എല്ലാം ഓക്കെയായി... വ്യക്തിപൂജാ വിവാദം മറ്റൊരു തലത്തിലെത്തി അവസാനിപ്പിച്ചതിന് പിന്നാലെ ഭാവം മാറ്റി സൈബര്‍ സംഘം; പിജെ ആര്‍മി ഇനിയില്ല, റെഡ് ആര്‍മി മാത്രം; പിജെ ആര്‍മിയെ സ്‌നേഹിക്കുന്നവര്‍ നിലനില്‍പിനായി തന്ത്രം മാറ്റി; പി ജയരാജനും ഹാപ്പി

സി.പി.എം നേതാവ് പി. ജയരാജനായി രൂപീകരിക്കുകയും ശക്തമായി നിലകൊള്ളുകയും ചെയ്ത സോഷ്യല്‍ മീഡിയ ഗ്രൂപ്പാണ് പിജെ ആര്‍മി. പി ജയരാജനെ പുകഴ്ത്തിക്കൊണ്ടുള്ള പാട്ടു മുതല്‍ പലപ്പോഴായി ഈ പിജെ ആര്‍മിക്കാര്‍ പുലിവാല്‍ പിടിച്ചു. അവസാനം പി ജയരാജന്‍ തന്നെ മാറിയതോടെ പിജെ ആര്‍മിയും മാറുകയാണ്.
പി. ജയരാജന്‍ സ്വന്തം വ്യക്തിപ്രഭാവം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിനു പിന്നാലെ പേരുമാറ്റി പിജെ ആര്‍മി. ജയരാജന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയിരുന്ന ഇടത് അനുകൂല പേജായ പിജെ ആര്‍മി റെഡ് ആര്‍മി എന്നാണ് പേര് മാറ്റിയിരിക്കുന്നത്.
വ്യക്തിപൂജാ വിവാദം ആരംഭിച്ചതുമുതല്‍ സൈബര്‍ ഇടങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേജാണ് പി.ജെ. ആര്‍മി. ജയരാജനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.പി.എം. ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മിഷന്‍ വ്യക്തി പ്രഭാവം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ച കാര്യത്തില്‍ ജയരാജന് പങ്കില്ലെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
എന്‍. ചന്ദ്രന്‍, എ.എന്‍. ഷംസീര്‍, ടി.ഐ. മധുസൂദനന്‍ എന്നിവരടങ്ങിയ കമ്മിഷനാണ് ആരോപണങ്ങള്‍ അന്വേഷിച്ചത്. ജയരാജനെ വ്യക്തിപരമായി പുകഴ്ത്തുന്ന പാട്ടുകളും ജില്ലയുടെ വിവിധ ഭാഗത്തായി ഉയര്‍ന്ന ഫ്‌ളക്‌സ് ബോര്‍ഡുകളും പി.ജെ. ആര്‍മി എന്ന ഫേസ്ബുക്ക് പേജുമൊക്കെയാണ് വിമര്‍ശനവിധേയമായത്.
ഒരു വേള പി.ജെ.ആര്‍മിയെ ജയരാജന്‍ തന്നെ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. തന്റെ അഭ്യുദയകാംക്ഷികളെന്ന പേരില്‍ പാര്‍ട്ടി തീരുമാനങ്ങളെ എതിര്‍ക്കുന്നവര്‍ പാര്‍ട്ടിയുടെയും തന്റെയും ശത്രുക്കളാണ്. തന്റെ പേര് പറഞ്ഞ് പാര്‍ട്ടിയെ വിമര്‍ശിക്കുകയും തന്നെ വേര്‍തിരിച്ച് കാണിക്കുകയും ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിറക്കിയിരുന്നു. തുടര്‍ന്നാണ് അവസാനം പേരുമാറ്റം.
അതേസമയം സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസിന്റെ മറപിടിച്ച് പാര്‍ട്ടിക്കെതിരെ മാദ്ധ്യമങ്ങള്‍ സംഘടിതമായ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് പി. ജയരാജന്‍ ആരോപിച്ചു. കേസിന്റെ ഭാഗമായി ഭാഗമായി പുറത്ത് വന്നിട്ടുള്ള പേരുകാര്‍ മൂന്നോ നാലോ വര്‍ഷം മുന്‍പ് എടുത്ത ഫോട്ടോകള്‍ അവതരിപ്പിച്ചുകൊണ്ടാണ് പാര്‍ട്ടിവിരുദ്ധ പ്രചാരവേല നടത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടയാള്‍, അയാള്‍ വഴി തെറ്റി എന്ന് പറയുന്നതിന് പകരം അവരുടെ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്ന പ്രാകൃത രീതിയാണ് വലതുപക്ഷ രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും തുടരുന്നത്. ഇപ്പോള്‍ കുറ്റാരോപിതരായവരെ പേരെടുത്ത് പറഞ്ഞുകൊണ്ട് തന്നെ തള്ളിപ്പറയാനും കര്‍ശന നടപടിക്ക് വിധേയമാക്കാനും അധികാരികളോട് ആവശ്യപ്പെട്ട പാര്‍ട്ടിയാണ് സി.പി.എം. എം. അപ്പൊഴാണ് മൂന്നു നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടൊകളും സോഷ്യല്‍ മീഡിയയില്‍ നേരത്തേ ഇട്ട പോസ്റ്റുകളും എടുത്ത് പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി പാര്‍ട്ടി മെമ്പര്‍മാരോ അനുഭാവികളോ തെറ്റായ കാര്യത്തില്‍ ഏര്‍പ്പെട്ടാല്‍ അതിനെ തള്ളിപ്പറയാന്‍ പാര്‍ട്ടി തയ്യാറായിട്ടുണ്ട്.
ഇപ്പോഴത്തെ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അഴീക്കോട്ടെ യുവാവിനെ 4 വര്‍ഷം മുന്‍പ് ഡി വൈ എഫ് ഐ യില്‍ നിന്ന് ഒഴിവാക്കിയതാണ്. തില്ലങ്കേരി സ്വദേശിയെ ഷുഹൈബ് വധക്കേസിനെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കിയതാണ്.
എളുപ്പത്തില്‍ പണമുണ്ടാക്കാനുള്ള അത്യാര്‍ത്തി മൂലം ചിലര്‍ തെറ്റായ മാര്‍ഗത്തില്‍ സഞ്ചരിക്കുന്നുണ്ട്. ഇത്തരക്കാരോടുള്ള കര്‍ശന നിലപാട് പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയതാണെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
"
https://www.facebook.com/Malayalivartha






















