വിവാഹ വീട്ടിലെ ചോറിൽ മൊട്ടുസൂചി കണ്ടതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിന് പിന്നാലെ മർദ്ദനം; 16 വര്‍ഷത്തിന് ശേഷം പ്രതികാരം തീർക്കാൻ യുവാവിനെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി മർദ്ദിച്ച് റബ്ബർ തോട്ടത്തിൽ ഉപേക്ഷിച്ച സിആര്‍പിഎഫ് ജവാനെ സർവീസിൽ നിന്ന് നീക്കി

മാവേലിക്കരയിൽ യുവാവിനെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ച് റബ്ബർത്തോട്ടത്തിൽ ഉപേക്ഷിച്ച കേസിൽ പ്രതിയായ സി.ആർ.പി.എഫ്. ജവാനെ സർവീസിൽനിന്നു നീക്കി. വിവാഹ വീട്ടിലെ ചോറിൽ മൊട്ടുസൂചി കണ്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെയുണ്ടായ മര്‍ദ്ദനത്തിന് 16 വര്‍ഷത്തിന് ശേഷം പ്രതികാരം ചെയ്ത യുവാക്കളിലെ സിആര്‍പിഎഫ് ജവാനെയാണ് സർവീസിൽ നിന്ന് നീക്കിയത്.
പന്തളം മങ്ങാരം അരുൺ ഭവനം അരുണിനെ (25)യാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവീസിൽ നിന്നു നീക്കം ചെയ്ത് സിആർപിഎഫ് 53–ാം ബറ്റാലിയൻ കമാൻഡന്റ് മേഘ്‌രാജ് ഉത്തരവായത്.
കഴിഞ്ഞ ഡിസംബർ 14ന് അരുണും പന്തളം മങ്ങാരം ആനക്കുഴി അരുൺ ഭവനം സുനിൽ (44), അശ്വതി നിവാസ് സൂരജ് (26), മുടിയൂർക്കോണം പുത്തൻവീട്ടിൽ കിഴക്കതിൽ പ്രകാശ് (40) എന്നിവരും ചേർന്ന് കൊല്ലം ഇളമ്പള്ളൂർ കൊറ്റങ്കര വിഷ്ണു ഭവനം വേണുകുമാറിനെ (46) സ്കൂട്ടർ തടഞ്ഞ് ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടു പോയി ആക്രമിച്ചവശനാക്കിയ ശേഷം പന്തളത്തു ആളൊഴിഞ്ഞ സ്ഥലത്തെ റബർ തോട്ടത്തിൽ ഉപേക്ഷിച്ചതായാണ് പൊലീസ് കേസ്.
6 വർഷം മുമ്പ് കൊല്ലത്ത് വിവാഹ വീട്ടിൽ ചോറിൽ മൊട്ടുസൂചി കണ്ടതു ചോദ്യം ചെയ്ത സുനിലിനെ ചിലർ മർദിച്ചിരുന്നു. മർദിച്ചവരുടെ കൂട്ടത്തിൽ വേണുകുമാറും ഉണ്ടായിരുന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തഴക്കരയിലെ ബന്ധുവീട്ടിലെത്തി തഴക്കര ആശാഭവനം അനുവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേയാണു വേണുകുമാറിനെ ഗ്ലാസ് ഫാക്ടറി ജംക്‌ഷനു സമീപത്തു നിന്നു തട്ടിക്കൊണ്ടുപോയത്. അരുൺ സംഭവ സമയത്ത് വഴുവാടിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കേസിൽ ഒളിവിൽ പോയ അരുൺ ഹൈക്കോടതിയിൽ നിന്നു ജാമ്യം നേടി. മറ്റു പ്രതികളെ പൊലീസ് അന്ന് അറസ്റ്റ് ചെയ്തിരുന്നു.
അരുൺ കേസിൽ പ്രതിയായതു ചൂണ്ടിക്കാട്ടി മാവേലിക്കര പൊലീസ് സിആർപിഎഫിനു കത്തയച്ചു. ജമ്മുകശ്മീർ ബാരാമുള്ള 53–ാം ബറ്റാലിയൻ മേധാവി നടത്തിയ വകുപ്പ് തല അന്വേഷണത്തിൽ അരുണിനെതിരെ 2019ൽ പത്തനംതിട്ട പൊലീസിൽ മറ്റൊരു കേസും ഉണ്ടെന്നു മനസിലാക്കി.
ഇതേത്തുടർന്നാണ് അരുണിനെ സർവീസിൽ നിന്നു നീക്കം ചെയ്തത്. കഴിഞ്ഞ 8ന് ഇറക്കിയ ഉത്തരവിന്റെ പകർപ്പ് ജില്ലാ പൊലീസ് മേധാവി, മാവേലിക്കര, പത്തനംതിട്ട പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം ലഭിച്ചു. തിരിച്ചറിയൽ കാർഡ് അരുൺ തിരികെ ഏൽപ്പിക്കാത്തതിനാൽ റദ്ദായെന്നും ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ നടപടി സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
https://www.facebook.com/Malayalivartha


























