ഇനി ഗിന്നസ് ബുക്കിലേക്ക്... ഗിന്നസ് ബുക്കിലേക്ക് നടന്നു കയറി കോട്ടൂരിലെ സോമന്‍ എന്ന കൊമ്പന്‍; ഇടഞ്ഞ ആനയെ നിമിഷങ്ങള്‍ക്കുള്ളില്‍ അനുസരിപ്പിക്കാന്‍ അസാമാന്യവഴക്കം; 82 വയസായിട്ടും ഇപ്പോഴും 28ന്റെ കാരിരുമ്പ്

പലതരം ആനകഥകള്‍ കേട്ടിട്ടുണ്ട്. മിക്കവാറും മദമിളകിയ ആനകളും പാപ്പാന്‍മാരെക്കണ്ട് അനുസരിക്കുന്ന ആനകളുമാണ് വാര്‍ത്തകള്‍ നിറയെ എന്നാലിപ്പോള്‍ ഒരു ആനയാശാനാണ് കഥാപാത്രം. സോമനാശാന്‍.
ഗിന്നസ് റെക്കോഡിലേക്ക് നടന്നുകയറാന്‍ കോട്ടൂരിലെ സോമന്‍ എന്ന കൊമ്പന് പരിമിതമായ കടമ്പകളേയുള്ളൂ. കൊലകൊമ്പന്‍മാരെപ്പോലും ചട്ടംപഠിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച സോമന്‍ ഇന്ത്യയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായംകൂടിയ താപ്പാനയാണ്. ഇത് പരിഗണിച്ചാണ് ഗിന്നസ് റെക്കോഡില്‍ കയറാനുള്ള പരിശോധനകള്‍ നടക്കുന്നത്. പരിശോധനകളില്‍ അനുകൂലതീരുമാനമുണ്ടായാല്‍ 82കാരന്‍ സോമനാവും ആനകളെ പരിശീലിപ്പിക്കുന്ന ആശാനുള്ള ലോകഗജരാജ പട്ടത്തിനുടമ.
ഇടഞ്ഞ ആനയെ നിമിഷങ്ങള്‍ക്കുള്ളില്‍ അനുസരിപ്പിക്കാന്‍ അസാമാന്യ വഴക്കവും കരുത്തുമാണ് സോമന്. സോമന്റെ ആദ്യകാലം കോന്നി ആനക്കൊട്ടിലിലായിരുന്നു. പാപ്പാന്‍മാരെ ബഹുമാനിച്ചിരുന്ന സോമന് ഒരിക്കല്‍പോലും വനപാലകരുടെ ചുവപ്പുകാര്‍ഡ് കാണേണ്ടിവന്നിട്ടില്ല. അസാധാരണമായ വളര്‍ച്ചയുണ്ടായപ്പോള്‍ കൊമ്പുകള്‍ രണ്ടുവട്ടം മുറിച്ചുമാറ്റി. എങ്കിലും ശേഷിക്കുന്ന കൊമ്പിനുതന്നെയുണ്ട് മൂന്നരമീറ്റര്‍ നീളം.
65ാം വയസ്സില്‍ സര്‍വീസില്‍നിന്ന് വിരമിക്കല്‍ സര്‍ട്ടിഫിക്കറ്റും വാങ്ങിയാണ് സോമന്‍ വിശ്രമജീവിതത്തിനായി കോന്നിയില്‍നിന്ന് കോട്ടൂരിലെ ആന വളര്‍ത്തല്‍കേന്ദ്രത്തിലെത്തിയത്. ആനകളുടെ ഇഷ്ടതാവളമാണ് നെയ്യാറിന്റെ തീരത്തെ കോട്ടൂര്‍. ഒരുവയസ്സുള്ള രാജുമുതല്‍ മുത്തച്ഛനായ സോമന്‍വരെയുള്ള കരിവീരന്‍മാരുണ്ടിവിടെ. ഇവരെ പോറ്റാന്‍ വനംവകുപ്പിലെ 12 ജീവനക്കാരും പരിപാലിക്കാന്‍ 34 പേര്‍ വേറെയും.
അതേസമയം ലോകത്തിലെ ഏറ്റവും പ്രായമുള്ള ആനയെന്ന ഗിന്നസ് റെക്കോഡ് സ്വന്തമാക്കാന്‍ ഒരുങ്ങുകയാണ് സോമന്‍. അടുത്തിടെ ചരിഞ്ഞ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ചെങ്കള്ളൂര്‍ ക്ഷേത്രത്തിലെ ദാക്ഷായണിയാണ് ഏറ്റവും പ്രായമുള്ള ആനയായി കണക്കാക്കിയിരുന്നത്. ചരിയുമ്പോള്‍, 82 വയസായിരുന്നു ദാക്ഷായണിക്ക്. സോമന് ഇപ്പോള്‍ 82 വയസുണ്ട്.
ലോകത്തില്‍ ഇത്രയും പ്രായമുള്ള ആന ജീവിച്ചിരിപ്പില്ല എന്നാണ് വനംവകുപ്പ് പറയുന്നത്. പണച്ചെലവു കാരണം ദാക്ഷായണിക്കായി ഗിന്നസ് അവകാശം ഉന്നയിക്കാന്‍ ദേവസ്വം ബോര്‍ഡ് തയാറായിരുന്നില്ല. ദാക്ഷായണി ചരിഞ്ഞതിനെത്തുടര്‍ന്നാണ് സോമനെ ഗിന്നസ് ബുക്കില്‍ ഉള്‍പ്പെടുത്തുന്നതിനായി ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സി തീരുമാനിച്ചത്.
ഇതിനായി എഴുപത്തി അയ്യായിരം രൂപ ചെലവ് വരും. ഗിന്നസില്‍ ഇടം പിടിക്കുന്നതോടെ ഗസറ്റ് വിജ്ഞാപനത്തിലൂടെ സോമന്റെ പേര് സോമനാഥന്‍ എന്നാക്കി മാറ്റാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. തുടര്‍ന്ന് ആനയുടെ പരിപാലനത്തിന് പ്രത്യേക ഫണ്ടും രൂപവത്കരിക്കും. അങ്ങനെ സോമന്‍ ഗിന്നസ് സോമനാഥനായി മാറും.
നിലവില്‍ ഏഷ്യന്‍, ആഫ്രിക്കന്‍ ആനകളില്‍ ഏറ്റവും പ്രായമുള്ളത് സോമനാണ്. വലതുകണ്ണിനു നേരിയ കാഴ്ചക്കുറവുണ്ട് സോമന്. 3028 രൂപയാണ് ഒരു ദിവസം സോമന് പരിപാലന ചിലവായി വേണ്ടത്. ചെലവ് ഭീമമായതിനാല്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും കെയര്‍ ഫണ്ട് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
വിദേശ വിനിമയ ചട്ടം അനുസരിച്ചാണ് കെയര്‍ഫണ്ട് രൂപവത്കരിക്കുന്നത്. അങ്ങനെയാകുമ്പോള്‍ വിദേശത്തു നിന്നുള്ള ധനസഹായവും സ്വീകരിക്കാമെന്നതാണ് വനം വകുപ്പിന്റെ കണക്കുകൂട്ടല്‍. എല്ലാം ശുഭമായാല്‍ ലോകത്തെ ഏറ്റവും പ്രായമുള്ള ഗജകേസരിയായി കോട്ടൂരിലെ ഈ കൊമ്പന്‍ ചരിത്രത്തില്‍ ഇടംനേടും.
https://www.facebook.com/Malayalivartha


























