വാകത്താനം സ്വദേശിനിയായ വീട്ടമ്മയുടെ നമ്പർ ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിച്ചവർ കുടുങ്ങും; വിളിച്ച ഞരമ്പന്മാർക്കെല്ലാം കാത്തിരിക്കുന്നത് കടുത്ത ശിക്ഷ:- വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ടതോടെ കേസെടുത്ത് ചങ്ങനാശ്ശേരി പോലീസ്: ഇത്തരം ഹീനമായ ആക്രമണം സ്ത്രീകള്‍ക്കെതിരെ നടത്തുന്നവര്‍ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാല്‍ അവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റുമെന്ന് മുഖ്യമന്ത്രി

വാകത്താനം സ്വദേശിനിയായ വീട്ടമ്മയുടെ നമ്പർ ലൈംഗിക തൊഴിലാളിയുടേതെന്ന പേരിൽ പ്രചരിപ്പിച്ചവർ കുടുങ്ങും. കുടുബം നോക്കാന്‍ തയ്യല്‍ ജോലി ചെയ്യുന്ന വീട്ടമ്മയുടെ നമ്പറാണ് ചില സാമൂഹികവിരുദ്ധര്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിച്ചത്. ഇത് ശൗചാലയങ്ങളിലും മറ്റും എഴുതിവെയ്ക്കുകയും ചെയ്തു. പൊലീസില്‍ പലവട്ടം പരാതി നല്‍കിയെങ്കിലും ചെറിയ നടപടിപോലുമില്ലാതെ വന്നതോടെ എന്തു ചെയ്യുമെന്ന ആശങ്കയില്‍ ആയിരുന്ന ഇവര്‍ സാമൂഹ്യമാധ്യമത്തിലൂടെ തനിക്ക് നേരിട്ട അപമാനവും, ദുരനുഭവവും വെളിപ്പെടുത്തി വീഡിയോ ഇടുകയായിരുന്നു.
ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിന് പിന്നാലെ ചങ്ങനാശേരി പൊലീസ് ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്തു. ഇത് സംബന്ധിച്ച് വീട്ടമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തുകയും, വിളിച്ച ഫോൺ നമ്പറുകൾ ശേഖരിക്കുകയും ചെയ്യും.
സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരിക്കും അന്വേഷണം. ഒരു ദിവസം അമ്പതിലധികം കോളുകള്‍ ഫോണില്‍ വരുന്നതായി വീട്ടമ്മ പറഞ്ഞിരുന്നു. ഒരു നമ്പറിൽ നിന്നു തന്നെ. മുപ്പതിലധികം കോളുകളും വന്നിട്ടുണ്ട്. ഇവരുടെ എല്ലാം വിവരങ്ങള്‍ ശേഖരിച്ച്, കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. മുഖ്യമന്ത്രി ഫേസ്‌ബുക്കില്‍ അറിയിച്ചത് ഇങ്ങനെ:
ചില സാമൂഹ്യവിരുദ്ധര്‍ ഫോണ്‍ നമ്ബര്‍ മോശം രീതിയില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിന്‍ മേല്‍ എത്രയും പെട്ടെന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകള്‍ സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കുമായാണ് ഉപയോഗിക്കേണ്ടത്. അതുപയോഗിച്ച് മറ്റുള്ളവരെ ഉപദ്രവിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന കുറ്റകരമായ പ്രവണത വെച്ചു പൊറുപ്പിക്കാന്‍ ആകില്ല.
മനുഷ്യരുടെ സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തടയാന്‍ കൂടുതല്‍ കര്‍ശനമായ ഇടപെടലുകള്‍ ഉണ്ടാകും. സ്ത്രീകള്‍ക്കെതിരെ ഇത്തരം ഹീനമായ ആക്രമണം നടത്തുന്നവര്‍ കടുത്ത സമൂഹ വിരുദ്ധരാണെന്നതിനാല്‍ അവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുക എന്ന ഉത്തരവാദിത്തം പൊലീസ് നിറവേറ്റുമെന്ന് മുഖ്യമന്ത്രി ഫേസ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഇത്തിത്താനം കുരിട്ടിമലയിലാണ് വീട്ടമ്മ തയ്യൽസ്ഥാപനം നടത്തുന്നത്. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് നാലുമക്കളുമായി തെങ്ങണയ്ക്കടുത്ത് വാടകയ്ക്ക് താമസിക്കുകയാണ് ജെസിമോൾ. ഓരോ നിമിഷവും ശല്യപ്പെടുത്തി വരുന്ന വിളികളാണ് ഇവരെ വലയ്ക്കുന്നത്. ഒരു ദിവസം 50 കോളുകൾവരെയാണ് ഫോണിൽ വരുന്നത്. മക്കളാണ് ഫോണെടുക്കുന്നതെങ്കിൽ അവരോടും ഇതേ രീതിയിലാണ് സംസാരം. പോലീസിന്റെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിക്കുമെന്ന പ്രതീക്ഷ നശിച്ചതോടെ സഹികെട്ട് വീട്ടമ്മ സാമൂഹിക മാധ്യമത്തിൽകൂടി സാമൂഹികവിരുദ്ധരുടെ അതിക്രമത്തെക്കുറിച്ച് തുറന്നുപറയുകയായിരുന്നു.
ഇതോടെയാണ് ഞെട്ടിക്കുന്ന ഇൗ സംഭവം പുറംലോകം അറിഞ്ഞത്. ഒറ്റ കാര്യം മാത്രമാണ് എല്ലാവരോടും പറയാനുള്ളത്. ‘എന്നെ ജീവിക്കാനനുവദിക്കൂ. ഞാൻ മോശക്കാരിയായ സ്ത്രീയല്ല. എന്നെ അങ്ങനെയാക്കാൻ ഞാൻ അനുവദിക്കില്ല. എന്റെ മക്കളെ ഞാൻ കഷ്ടപ്പെട്ടാണ് പഠിപ്പിക്കുന്നത്. അതിനും സമ്മതിക്കില്ലെന്നുവച്ചാൽ പിന്നെ ഞാനെന്ത് ചെയ്യും.’ എന്നായിരുന്നു ജെസിമോൾ വികാരാധീനയായി പറഞ്ഞത്. ലൈംഗികത്തൊഴിലാളിയുടേതെന്ന പേരിൽ നമ്പർ പ്രചരിച്ചതോടെ അയൽവാസികളെയെയും നാട്ടുകാരെയും അഭിമുഖീകരിക്കാൻ പോലും ഈ വീട്ടമ്മ ഭയക്കുന്നു.
https://www.facebook.com/Malayalivartha


























