സംസ്ഥാന പൊലീസിന്റെ 34-ാം മേധാവിയായി ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് ചുമതലയേറ്റു....

സംസ്ഥാന പൊലീസിന്റെ 34-ാം മേധാവിയായി അനില്‍കാന്ത് ചുമതലയേറ്റു. ഡല്‍ഹി സ്വദേശിയാണ്. 1988 ഐ.പി.എസ് ബാച്ചിലെ കേരള കേഡര്‍ ഉദ്യോഗസ്ഥന്‍.
യു.പി.എസ്.സി പാനലില്‍ മൂന്നാമതായിരുന്ന അനില്‍കാന്തിനെ പൊലീസ് മേധാവിയാക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്.
ബി. സന്ധ്യയെയും ഒഴിവാക്കിയാണ് അനില്‍കാന്തിന്റെ നിയമനം. റോഡ് സുരക്ഷാ കമ്മിഷണറായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് പൊലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ലോക്നാഥ് ബെഹ്റയില്‍ നിന്ന് ബാറ്റണ്‍ സ്വീകരിച്ച് ചുമതലയേറ്റു.
എ.ഡി.ജി.പിയായിരുന്ന അനില്‍കാന്തിന് ഡി.ജി.പി റാങ്ക് നല്‍കി. അടുത്ത വര്‍ഷം ജനുവരി വരെയാണ് കാലാവധി. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൊലീസ് മേധാവിക്ക് രണ്ടു വര്‍ഷം വരെ കാലാവധി നല്‍കാമെങ്കിലും, നിയമന ഉത്തരവില്‍ അത് രേഖപ്പെടുത്തിയിട്ടില്ല.
കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കിയില്ലെങ്കില്‍, 2022 ജനുവരിയില്‍ വിരമിക്കേണ്ടിവരും.വയനാട് എ.എസ്.പിയായി സര്‍വീസ് ആരംഭിച്ച അനില്‍കാന്ത് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എസ്.പിയായശേഷം ഐ.ബിയിലേക്ക് പോയി. ഡല്‍ഹിയിലും ഷില്ലോംഗിലും പ്രവര്‍ത്തിച്ചശേഷം പൊലീസില്‍ മടങ്ങിയെത്തി.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എസ്.പിയായും തിരുവനന്തപുരം റേഞ്ച്, സ്പെഷ്യല്‍ ബ്രാഞ്ച് ഡി.ഐ.ജിയായും സ്പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് ഐ.ജിയായും പ്രവര്‍ത്തിച്ചു. അഡിഷണല്‍ എക്സൈസ് കമ്മിഷണറുമായി. എ.ഡി.ജി.പിയായശേഷം പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ സി.എം.ഡി, ക്രൈം റെക്കാഡ്‌സ് ബ്യൂറോ, ഫയര്‍ഫോഴ്‌സ്, ബറ്റാലിയന്‍, പൊലീസ് ആസ്ഥാനം, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു.
ദക്ഷിണമേഖല എ.ഡി.ജി.പിയുമായിരുന്നു. ജയില്‍, വിജിലന്‍സ് മേധാവിയും ഗതാഗത കമ്മിഷണറുമായി.വിശിഷ്ട, സ്തുത്യര്‍ഹ സേവനത്തിന് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ചിട്ടുണ്ട്. അഖിലേന്ത്യാ പൊലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്റേഷനും 2018ല്‍ ബാഡ്ജ് ഒഫ് ഓണറും ലഭിച്ചു.
https://www.facebook.com/Malayalivartha
























