മനസ് നിറഞ്ഞ് ആനി... സ്ത്രീ പീഡന പരമ്പരകള്‍ക്കിടയില്‍ മലയാളികള്‍ സ്ത്രീ കരുത്തിന്റെ പ്രതീകമായി ആഘോഷിച്ച ആനി ശിവയ്ക്ക് എറണാകുളത്തേക്ക് സ്ഥലം മാറ്റം; ആനിയുടെ ആഗ്രഹത്തിന് പച്ചക്കൊടി കാട്ടി സര്‍ക്കാര്‍; ഇനി ആനി ശിവ എറണാകുളത്തിന് സ്വന്തം

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്ത്രീ പീഡന പരമ്പരകളാണ് ചാനലുകളിലും വാര്‍ത്തകളിലുമെല്ലാം. എന്നാല്‍ ഒറ്റ ദിവസം കൊണ്ട് പെണ്‍ കരുത്തിന്റെ പ്രതീകമായി ആനി ശിവ ഉയര്‍ന്നു വന്നു. സകലുടേയും കൈയ്യടിക്ക് പാത്രമായി ആനി ശിവ മാറി. ഇപ്പോഴിതാ ആനി ശിവ വര്‍ക്കല വിട്ടു പോകുന്നു എന്ന വാര്‍ത്തയാണ് വരുന്നത്.
ജീവിതത്തോട് പടപൊരുതി പൊലീസ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റ ആനി ശിവയുടെ ജീവിത കഥ കേരളമാകെ ചര്‍ച്ചചെയ്യുകയാണ്. എന്നാല്‍ വര്‍ക്കല സബ് ഇന്‍സ്‌പെക്ടറായ ആനിക്ക് എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റം ലഭിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കുടുംബം എറണാകുളത്താണെന്നും സ്ഥലമാറ്റം വേണമെന്നും ആനി അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് വര്‍ക്കലയില്‍ നിന്നും എറണാകുളത്തേക്ക് മാറ്റിയത്.
ശിവഗിരി തീര്‍ഥാടന സമയത്ത് നാരാങ്ങവെള്ളവും ഐസ്‌ക്രീമും വിറ്റ് ജീവിച്ചിരുന്ന പെണ്‍കുട്ടി വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സ്ഥലത്ത് ഔദ്യോഗിക വാഹനത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആയ വാര്‍ത്ത ഏറെ ശ്രദ്ധയോടെയാണ് ഏവരും നോക്കിക്കണ്ടത്. കോളജ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് തിരുവനന്തപുരം സ്വദേശിനിയായ ആനി ശിവ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാറിമറിയുന്നത്.
കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ. കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് സുഹൃത്തുമായി ജീവിതം ആരംഭിച്ചു. ഒരു കുഞ്ഞ് ജനിച്ച് ആറ് മാസമായപ്പോള്‍ ഈ കൂട്ട് നഷ്ടമായി.
കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും പ്രശ്‌നങ്ങള്‍ ഉടലെടുത്തു. തുടര്‍ന്ന് അമ്മൂമ്മയുടെ വീട്ടിലെ ചായ്പ്പിലായി താമസം. ഈ കാലത്ത് പല ജോലികളും നോക്കിയിരുന്നു. കറിപൗഡറും സോപ്പും കൊണ്ടു നടന്നു വില്‍ക്കല്‍, ഇന്‍ഷുറന്‍സ് ഏജന്റ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കി കൊടുക്കല്‍, ഉത്സവ വേദികളില്‍ ചെറിയ കച്ചവടം തുടങ്ങി പല ജോലികളും ചെയ്തു.
ഇതിനിടയില്‍ കോളേജും മുടക്കിയിരുന്നില്ല. കഷ്ടപ്പാടുകള്‍ക്കിടയിലും പഠിച്ച് സോഷ്യോളജിയില്‍ ബിരുദം നേടി. പിന്നീടാണ് ഒരു സര്‍ക്കാര്‍ ജോലി വേണം എന്ന സ്വപ്നം മനസില്‍ കടന്ന് കൂടിയത്. അവിടെ നിന്നാണ് ഇന്ന് എസ്.ഐ കുപ്പായത്തില്‍ ആനി ശിവ എത്തിനില്‍ക്കുന്നത്.
സ്വപ്രയത്‌നത്താല്‍ ജീവിതം തിരികെപ്പിടിച്ച് എസ്.ഐ കുപ്പായത്തിലെത്തിയ ആനി ശിവയ്ക്ക് അഭിനന്ദനവുമായി പല പ്രമുഖരും രംഗത്തെത്തി. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും അഭിനന്ദനവുമായി രംഗത്തെത്തി. നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെയെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ശിവാനന്ദന്‍ പങ്കജം ദമ്പതികളുടെ രണ്ട് മക്കളില്‍ ഇളയവളാണ് ആനി ശിവ. കഷ്ടപ്പാടിനിടയിലും പഠനം തുടര്‍ന്ന ആനിയുടെ കഥ എല്ലാവര്‍ക്കും ആവേശമായി. പലരുടെയും ഒപ്പം ചേര്‍ന്ന് ഉത്സവപ്പറമ്പുകളില്‍ തുടങ്ങിയ ചെറിയ കച്ചവടത്തിലൂടെ ലഭിച്ച വരുമാനത്തില്‍ പഠനം തുടര്‍ന്നു. സോഷ്യോളജിയില്‍ ബിരുദവും നേടി. അതിനിടെ 2010ല്‍ ശിവഗിരിയില്‍ നാരങ്ങവെള്ളവും ഐസ്‌ക്രീമും കച്ചവടം ചെയ്തു. കൈപ്പേറിയ ജീവിതയാത്രയില്‍ തമ്പാനൂര്‍ റെയില്‍വേസ്‌റ്റേഷനിലും ആനി കൈക്കുഞ്ഞുമായി അന്തിയുറങ്ങിയിട്ടുണ്ട്.
2014ല്‍ വനിതകളുടെ എസ്.ഐ പരീക്ഷയെഴുതാന്‍ തിരുവനന്തപുരത്തെ പരിശീലനകേന്ദ്രത്തില്‍ ചേര്‍ന്നു. അതിനിടെ വനിതാപൊലീസ് തസ്തികയിലും പരീക്ഷ എഴുതി. 2016ല്‍ കോണ്‍സ്റ്റബിളായി. തുടര്‍ന്ന് മകന്‍ ശിവസൂര്യയ്‌ക്കൊപ്പം ക്വാട്ടേഴ്‌സില്‍ താമസമാക്കി. 2019ല്‍ എസ്.ഐ ടെസ്റ്റ് ജയിച്ചു. പരിശീലനത്തിനുശേഷം എറണാകുളം സെന്‍ട്രലില്‍ പ്രൊബേഷന്‍ എസ്.ഐയായി. ജൂണ്‍ 25നാണ് വര്‍ക്കലയില്‍ നിയമനം ലഭിച്ചത്.
"
https://www.facebook.com/Malayalivartha






















