പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സി.പി.എമ്മില്‍ അച്ചടക്ക നടപടി സ്വീകരിച്ച 17 പേരില്‍ ഭൂരിപക്ഷവും പി. ജയരാജന്റെ വിശ്വസ്തര്‍....

പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സി.പി.എമ്മില്‍ അച്ചടക്ക നടപടി സ്വീകരിച്ച 17 പേരില്‍ ഭൂരിപക്ഷവും പി. ജയരാജന്റെ വിശ്വസ്തര്‍.
സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ആന്തൂര്‍ നഗരസഭയുടെ മുന്‍ ചെയര്‍ പേഴ്‌സണും മന്ത്രി എം വി ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമളയെ സൈബറിടങ്ങളില്‍ അപമാനിച്ചതിനാണ് 17 പേര്‍ക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. ഇതില്‍ 15 പേര്‍ക്ക് പരസ്യ ശാസനയുണ്ട്. രണ്ടു പേരെ സസ്‌പെന്‍ഡും ചെയ്തു.
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് ഏരിയാ കമ്മിറ്റി പരിധിയില്‍ പെടുന്ന 17 പേര്‍ക്കെതിരേയാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. ഏരിയാ, ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് നടപടി. ഒരു വര്‍ഷത്തേക്കാണ് സസ്‌പെന്‍ഷന്‍.
പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളായിരുന്നു അച്ചടക്ക നടപടിക്കാധാരം. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് സാജന്‍ ആത്മഹത്യ ചെയ്യുന്നത്. ഇതില്‍ പി. കെ ശ്യാമളയ്ക്ക് വീഴ്ചപറ്റി എന്ന ആരോപണം നിരവധി കോണില്‍ നിന്നു ഉയര്‍ന്നിരുന്നു. പാര്‍ട്ടിക്കുള്ളിലും ഇത് ചര്‍ച്ചയായി. ഇതിന് പിന്നാലെ പി.കെ. ശ്യാമളയ്‌ക്കെതിരേ സൈബറിടങ്ങളില്‍ വ്യാപകമായ രീതിയില്‍ മോശമായ ഭാഷയിലും വിമര്‍ശിക്കുന്ന രീതിയിലും കമന്റിട്ടു എന്നതാണ് പ്രധാനമായും ഇവരില്‍ ഉന്നയിക്കുന്ന കുറ്റം.
പരാതി ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ, ടി.ഐ മധുസൂദനന്‍, എന്‍. ചന്ദ്രന്‍ തുടങ്ങിയ മൂന്ന് നേതാക്കളെ വെച്ച് അന്വേഷണ കമ്മീഷന്‍ പാര്‍ട്ടി രൂപീകരിച്ചിരുന്നു. അന്വേഷണ കമ്മീഷന്റെ അന്വേഷണത്തിന് ശേഷമാണ് നടപടി.
എ.എന്‍. ഷംസീറിന്റെ നേതൃത്വത്തിലായിരുന്നു പി. ജയരാജനെതിരെയും അന്വേഷണം നടന്നത്. പി. ജയരാജനെ മാത്രം കുറ്റ വിമുക്തനാക്കി. അദ്ദേഹത്തിന്റെ അണികളെയും പി.ജെ. ആര്‍മിയെയും ഇല്ലാതാക്കി.
ഇപ്പോള്‍ നടപടി നേരിട്ടവര്‍ പി.കെ ശ്യാമളയ്‌ക്കെതിരേ സാമൂഹിക മാധ്യമങ്ങള്‍ പോസ്റ്റ് ചെയ്തു എന്ന് മാത്രമല്ല പാര്‍ട്ടിക്കും സി.പി.എം. നേതാക്കള്‍ക്കുമെതിരെയുള്ള പോസ്റ്റില്‍ ലൈക്കും ചെയ്തുവെന്ന് പാര്‍ട്ടി നിയമിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.
ജില്ലാ കമ്മിറ്റി അംഗമായ ശ്യാമള രാജിവയ്ക്കണമെന്ന് പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ശ്യാമളയ്‌ക്കെതിരെ നേര്‍ക്കുനേര്‍ ആരോപണം ഉന്നയിക്കുന്ന നിലപാടാണ് സാജന്റെ ഭാര്യ സ്വീകരിച്ചിരുന്നത്.
സാജന്‍ ആരംഭിച്ച നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്ന് ശ്യാമള വെല്ലുവിളിച്ചിരുന്നെന്നാണ് സാജന്റെ ഭാര്യ ആരോപിച്ചിരുന്നത്. താന്‍ ഈ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം സാജന്റെ സ്ഥാപനത്തിന് അനുമതി നല്കില്ലെന്നായിരുന്നു വെല്ലുവിളി. ഒടുവില്‍ ഗത്യന്തരമില്ലാതെ സാജന്‍ ആത്മഹത്യ ചെയ്തു.
ആത്മഹത്യ ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ആദ്യം സിപിഎം ശ്രമിച്ചത്. എന്നാല്‍ ശ്യാമളയില്‍ നിന്ന് രാജി എഴുതി വാങ്ങണമെന്നാണ് ജയരാജന്‍ വാദിച്ചത് . എം. വി ഗോവിന്ദന്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
ജയരാജന്റെ അനുയായിയായിരുന്നു മരിച്ച സാജന്‍. അങ്ങനെയുള്ള ഒരാള്‍ ആത്മഹത്യചെയ്യാന്‍ കാരണം പാര്‍ട്ടിയിലെ വിഭാഗീയതയാണെന്ന വസ്തുതയാണ് പുറത്തു വന്നത്. സി പി എമ്മിനുള്ളില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന തീയാണ് ഇതോടെ പുറത്തറിഞ്ഞത്.
അതിനിടെ പി ജയരാജന്റെ മകന്റെ കല്യാണത്തിന് പോയതു കാരണമാണ് തന്റെ ഭര്‍ത്താവിന് പഞ്ചായത്തു പ്രസിഡന്റായ ഗോവിന്ദന്‍ മാസ്റ്ററുടെ ഭാര്യ പെര്‍മിറ്റ് നിഷേധിച്ചതെന്ന് ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിസാജന്റെ ഭാര്യ പത്രസമ്മേളനത്തില്‍ പറഞ്ഞത് വിവാദമായി. ജയരാജനെ പോയി കണ്ടാലോ എന്ന് ആലോചിച്ചപ്പോള്‍ അതിന്റെ പേരില്‍ വീണ്ടും പരിഹാസ്യരാകുമോ എന്ന് സാജന്റെ ഭാര്യ പറഞ്ഞു.
ഏതായാലും പി. ജയരാജനെ പാര്‍ട്ടി ഒതുക്കി കഴിഞ്ഞു. അദ്ദേഹത്തെ മാത്രം തൊടാതെ ചുറ്റുമുള്ളവരുടെ ചിറകരിയുകയാണ് ചെയ്തത്. കണ്ണൂരില്‍ പാര്‍ട്ടിക്ക് എതിര്‍ശബ്ദങ്ങള്‍ വേണ്ടെന്നാണ് തീരുമാനം. അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും പാര്‍ട്ടി ഒതുക്കും.
https://www.facebook.com/Malayalivartha


























