മരിക്കുന്നതിന് തലേദിവസം വിസ്മയയെ മര്‍ദിച്ചിട്ടില്ല; ശരീരത്തില്‍ കണ്ടെത്തിയ മര്‍ദനത്തിന്റെ പാട് മുന്‍പുണ്ടായത്; സ്വര്‍ണ്ണത്തിന്റെ പേരിൽ വിസ്മയയെ മര്‍ദിച്ചിട്ടുണ്ടെന്ന് കിരണിന്റെ മൊഴി

ശൂരനാട് വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണിന്റെ മൊഴിയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. സ്വര്‍ണ്ണത്തിന്റെ പേരിലും വിസ്മയയെ മര്‍ദിച്ചിട്ടുണ്ടെന്നാണ് കിരണിന്റെ മൊഴി. സ്വര്‍ണത്തിന്റെ അളവ് കുറഞ്ഞു. 125 പവന്‍ സ്വര്‍ണം നല്‍കാമെന്നാണ് ഏറ്റത്. എന്നാല്‍ ഇത് നല്‍കിയില്ലെന്നും ഇതിന്റെ പേരില്‍ മര്‍ദിച്ചെന്നുമാണ് കിരണ്‍ വ്യക്തമാക്കിയത്.
എന്നാല്‍ മരിക്കുന്നതിന് തലേദിവസം വിസ്മയയെ മര്‍ദിച്ചിട്ടില്ല. വിസ്മയയുടെ ശരീരത്തില്‍ കണ്ടെത്തിയ മര്‍ദനത്തിന്റെ പാട് മുന്‍പുണ്ടായതെന്നും കിരണ്‍ മൊഴി നല്‍കി. തിങ്കളാഴ്ച വൈകി വീട്ടില്‍ പോകണമെന്ന് വിസ്മയ ആവശ്യപ്പെട്ടിരുന്നു. ഇതിന് താന്‍ സമ്മതിച്ചില്ല. പുലര്‍ന്ന ശേഷമേ വീട്ടില്‍ പോകാന്‍ പറ്റൂ എന്ന് പറഞ്ഞ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെ ചൊല്ലി പല തവണ തര്‍ക്കിച്ചിരുന്നു. ഇതിന്റെ പേരില്‍ പല തവണ വഴക്കുണ്ടായെന്നും കിരണ്‍ പറഞ്ഞു.
അതേസമയം വിസ്മയയുടെ മരണത്തില്‍ കിരണിന്റെ മാതാപിതാക്കളേയും പ്രതി ചേര്‍ത്തേക്കുമെന്നാണ് വിവരം. വിസ്മമയെ കിരണ്‍ മര്‍ദിച്ചിരുന്നത് മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്. കിരണിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടേത് കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ച് വിസ്മയയുടെ മാതാപിതാക്കളും സഹോദരനും രംഗത്തെത്തി. വിസ്മയയെ ഭര്‍ത്താവ് കിരണിന്റെ മാതാവും മര്‍ദിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. കിരണിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കിരണിനെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുക്കും.
https://www.facebook.com/Malayalivartha

























