തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ച് നിയമസഭയിലേക്കുള്ള വഴിതെളിക്കാന്‍ ബിജെപി, സംസ്ഥാന നേതാക്കളെ മത്സരിപ്പിക്കുമെന്ന് ദേശീയ നേതൃത്വം

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം പിടിച്ച് സംസ്ഥാന നിയമസഭയിലേക്കുള്ള വാതില്‍ തുറക്കാന്‍ ബിജെപി ഉരുക്കങ്ങള്‍ തുടങ്ങി. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ച ആവേശം തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലേക്കും വ്യാപിപ്പിച്ച് പരമാവധി വിജയംകൊയ്യാനാണ് ബി.ജെ.പിയുടെ തീരുമാനം. കോര്‍പ്പറേഷനിലും മുന്‍സിപ്പാലിറ്റികളിലും പോരാട്ടം ശക്തമാക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കാനും ദേശീയ നേതൃത്വം ആലോചിക്കുന്നുണ്ട്.
അടുത്ത മാസം തലസ്ഥാനത്തെത്തുന്ന ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യംക്കം ചര്‍ച്ച ചെയ്ത് തദ്ദേശ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ നിറുത്തി മത്സരിപ്പിക്കും.
തിരുവനന്തപുരം കോര്‍പ്പറേഷനിലും ചില പഞ്ചായത്തുകളിലുമൊക്കെ ഭരണം പിടിക്കാനും ബിജെപി ലക്ഷ്യമിടുന്നുണ്ട്. അതിനുവേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇടതു, വലതുമുന്നണികള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ കടന്നുകയറുന്നതിന് അവിടെ ഏറെ ജനസ്വാധീനമുള്ള നേതാക്കളെയാകും സ്ഥാനാര്‍ത്ഥികളാക്കുക. അതിനാണ് സംസ്ഥാന നേതാക്കളെയടക്കം സ്ഥാനാര്‍ത്ഥികളാക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് മുന്നേറാനുള്ള ശ്രമവും പാര്‍ട്ടി നടത്തുന്നുണ്ട്.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഒ. രാജഗോപാലിന് മുപ്പത്തിനാലായിരത്തിലധികം വോട്ടുകള്‍ ലഭിച്ചത് ഇരുമുന്നണികളെയും ഞെട്ടിച്ചിരുന്നു. ഇരുമുന്നണികളില്‍ നിന്നും പാര്‍ട്ടിക്ക് വോട്ട് കിട്ടുകയും ചെയ്തു. കേരളത്തില്‍ പാര്‍ട്ടിക്ക് സ്വാധീനം വര്‍ദ്ധിച്ചുവരുന്നതിന്റെ തെളിവായിട്ടാണ് ബി.ജെ.പി ഇതിനെ കാണുന്നത്. അതിനാല്‍ ഈ ട്രെന്‍ഡ് നിലനിറുത്തി തദ്ദേശ തിരഞ്ഞെടുപ്പിലും നേട്ടം ഉണ്ടാക്കാനാണ് പാര്‍ട്ടി ശ്രമം. അതിനുവേണ്ടിയാണ് സംസ്ഥാന നേതാക്കളെയടക്കം നിറുത്തി പോരാട്ടം ശക്തമാക്കാനുള്ള നീക്കവും. ഇതുവഴി പാര്‍ട്ടിയ്ക്ക് സ്വാധീനമുള്ള മേഖലകളില്‍ പരമാവധി സീറ്റ് നേടുകയാണ് ലക്ഷ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















