പുഴയില്‍ ഇറങ്ങിയ മകനും രക്ഷിക്കാന്‍ ശ്രമിച്ച മാതാവും മുങ്ങി മരിച്ചു; നാട്ടുകാരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ കരക്കെത്തിച്ചു

പുഴയില്‍ ഇറങ്ങിയ മകനും രക്ഷിക്കാന്‍ ശ്രമിച്ച മാതാവും മുങ്ങി മരിച്ചു. കൂടല്ലൂര്‍ കൂട്ടക്കടവ് ഇടപ്പറമ്പില്‍ കോമുവിന്റെ മകളും വളാഞ്ചേരി ഇരിമ്പിളിയം വെണ്ടല്ലൂര്‍ കാളിയത്ത് അബ്ദുല്‍ അസീസിന്റെ ഭാര്യയുമായ ബേബി ഫെമിന (37), മകന് മുഹമ്മദ് സിനാന് (ആറ്) എന്നിവരാണ് മരിച്ചത്. ഭാരതപ്പുഴയുടെ കൂടല്ലൂര്‍ കൂട്ടക്കടവില്‍ ഇന്ന് വൈകീട്ട് അഞ്ചിനാണ് സംഭവം.
ഭാരതപ്പുഴയും തൂതപ്പുഴയും സംഗമിക്കുന്ന കൂട്ടക്കടവ് പാലത്തിന്റെ സമീപമാണ് ഇവര്‍ വെള്ളത്തില്‍ മുങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച വിവാഹം കഴിഞ്ഞ ബേബി ഫെമിനയുടെ മകളെയും
ഭര്‍ത്താവിനെയും കൂട്ടക്കടവിലെ സ്വന്തം വീട്ടിലേക്ക് വിരുന്നിന് ക്ഷണിച്ചപ്പോള്‍ എത്തിയതായിരുന്നു ഇവര്‍. ഇവരുടെ വീടിന്റെ തൊട്ടടുത്തുള്ള പുഴയിലാണ് ഇറങ്ങിയത്. ഈ ഭാഗത്ത് പൊതുവേ ഒഴുക്ക് കൂടുതലും ചളി നിറഞ്ഞതുമാണ്.
മുഹമ്മദ് സിനാന് പുഴയില്‍ ഇറങ്ങിയപ്പോള്‍ ചളിയില്‍ കാല് വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. മകനെ രക്ഷിക്കാനാണ് ഉമ്മ ബേബിയും ഇറങ്ങിയത്. കൂടെയുണ്ടായിരുന്ന സഹോദരന് റിയാസ് രണ്ടുപേരെയും പിടിച്ചുകയറ്റാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങള്‍ കരക്കെത്തിച്ചു.
ബേബി ഫെമിനയുടെ മൃതദേഹം എടപ്പാള്‍ സ്വകാര്യ ആശുപത്രിയിലും മുഹമ്മദ് സിനാേന്റത് കൂറ്റനാട് സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. തൃത്താല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ബേബി ഫെമിനയുടെ മറ്റു മക്കള്‍: സന, ലിയ, റബിയ ഷെറിന്. മാതാവ്: ആമിനക്കുട്ടി. സഹോദരങ്ങള്‍: ഫിറോസ്, ജാഫര്‍, റിയാസ്.
https://www.facebook.com/Malayalivartha


























