കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന രണ്ടുപ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.... നാലു പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതത്തില്‍

കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ കഴിയുകയായിരുന്ന രണ്ടുപ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.... നാലു പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതത്തില്‍.
നരുവാമൂട് ആയക്കോട് മേലെ പുത്തന്‍വീട്ടില്‍ കാക്ക അനീഷ് എന്ന അനീഷ് (28) ആണ് മരിച്ചത്. സംഭവത്തിനുശേഷം കാഞ്ഞിരംപാറ മലമുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന രണ്ടുപ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് നാടന്‍ ബോംബുകളും കണ്ടെടുത്തു.
നാലുപേര്‍കൂടി കൊലപാതക സംഘത്തിലുണ്ടായിരുന്നുവെന്നും അവരെക്കൂടി പിടികിട്ടാനുണ്ടെന്നും പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നരുവാമൂട് മുളക്കല്‍ പാലത്തിന് സമീപം കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്ന അമല്‍ ഹോളോബ്രിക്‌സ് ആന്‍ഡ് ടൈല്‍സ് കമ്പനിക്കുള്ളിലാണ് ആണ് കൊല നടന്നത്. അനീഷ് ഓടി രക്ഷപ്പെടാതിരിക്കാനായി കാലുകളിലാണ് പ്രതികള്‍ ആദ്യം വെട്ടിയത്.
അനീഷിന്റെ ശരീരത്തില്‍ വെട്ടേറ്റതിന്റെ നിരവധി പാടുകളുണ്ടെന്ന് പൊലീസ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാരായമുട്ടം ജോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന അനീഷ് കാപ്പ നിയമ പ്രകാരം ജയിലായിരുന്നു. 20 ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തിറങ്ങിയത്. നരുവാമൂട്, നേമം, മലയിന്‍കീഴ്, മാരായമുട്ടം, നെയ്യാറ്റിന്‍കര സ്‌റ്റേഷനുകളിലായി 26 കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്.
ശനിയാഴ്ച വൈകിട്ട് 6വരെ അനീഷ് വീട്ടിലുണ്ടായിരുന്നതായി പിതാവ് മോഹനന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ഏഴരയോടെ ഇയാള്‍ കുളങ്ങര കോണത്ത് ഒരു വീട്ടില്‍ അതിക്രമിച്ച് കടന്ന് വീട്ടമ്മയെ മര്‍ദ്ദിച്ച് മാല കവര്‍ന്നതായി നരുവാമൂട് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്.
ശനിയാഴ്ച രാത്രി 9.30ന് ഹോളോ ബ്രിക്‌സ് കമ്പനിയില്‍ നിന്ന് നിലവിളി കേട്ടതായി നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദേശത്ത് എത്തിയ മറ്റുചില ഗുണ്ടാ സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ആളില്ലാത്ത വീടുകളും പൂട്ടി കിടക്കുന്ന കമ്പനികളും അനീഷ് പലപ്പോഴും താവളമാക്കാറുണ്ടെന്ന് പൊലീസ് പറയുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിഷ്ണുജയയാണ് അനീഷിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്. റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ 200 ഓളം പൊലീസുകാര്‍ പിടികിട്ടാനുള്ള പ്രതികള്‍ക്കായി ഇന്നലെ രാത്രി തെരച്ചില്‍ നടത്തി.
"
https://www.facebook.com/Malayalivartha