മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് ദുബായിൽ നിന്ന് ചൈതന്യ നാട്ടിലെത്തിയത് മൂന്ന് മാസം മുമ്പ്; വീട്ടിൽ പോകുന്നുവെന്ന് ഹോസ്റ്റൽ ബുക്കിലെഴുതി അഞ്ച് ബൈക്കുകളിലായി പത്തംഗ സംഘം തെന്മലയിലേക്ക് തിരിച്ച വിനോദയാത്ര ദുരന്ത യാത്ര ആയപ്പോൾ... എൻജിനിയറിങ് വിദ്യാർത്ഥികളുടെ ജീവനെടുത്തത് എതിരെ വന്ന കാറിന്റെ അമിത വേഗതയും, അശ്രദ്ധയും:- പ്രതി പിടിയിൽ.. കാറിൽ മദ്യക്കുപ്പികൾ

ചെങ്കോട്ടപാത ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാഞ്ഞങ്ങാട് സ്വദേശിനി ഉള്‍പ്പെടെ രണ്ട് എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തിൽ അപകടത്തിന് കാരണമായ കാർ ഓടിച്ചിരുന്നവർ മദ്യപിച്ചിരുന്നുവെന്ന് പൊലീസ്. തവലൂർ മഞ്ഞക്കാല സ്വദേശികളായ ലാൽ, റായി എന്നിവരാണ് അപകടമുണ്ടാക്കിയ കാറിൽ ഉണ്ടായിരുന്നത്.
ദുബായിൽ എൻജിനിയറായ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ അജയകുമാറിന്റെയും പരേതയായ ഷീബയുടേയും മകൾ ചൈതന്യ (20), സഹപാഠി കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനിലെ ബി എൻ ഗോവിന്ദ് (20) എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവനന്തപുരം സിഇടി എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികളാണ്.
പരീക്ഷ കഴിഞ്ഞ് അഞ്ച് ബൈക്കുകളിലായി പത്തംഗ സംഘം തെന്മലയിലേക്ക് വിനോദ യാത്ര പുറപ്പെട്ടതായിരുന്നു. തിരിച്ചുവരുന്നതിനിടെയാണ് കാറും ഇരുവരും സഞ്ചരിച്ച ബുള്ളറ്റും കാറും കൂട്ടിയിടിച്ചത്. രാത്രിയായിരുന്നു അപകടം. ദുബായിലുണ്ടായിരുന്ന ചൈതന്യ പരീക്ഷയെ തുടർന്നാണ് നാട്ടിലെത്തിയത്. പലതവണ മാറ്റിവച്ച മൂന്നാം സെമസ്റ്റർ പരീക്ഷ അവസാനിച്ചതിന്റെ പിറ്റേന്ന് വീട്ടിലേക്ക് പോകുന്നു എന്ന് ഹോസ്റ്റലിൽ എഴുതി വച്ചാണ് വിദ്യാർത്ഥികൾ തെന്മലയിലേക്ക് പോയത്.
കോവിഡ് സമയത്ത് അടച്ചിരുന്നുവെങ്കിലും പരീക്ഷയുള്ള കുട്ടികൾക്ക് പരീക്ഷ തീരുന്നതുവരെ കോളേജ് ഹോസ്റ്റൽ തുറന്നു നൽകിയിരുന്നു. പിതാവിനൊപ്പം ദുബായിലായിരുന്ന ചൈതന്യ മൂന്നു മാസം മുമ്പാണ് പരീക്ഷയ്ക്കായി നാട്ടിലെത്തിയത്. തിരികെ ദുബായിൽ പോകാനായിരുന്നു തീരുമാനം. ഇതിനിടെയാണ് അപകടമുണ്ടായത്.
വ്യാഴാഴ്ച രാത്രി 10.30ഓടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് ചേത്തടിയിലായിരുന്നു അപകടം. കോളജിലെ വിദ്യാർത്ഥിസംഘം അഞ്ച് ബൈക്കുകളിലായി വ്യാഴാഴ്ച രാവിലെയാണ് തെന്മലയിലും സമീപ പ്രദേശത്തും ഉല്ലാസ യാത്രക്കെത്തിയത്. മടക്കയാത്രക്കിടെ കുന്നിക്കോട് ചേത്തടിക്കും ചെങ്ങമനാടിനും ഇടയിലെത്തിയപ്പോൾ ബുള്ളറ്റിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഗോവിന്ദിനെയും ചൈതന്യയെയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോവിന്ദ് മരിച്ചു.
ഗുരുതരാവസ്ഥയിലായ ചൈതന്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. കാറിലുണ്ടായിരുന്ന പത്തനാപുരം പനമ്പറ്റ സ്വദേശികൾക്ക് പരിക്കേറ്റു. ഇവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. പരിശോധനയിലാണ് മദ്യപിച്ചിരുന്നവരാണ് കാറിൽ ഉണ്ടായിരുന്നതെന്ന് വ്യക്തമായത്.
അമിത വേഗത്തിലെത്തിയ കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചശേഷം വലതുവശത്തേക്ക് വെട്ടിത്തിരിഞ്ഞ് ഗോവിന്ദിന്റെ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബുള്ളറ്റിനെ കാർ ഏറെദൂരം നിരക്കിക്കൊണ്ടുപോയി. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായി തകർന്നു. കാറിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തില്‍ പ്രതിയെ പോലീസ് പിടികൂടി. കുന്നിക്കോട് ലക്ഷ്മി നിവാസില്‍ കൃഷ്ണപിള്ള മകന്‍ ലാല്‍കുമാറിനെ (34) ആണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം കാറിലുണ്ടായിരുന്ന കേസിലെ രണ്ടാം പ്രതി അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























