കൊടകര കുഴൽപ്പണക്കേസ്; ആറ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി, കുഴൽപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നതിനാലും, കേസ് അട്ടിമറിക്കാൻ സാദ്ധ്യതയുള്ളതിനാലും ഈ അവസരത്തിൽ ജാമ്യമനുവദിക്കരുതെന്ന ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി ബാബുവിന്റെ വാദം സ്വീകരിച്ച് കോടതി
കൊടകര കുഴൽപ്പണകേസിൽ പ്രതികളുടെ ജാമ്യാപേക്ഷകൾ തള്ളി കോടതി.വാഹനാപകടം സൃഷ്ടിച്ച് കുഴൽപ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ കവർന്ന കേസിലാണ് പ്രതികളുടെ ജാമ്യം തള്ളിയത്. വടക്കുംകര വട്ടപ്പറമ്പിൽ അരീഷ്, വെളയനാട് കോക്കാടൻ മാർട്ടിൻ, കൊറ്റനല്ലൂർ പല്ലേപ്പാടം തരൂപ്പീടികയിൽ ലബീബ്, കുറ്റിച്ചാൽ പറമ്പിൽ അഭിജിത് എന്ന അബി, കോണത്ത്കുന്ന് തോപ്പിൽ ബാബു എന്ന വട്ടൂർ ബാബു, ഹാഷ്മിൻ നഗർ വേലംപറമ്പിൽ അബ്ദുൾ ഷാഹിർ, വെള്ളക്കാട് തരൂപീടികയിൽ ഷുക്കൂർ, വെള്ളാങ്കല്ലൂർ തേക്കാനത്ത് എഡ്വിൻ, കർണാടക സോമാർപേട്ട മുഹമ്മദ് ഷാഫി, കണ്ണൂർ പയ്യന്നൂർ കാരാമൽ അബ്ദുൾ സലാം എന്നിവരുടെ ജാമ്യാപേക്ഷകളാണ് തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി ഡി. അജിത്കുമാർ തള്ളിയത്.
കുഴൽപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നതിനാലും, കേസ് അട്ടിമറിക്കാൻ സാദ്ധ്യതയുള്ളതിനാലും ഈ അവസരത്തിൽ ജാമ്യമനുവദിക്കരുതെന്ന ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി ബാബുവിന്റെ വാദം സ്വീകരിച്ചുകൊണ്ടാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
അതേ സമയം കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട കുഴൽപ്പണം ബി.ജെ.പി. നേതാക്കൾ കൊണ്ടുവന്നതാണെന്നും ഇതിൽ തങ്ങൾക്ക് പങ്കില്ലെന്നും പിടിയിലായ പ്രതികൾ കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്.
ബി.ജെ.പിക്കാർ വാടകസംഘത്തെ ഉപയോഗിച്ച് പണം തട്ടിയെടുക്കുകയായിരുന്നുവെന്നുമാണ് പത്ത് പ്രതികൾ തൃശൂർ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരിക്കുന്നത്. നിരപരാധികളാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പത്ത് പ്രതികളുടേയും ആവശ്യം എന്നത്.
അതേസമയം അന്വേഷണ സംഘത്തിനെതിരെ വ്യാജപ്രചാരണം നടത്തിയെന്ന് കണ്ടെത്തിയതിനാൽ സ്‌പെഷൽ ബ്രാഞ്ച് എ.എസ്.ഐ.യെ സ്ഥലം മാറ്റുകയുണ്ടായി. പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ട് ഉദ്യോഗസ്ഥർ ബി.ജെ.പി.ക്കാർക്ക് വിവരം ചോർത്തിയെന്ന് റിപ്പോർട്ടുകൾ ലഭ്യമായിരുന്നു. ഇതേതുടർന്ന് അന്വേഷണം നടത്തി സ്‌പെഷൽ ബ്രാഞ്ച് എ.എസ്.ഐ പി.വി. സുഭാഷിനെ മണ്ണുത്തി സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റി. സിറ്റി പൊലീസ് കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിച്ച തൃശൂർ റേഞ്ച് ഡി.ഐ.ജിയാണ് സ്ഥലം മാറ്റാൻ നിർദേശിച്ചത്.
https://www.facebook.com/Malayalivartha