ഐ എസ് ആർ ഓ ചാരക്കേസിൽ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... കേസ് ഡയറിയും ജസ്റ്റിസ് ജയിൻ കമ്മിറ്റി റിപ്പോർട്ടും ഹാജരാക്കാൻ കോടതി ഉത്തരവ്, സിബി മാത്യൂസിന് മുൻകൂർ ജാമ്യം നൽകരുതെന്ന് സിബിഐ, ജാമ്യം നൽകരുതെന്ന് നമ്പി നാരായണനും മറിയം റഷീദയും ഫൗസിയ ഹസനും

രാജ്യത്തെ പിടിച്ചു കുലുക്കി കോളിളക്കം സൃഷ്ടിച്ച ഐ എസ് ആർ ഒ വ്യാജ ചാര വൃത്തിക്കേസിന് പിന്നിലുള്ള ഉദ്യോസ്ഥരുടെ ഗൂഢാലോചനാ കേസിലെ കേസ് ഡയറി ഫയലും ജസ്റ്റിസ് ജയിൻ കമ്മിറ്റി റിപ്പോർട്ടും ജൂലൈ 16 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
ഗൂഢാലോചന കേസിലെ നാലാം പ്രതി സിബി മാത്യുവിൻ്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കവേയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി. കൃഷ്ണകുമാർ ഉത്തരവിട്ടത്. മുൻകൂർ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് സിബിഐ ശക്തമായി വാദിച്ചു.
ജാമ്യം അനുവദിക്കുന്ന പക്ഷം കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ കണ്ടെത്താനാവില്ല. സി ബി മാത്യൂസടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. മുൻകൂർ ജാമ്യം അനുവദിച്ചാൽ സാക്ഷികളെയും തെളിവുകളയും സ്വാധീനിക്കാനിടയാകും.
ലോകരാജ്യങ്ങളിൽ പ്രശസ്തമായ ഇന്ത്യൻ ബഹിരാകാശ മേഖലയിലെ ഇന്ത്യൻ ക്രയോജനിക് സാങ്കേതിക വിദ്യയുടെ വികസനമടക്കം തടസ്സപ്പെടുത്തിയ സാഹചര്യമാണ് നമ്പി നാരായണൻ്റെ അറസ്റ്റും വ്യാജ ചാരക്കേസും വന്നതോടു കൂടി ഉണ്ടായതെന്നും ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ പ്രതികളെ കസ്റ്റഡിയിൽ വച്ച് ചോദ്യം ചെയ്യുന്നതിനായി ലഭിക്കേണ്ടതുണ്ടെന്നും ജാമ്യത്തെ എതിർത്ത് സി ബി ഐ പ്രോസിക്യൂട്ടർ മനോജ് കുമാർ ബോധിപ്പിച്ചു. നമ്പി നാരായണൻ്റെയും ഫൗസിയ ഹസൻ്റെയും മറിയം റഷീദയുടെയും പ്രാഥമിക വാദം പൂർത്തിയായി. സി ബി ഐ യുടെയും സിബി മാത്യുവിൻ്റെയും മറുപടി വാദത്തിനായി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
സിബിഐയുടെ അറസ്റ്റ് ഭയന്നുള്ള നാലാം പ്രതി മുൻ അന്വേഷണ സംഘത്തലവനായ ഡി. ഐ. ജി. സിബി മാത്യുവിൻ്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കവേയാണ് സിബിഐ നിലപാടിയിച്ചത്.
"
https://www.facebook.com/Malayalivartha