ട്വന്റി20 ലോകകപ്പിൽ ഇനി സൂപ്പർ എട്ട് പോരാട്ടം.. ഇന്ന് പാകിസ്താനും ന്യൂസിലൻഡും കൊളംബോയിൽ ഏറ്റുമുട്ടും

ട്വന്റി20 ലോകകപ്പിൽ ഇനി സൂപ്പർ എട്ട് പോരാട്ടം. ആദ്യ കളിയിൽ സൂപ്പർ എട്ട് ഗ്രൂപ്പ് രണ്ടിൽ ഇന്ന് പാകിസ്താനും ന്യൂസിലൻഡും കൊളംബോയിൽ ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നാളെ ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ സൂപ്പർ എട്ടിലെ ആദ്യ മത്സരം നടക്കുക.
ഗ്രൂപ്പ് ഒന്നിൽ ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, സിംബാബ്വെ ടീമുകൾ മാറ്റുരക്കും. ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്താൻ, ശ്രീലങ്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലുള്ളത്. വെസ്റ്റിൻഡീസും സിംബാബ്വയുമാണ് പ്രതീക്ഷകൾ തെറ്റിച്ച് കുതിച്ചത്. ആസ്ട്രേലിയയ്ക്കും അഫ്ഗാനിസ്താനും സൂപ്പർഎട്ടിൽ കടക്കാൻ കഴിഞ്ഞില്ല.
ഇന്ന് പാകിസ്ഥാനെതിരെ ന്യൂസിലാൻഡിന് പോരാട്ടം കടുക്കും. മധ്യനിര കൂടി തിളങ്ങിയില്ലെങ്കിൽ ന്യൂസിലാൻഡ് നന്നേ പാടുപെടും. പാകിസ്ഥാന്റെ സ്പിൻ വൈവിധ്യവും നിർണായക ഘടകമാകും.
ഉസ്മാൻ താരിഖ്, അബ്രാർ അഹമ്മദ്, സെയിം അയൂബ്, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ എന്നിവരാണ് ടീമിലെ സ്പിന്നർമാർ. സ്പിന്നായിരുന്നു പ്രാഥമികഘട്ടത്തിൽ പാകിസ്ഥാന്റെ പ്രധാന ആയുധം.
ഓപണർമാരായ ടിം സീഫെർട്ടും ഫിൻ അലനും ഒഴികെ കിവി ബാറ്റർമാർ ഫോമിലായിട്ടില്ല. ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ തുടങ്ങിയ താരങ്ങൾ ഫോമിലേക്കുയർന്നിട്ടില്ല. ടൂർണമെന്റിൽ ആദ്യമായി കൊളംബോയിൽ കളിക്കുന്നത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നു.
https://www.facebook.com/Malayalivartha
























