അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറിയുടെത്; കാര്‍ കാണാതായി എന്ന് പരാതിയുമായി ഡി.വൈ.എഫ്.ഐ നേതാവ്; ഇത്തരത്തില്‍ ഒരു കാറുള്ള വിവരം ഇയാളുടെ അടുത്ത സുഹൃത്തുക്കള്‍ക്കുപോലും അറിയില്ല; മുഖം രക്ഷിക്കാന്‍ സി.പി.എം ശ്രമം തുടരുന്നു

രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി. സജേഷിന്റെ ഉടമസ്ഥതയിലുള്ളത്. ചാത്തോത്ത് ഹൗസ്, കൊയ്യോട് എന്നുള്ളതാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിലാസം. സജേഷ് സജീവ സി പി എം പ്രവര്‍ത്തകന്‍ കൂടിയാണ്. എന്നാല്‍ സജേഷിന് ഇത്തരത്തില്‍ ഒരു കാറുള്ള വിവരം അടുത്ത സുഹൃത്തുക്കള്‍ക്കുപോലും അറിയില്ലെന്നും വാങ്ങിയ അന്നുമുതല്‍ കാര്‍ ഉപയോഗിച്ചിരുന്നത് അര്‍ജുന്‍ ആയങ്കിയാണ്.
അഴീക്കോട് നിന്ന് കാര്‍ കാണാതായപ്പോഴാണ് സജേഷ് പരാതിയുമായി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിലെത്തിയത്. ഇതേ കാറാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കണ്ടതെന്നും അര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്നും വ്യക്തമായതിന് ശേഷമാണ് സജേഷ് പരാതി കൊടുത്തിട്ടുളളതെന്നും വ്യക്തമായിട്ടുണ്ട്. മുന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ് അര്‍ജുന്‍ ആയങ്കി. എന്നാല്‍ ഇയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നാണ് സി പി എം പറയുന്നത്. ഇത് അര്‍ജനും ആവര്‍ത്തിക്കുന്നുണ്ട്.
അതേസമയം കരിപ്പൂര്‍ സ്വര്‍ണക്കടത്തും രാമനാട്ടുകര അപകട മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ അര്‍ജുന്‍ ആയങ്കി കേസില്‍ മുഖ്യ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ കസ്റ്റംസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പിടിയിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴിയിലാണ് അര്‍ജുനാണ് മുഖ്യസൂത്രധാരനെന്ന് വ്യക്തമാക്കിയത്. തനിക്ക് ഇതിന്റെ പ്രതിഫലമായി നാല്‍പതിനായിരം രൂപയും വിമാന ടിക്കറ്റും ലഭിച്ചെന്നും എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു ബോക്‌സിലാക്കി സലീം എന്നയാളാണ് സ്വര്‍ണം കൈമാറിയതെന്നും ഷെഫീഖിന്റെ മൊഴിയിലുണ്ട്.
വിമാനത്തില്‍ നിന്ന് പോരുന്നതിന് മുന്നെ അര്‍ജുന്‍ ആയങ്കി വിളിച്ചിരുന്നു. ഇട്ടിരിക്കുന്ന ഷര്‍ട്ട് മാറ്റണമെന്നും വേറൊരു നിറത്തിലുള്ള ഷര്‍ട്ട് ഇടണമെന്ന് ആവശ്യപ്പെട്ടതായും ഷെഫീഖിന്റെ മൊഴിയിലുണ്ട്.
സ്വര്‍ണക്കടത്ത് റാക്കറ്റുകള്‍ക്കിടയില്‍ കുടിപ്പകയുണ്ടെന്നും സ്വര്‍ണം കടത്തുന്നത് ചോര്‍ത്തുമെന്ന് മനസ്സിലായത് കൊണ്ടാവാം ഷര്‍ട്ട് മാറ്റണമെന്നാവശ്യപ്പെട്ടത് എന്നാണ് കസ്റ്റംസ് കരുതുന്നത്. എയര്‍പോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ സ്വര്‍ണം ഷെഫീഖില്‍ നിന്ന് വാങ്ങാനായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ പദ്ധതി. എന്നാല്‍ ഇതിന് മുന്നെ ഷെഫീഖ് പിടിയിലാവുകയായിരുന്നു. ഇത് അവരുടെ പദ്ധതി പൊളിയാന്‍ കാരണമായി.
https://www.facebook.com/Malayalivartha























