്നില്ല, ജനതാ പാര്‍ട്ടിയിലും മറ്റുമായിരുന്നു. 17, 18 വര്‍ഷക്കാലം സുധാകരന് കോണ്‍ഗ്രസുമായി ബന്ധമുണ്ടായിരുന്നില്ല. പിന്നീടാണ് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതെന്നും എ.കെ.ബാലന്‍ വ്യക്തമാക്കി.
സുധാകരന്‍ പറഞ്ഞത് പോലെ 1971ല്‍ അല്ല താന്‍ ബ്രണ്ണനിലെത്തിയതെന്നും 69ല്‍ തന്നെയാണെന്നും എ കെ ബാലന്‍ പറഞ്ഞു. വീണിടത്ത് നിന്ന് സുധാകരന്‍ ഉരുളരുത്. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ പഴിചാരരുത്. പച്ചനുണ പറയാന്‍ ഏതറ്റം വരെയും പോകുമെന്നതിന്റെ തെളിവാണ് കെ സുധാകരന്റെ പ്രതികരണമെന്നും എ കെ ബാലന്‍ പറഞ്ഞു.
1971ലാണ് മമ്പറം ദിവാകരന്‍ വന്നത് എന്നത് ശരിയാണ്. എന്നാല്‍, 19686970 കാലത്താണ് താന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നത്. ആ സമയത്താണ് സി എച്ച് മുഹമ്മദ് കോയ വരുന്നതും അദ്ദേഹത്തിനെതിരെ പ്രതിഷേധവും കരിങ്കൊടിയും മുട്ടയേറും നടന്നതും. അത് പ്രതിരോധിക്കാന്‍ മുന്‍നിരയില്‍ നിന്നയാളാണ് താന്‍. അത് അന്ന് ബ്രണ്ണന്‍ കോളേജിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമറിയാമായിരുന്നുവെന്നും എ കെ ബാലന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha



























