വാഹനം പൊളിക്കല്‍ നയം അപ്രായോഗികവും അശാസ്ത്രീയവുമെന്ന് മന്ത്രി ആന്റണി രാജു

വാണിജ്യ വാഹനങ്ങള്‍ 15 വര്‍ഷത്തിലധികം സര്‍വീസ് നടത്താന്‍ പാടില്ല എന്ന കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച വാഹനം പൊളിക്കല്‍ നയം സംസ്ഥാനത്ത് അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മലിനീകരണമാണ് പ്രശ്‌നമെങ്കില്‍ മലിനീകരണം കുറയുന്ന രീതിയില്‍ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.
എന്നാല്‍ വന്‍കിട വാഹന നിര്‍മ്മാതാക്കളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ കേന്ദ്ര നയം. കാലപ്പഴക്കം മാത്രമല്ല ഓടിയ കിലോമീറ്ററും കൂടെ പരിഗണിച്ചുവേണം പഴക്കം നിര്‍ണയിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകള്‍ പലതും കാലപ്പഴക്കം ഉള്ളവയാണ്, അവ കുറഞ്ഞ ദൂരം മാത്രമേ ഇത്രയും കാലം കൊണ്ട് സര്‍വീസ് നടത്തിയിട്ടുള്ളൂ എന്നതും പരിഗണിക്കണം.
സ്വകാര്യ വാഹനങ്ങള്‍ക്ക് പരമാവധി 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവുമാണ് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്നത്. പുതിയ വാഹനം വാങ്ങുവാന്‍ ഭീമമായ തുക ചെലവഴിക്കാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ല എന്ന് ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം. സ്വന്തമായി ഒരു വാഹനം എന്ന സ്വപ്നം സഫലീകരിക്കാനുള്ള സാധാരണക്കാരുടെ ആഗ്രഹത്തിനുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്രനയം.
പുതിയ വാഹന പൊളിക്കല്‍ നയം എത്രയും പെട്ടെന്ന് പുനഃപരിശോധിക്കണം. വാഹന ഉടമകള്‍ക്ക് പുതിയ വാഹനങ്ങള്‍ വാങ്ങുവാന്‍ സാവകാശം നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
2021ലെ ബഡ്ജറ്റില്‍ കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനാണ് ആദ്യം ഈ നയം അവതരിപ്പിച്ചത്. അതിനുശേഷം വൈകാതെ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഈ നയത്തിന്റെ വിശദാംശങ്ങള്‍ ലോകസഭാ സമ്മേളനത്തില്‍ വെളിപ്പെടുത്തി. ഈ നയ പ്രകാരം, നിശ്ചിത കാലാവധിയ്ക്ക് ശേഷം വാഹനങ്ങള്‍ നിര്‍ബന്ധിത ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയമാക്കണം.
പാശ്ചാത്യ രാജ്യങ്ങളിലെ പോലെ ഒരു വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ കാലാവധി പൂര്‍ത്തിയായാലാണ് വാഹനം പൊളിക്കല്‍ നയം പ്രാബല്യത്തില്‍ വരിക. പൊതുവെ, ഒരു യാത്രാ വാഹനത്തിന് 15 വര്‍ഷത്തെ ആയുസും വാണിജ്യ വാഹനത്തിന് 10 വര്‍ഷത്തെ ആയുസുമാണ് കണക്കാക്കപ്പെടുന്നത്. ഈ കാലയളവിന് ശേഷം പഴക്കം ചെന്ന വാഹനങ്ങള്‍ മലിനീകരണം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളുടെ ആക്കം കൂട്ടുന്നു.
പാശ്ചാത്യ രാജ്യങ്ങളില്‍ പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിച്ച് അത് നിര്‍മിക്കാന്‍ ഉപയോഗിച്ച സ്റ്റീല്‍ പുനരുപയോഗം ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇന്ത്യയില്‍ ഇത് സംബന്ധിച്ച നയങ്ങളൊന്നും നിലവിലില്ല, പഴക്കം ചെന്ന മിക്ക വാഹനങ്ങളും പരിസ്ഥിതി മലിനീകരണത്തിന് ഇടയാക്കിക്കൊണ്ട് തുടര്‍ന്നും നിരത്തുകളില്‍ ഓടുകയോ പാതയോരങ്ങളില്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുകയോ ചെയ്യുന്നു.
https://www.facebook.com/Malayalivartha


























