ഐപ്പ് വക്കീല്‍; സ്‌നേഹത്തിന്റെ മറുകര കണ്ടയാള്‍...

നിയമലോകത്തിന്റെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു പിസിഐപ്പ് . നിയമത്തിന്റെ ലോകത്ത് ഇത്രയും ശുദ്ധന്മാര്‍ ഉണ്ടല്ലോ എന്ന സംശയം പിസി ഐപ്പ് എന്ന ഐപ്പേട്ടനെ പരിചയപ്പെട്ടവര്‍ക്കെല്ലാം ഉണ്ടാകും.
നിയമത്തിന് രണ്ട് മുഖമുണ്ടെന്ന് മനസിലാക്കിയ അഭിഭാഷകനാണ് ഐപ്പ് വക്കീല്‍. ഒരു മുഖം വിരസവും രണ്ടാമത്തെ മുഖം പ്രസന്നവുമാണ്. ആദ്യമുഖത്തിലുള്ളത് ചട്ടങ്ങളും നിയമങ്ങളും മാത്രം. രണ്ടാമത്തെ മുഖത്തിനുള്ളത് സ്‌നേഹവും മാനവികതയും. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ അധികം നിയമ പണ്ഡിതരും രണ്ടാമത്തെ വഴിയെ സഞ്ചരിക്കുന്നവരാണ്.
കെഎം മാണിയുടെ ശിഷ്യനായിരുന്നു ഐപ്പേട്ടന്‍. ഹൈക്കോടതിയില്‍ അഭിഭാഷകനായിരിക്കെ കെ എം മാണിയാണ് അദ്ദേഹത്തെ സ്റ്റേറ്റ് അറ്റോണിയാക്കിയത്. പിന്നീട് അഡീഷണല്‍ അഡ്വക്കേറ്റ് ജനറലാക്കി. കറകളഞ്ഞ സ്‌നേഹമായിരുന്നു ഐപ്പേട്ടന്റെ മുഖമുദ്ര. കാപട്യം തൊട്ടു തീണ്ടാത്ത സ്വഭാവം. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ തുറന്നു പറയും. അവിടെ മുഖം നോക്കാറില്ല. അത് മന്ത്രിയായാലും മുഖ്യമന്ത്രിയായാലും പറയും.
നിയമത്തിന്റെ മറുകര കണ്ടു എന്ന അവകാശവാദം ഒരിക്കലും ഐപ്പേട്ടന്‍ കാണിച്ചിട്ടില്ല. താന്‍ ഒന്നാംകിട നിയമപണ്ഡിതനാണെന്ന് ഭാവിച്ചിട്ടുമില്ല. എന്നാലും നിയമത്തെ ജനകീയമാക്കുന്നതില്‍ ഐപ്പേട്ടന് ഒരു പങ്കുണ്ടായിരുന്നു. സൗഹൃദത്തിന്റെ തമ്പുരാനായിരുന്നു അദ്ദേഹം. സൗഹൃദ വലയത്തില്‍ ഹൈക്കോടതി ജഡ്ജിമാര്‍ മുതല്‍ തട്ടു കടക്കാരന്‍ വരെയുണ്ടായിരുന്നു. എറണാകുളത്തെന്നല്ല കേരളത്തിനകത്തും പുറത്തും ഐപ്പേട്ടന് ശക്തമായ ബന്ധങ്ങളുണ്ടായിരുന്നു. അത് അദ്ദേഹം മറ്റുള്ളവരുടെ നന്മയ്ക്കു വേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് വരെയുള്ളവരുമായി പിസിഐപ്പിന് അടുത്ത ബന്ധമുണ്ടായിരുന്നു. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ എന്നതിലുപരി സര്‍ക്കാരിന്റെ ലെയ്‌സന്‍ ഓഫീസറായിരുന്നു പിസി ഐപ്പ്. നിയമ ലോകത്തെ പ്രതിസന്ധികള്‍ ഒരു ചിരി കൊണ്ട് എങ്ങനെ തരണം ചെയ്യാമെന്ന് കേരളത്തെ പഠിപ്പിച്ച അഭിഭാഷകനായിരുന്നു ഐപ്പ്. അടുപ്പമുള്ളവരുടെ മനസില്‍ വല്ലാത്തൊരു ശൂന്യത അവസാനിപ്പിച്ചാണ് ഐപ്പേട്ടന്‍ കടന്നു പോകുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















