എടുത്തുമാറ്റൂ ആ ഫ്‌ളക്‌സുകള്‍... വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുള്ള ഫ്‌ളക്‌സുകള്‍ നോക്കുകുത്തിയാകുന്നു

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം ഇപ്പോള്‍ ആറന്മുള വിമാനത്താവളം പോലെയായി. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇപ്പോള്‍ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയായി. വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിച്ചിരുന്നിട്ടും വിഴിഞ്ഞം കരകാണാക്കടല്‍ ആയിരുന്നു. അതേസമയം നരേന്ദ്ര മോഡി അധികാരത്തില്‍ വന്നശേഷം വിഴിഞ്ഞം പെട്ടെന്ന് യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിയുള്ള നടപടികള്‍ ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേകിച്ചും മോഡിയുടെ ശക്തമായ ഇടപെടലാണ് വിഴിഞ്ഞത്തിനു പിന്നില്‍. ആരും ഏറ്റെടുക്കാനില്ലാത്ത വിഴിഞ്ഞത്തെ ഏറ്റെടുത്തത് മോഡിയുടെ വിശ്വസ്തനായ അദാനിയായിരുന്നു.
അതേസമയം വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുമെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിഴിഞ്ഞത്തിന് അവകാശ വാദവുമായി ഫ്‌ളക്‌സുകള്‍ നിരത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും വിഎസ് ശിവകുമാറിന്റേയും എന്തിന് വിഴിഞ്ഞത്തെ എതിര്‍ക്കുന്ന രാഹുല്‍ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും ഫോട്ടോകളായിരുന്നു അധികവും. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കിയ സര്‍ക്കാരിനും നേതാക്കള്‍ക്കും അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ളതായിരുന്നു ഫ്‌ളക്‌സുകള്‍.
അരുവിക്കര ഇലക്ഷന്‍ സമയത്താണ് ഇത്തരം ഫ്‌ളക്‌സുകള്‍ ഉയര്‍ന്നത്. തിരുവനന്തപുരത്ത് പാളയത്തും മ്യൂസിയം പോലീസ് സ്റ്റേഷന്റെ മുന്‍വശത്തും ഈ ഫ്‌ളക്‌സുകള്‍ ഇപ്പോഴും കാണാം. ഈ ഫ്‌ളക്‌സുകള്‍ ഉയര്‍ന്ന് കുറച്ചു നാള്‍ കഴിഞ്ഞപ്പോഴാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഴിഞ്ഞത്തിനും അദാനിക്കും എതിരെ തിരിഞ്ഞത്. അതേടെ വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കിയ നേതാക്കള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള ഫ്‌ളക്‌സുകള്‍ നോക്കുകുത്തികളായി.
പാളയത്തുള്ള ഫ്‌ളക്‌സ് എസ്എഫ്‌ഐക്കാര്‍ കുത്തിക്കീറി. പാഠപുസ്തകം കിട്ടാത്തതിലുള്ള കലി തീര്‍ത്തത് ഈ ഫ്‌ളക്‌സുകളിലാണ്.
ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയ മുഖ്യ വികസന പദ്ധതിയായിരുന്നു വിഴിഞ്ഞം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പറഞ്ഞാണ് വിഴിഞ്ഞം ഒപ്പിടല്‍ മാറ്റിയത്. എന്നാല്‍ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ജൂലൈ രണ്ടിന് അവസാനിച്ചിട്ടും പദ്ധതി അദാനിക്കു നല്‍കാനുള്ള ഉത്തരവു പോലുമായിട്ടില്ല.
അതേസമയം വിഴിഞ്ഞം നടന്നില്ലെങ്കില്‍ അദാനിയെ കൂട്ടിക്കൊണ്ടു പോകാന്‍ ജയലളിതയും തയ്യാറായി നില്‍ക്കുകയാണ്. അതോടെ വിഴിഞ്ഞം വീരചരമമടയും. അങ്ങനെ വന്നാല്‍ ഉമ്മന്‍ചാണ്ടി വികസന വിരോധിയായി മാറും. സ്മാര്‍ട്ട് സിറ്റിയില്‍ വിഎസ് കേട്ട പേരുദോഷം ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കാവും.
വിഴിഞ്ഞം യാഥാര്‍ത്ഥ്യമാകുമെന്ന് തോന്നിയപ്പോഴേ അതിന്റെ ക്രെഡിറ്റി തട്ടിയെടുക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ വെട്ടിലായിരിക്കുകയാണ്. ഫ്‌ളെക്‌സ് എടുത്ത് മാറ്റണോ വേണ്ടയോ എന്നറിയാന്‍ പറ്റാത്ത അവസ്ഥ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha




















