രണ്ട് ഡോസ് വാക്സിന്‍ ഒരുമിച്ച് നല്‍കിയ സംഭവത്തിൽ യുവതിയുടെ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്ത്

കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസ് ഒരുമിച്ച് കുത്തിവെച്ചെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതര്‍. ഞായറാഴ്ച രാവിലെ വാക്സിന്‍ എടുക്കാന്‍ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിയ 25 കാരിക്കാണ് രണ്ട് ഡോസ് വാക്സിന്‍ ഒരുമിച്ച് കുത്തിവെച്ചത്.
വാക്സിന്‍ എടുത്ത ശേഷം നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കുന്നതിന് പകരം അവിടെത്തന്നെ ഇരിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞെന്നും അതിനു ശേഷമാണ് മറ്റൊരു ഡോസ് വാക്സിന്‍ കൂടി കുത്തിവെച്ചത് എന്നാണ് ബന്ധുക്കളുടെ പരാതി.
രണ്ടാമത്തെ ഡോസ് വാക്സിന്‍ എടുക്കുമ്പോൾ കുട്ടി വാക്സിന്‍ എടുത്തിട്ടുണ്ടെന്നു പറഞ്ഞെങ്കിലും അത് ശ്രദ്ധിക്കാതെയാണ് ആരോഗ്യ പ്രവര്‍ത്തക കുത്തിവെപ്പ് നടത്തിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തിനു പിന്നാലെ യുവതിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു നിരീക്ഷിച്ചെങ്കിലും നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ല.
അതിനാല്‍ വീട്ടിലേക്ക് പോകാനാണ് യുവതിക്ക് ആശുപത്രി അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ബന്ധുക്കളുടെ ആരോപണം നിഷേധിച്ച് ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. രണ്ട് ഡോസ് കുത്തിവെപ്പെടുത്തത് രണ്ട് നഴ്സുമാരെന്ന് മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഡോക്ടര്‍ ഷീജ വ്യക്തമാക്കി.
രണ്ടാമത്തെ ഡോസ് എടുക്കും മുന്‍പ് ചോദിച്ചപ്പോള്‍ ഇല്ല എന്നാണ് യുവതി മറുപടി നല്‍കിയതെന്നും രണ്ടുദിവസം നിരീക്ഷിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു. അല്ലാതെ കുടുംബം ആരോപിക്കുന്നത് പോലെ ഒരു നേഴ്സ് അല്ല രണ്ട് ഡോസ് വാക്സിനും നല്‍കിയത്. അതേസമയം സൂപ്രണ്ടിന്റെ വാദത്തെ യുവതിയുടെ കുടുംബം തള്ളി. ഏതായാലും യുവതിയുടെ ആരോഗ്യസ്ഥിതിയില്‍ കുടുംബത്തിന് ആശങ്കയുണ്ട്.
അതിനാല്‍ യുവതിയുടെ ആരോഗ്യസ്ഥിതി വിശദമായി പരിശോധിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. യുവതിയുടെ ആരോഗ്യസ്ഥിതി വിശദമായി പരിശോധിച്ച ശേഷം നിയമനടപടി അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുമെന്നും കുടുംബം അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























