മിമിക്രി സുഹൃത്തുക്കള്‍ രംഗത്ത്... ഈശോ സിനിമാ വിവാദത്തിന് പിന്നാലെ ക്രിസ്ത്യന്‍ ഭക്തിഗാന വീഡിയോ റിലീസ് ചെയ്ത് നാദിര്‍ഷാ; ശ്രദ്ധനേടി മിമിക്രി രംഗത്തെ സുഹൃത്തുക്കളുടെ സംരംഭം 'ഒരു നറുപുഷ്പമായ്'; വിവാദം മാറാതെ ഈശോ സിനിമ

ജയസൂര്യ നായകനായ നാദിര്‍ഷയുടെ പുതിയ സിനിമയായ ഈശോ ഉയര്‍ത്തിയ വിവാദം ഇനിയും അവസാനിച്ചിട്ടില്ല. ഈശോ എന്ന പേര് നല്‍കിയതിനെതിരെ കത്തോലിക്കാ കോണ്‍ഗ്രസ് അടക്കമുള്ള ചില ക്രിസ്തീയ സംഘടനകള്‍ പ്രതിഷേധം തുടരുന്നതിനിടെ ക്രിസ്ത്യന്‍ ഭക്തിഗാന വീഡിയോ റിലീസ് ചെയ്ത് നാദിര്‍ഷ.
'ഒരു നറുപുഷ്പമായ്' എന്ന് പേരിട്ടിരിക്കുന്ന വീഡിയോ നാദിര്‍ഷായുടെ സുഹൃത്തുക്കളാണ് ഒരുക്കിയത്. മിമിക്രി വേദികളിലെ സജീവ സാന്നിധ്യമായ സാജു കൊടിയനാണ് രചന നിര്‍വ്വഹിച്ചത്. സംഗീതം വിനോദ് കെടാമംഗലം. ഏലൂര്‍ ജോര്‍ജിന്റെ മകള്‍ ഐറിനാണ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്. ടൈറ്റസ് വല്ലാര്‍പാടമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
നാദിര്‍ഷാ സംവിധാനം ചെയ്യുന്ന 'ഈശോ' സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്. ചിത്രത്തിന്റെ പേര് ക്രിസ്തീയ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് ഏതാനും വൈദികരും വിശ്വാസികളും രംഗത്ത് വന്നിരുന്നു.
ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയതിന് പിന്നാലെ ഈ വാര്‍ത്ത പങ്കുവെച്ച് കൊണ്ട് 'ദൈവം വലിയവനാണെന്ന്' ഫേസ്ബുക്കില്‍ നാദിര്‍ഷ കുറിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിനിമയ്ക്ക് ദൈവത്തിന്റെ പേരിട്ടെന്ന് കരുതി കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോയില്‍ ജയസൂര്യയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയായിരുന്നു വിവാദം. 'നോട്ട് ഫ്രം ബൈബിള്‍' എന്ന ടാഗ് ലൈനും പോസ്റ്ററില്‍ ഉണ്ടായിരുന്നു. വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ടാഗ് ലൈന്‍ ഒഴിവാക്കി പുതിയ പോസ്റ്റര്‍ പുറത്തിറക്കുകയും ചെയ്തു. നാദിര്‍ഷയെ പിന്തുണച്ച് സിനിമാപ്രവര്‍ത്തകരും മറ്റു ചില വൈദികരും രംഗത്ത് വരികയും ചെയ്തു.
നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ സിനിമയുടെ ടൈറ്റിലുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച് മാക്ട (മലയാളം സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍). മലയാള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരും തമ്മിലുള്ള ബന്ധം ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ ചേര്‍ത്തുപിടിക്കലല്ലെന്ന് മാക്ട പ്രതികരിച്ചു.
സിനിമ മതേതര മനോഭാവമുള്ള ഈ നൂറ്റാണ്ടിലെ കാലാരൂപമാണ്. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ഏറെ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരിടമാണെന്നും സമൂഹത്തിന്റെ മാനസികമായ സന്തോഷത്തിന് വേണ്ടിയാണ് സിനിമ നിലനില്‍ക്കുന്നതെന്ന് മാക്ട പ്രസ്താവിച്ചു. അതിലേക്കാണ് ഒരു കൂട്ടം ആളുകള്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്.
നാദിര്‍ഷ സംവിധാനം ചെയ്ത സിനിമയുടെ പേരിനെ ചൊല്ലിയുള്ള അനാവശ്യ വിവദം സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ലെന്നും ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്നും മാക്ട വ്യക്തമാക്കി. നാദിര്‍ഷയ്ക്ക് മാക്ട എക്‌സിക്യൂട്ടീവ് കമിറ്റി എല്ലാ പിന്തുണയും അറിയിക്കുന്നതായും സംഘടന വ്യക്തമാക്കി.
ഈശോ എന്ന പേരു മാറ്റണമെന്ന് ആവശ്യപ്പെടുന്നതായി കത്തോലിക്കാ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ക്രൈസ്തവരെ സംബന്ധിച്ച് ഈശോ എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് എന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ച് ഒരേയൊരു ദൈവം ആണ് ഉള്ളത്. ആ ദൈവത്തെ ഈശോ എന്നാണ് വിളിക്കുന്നത്. അതുകൊണ്ടുതന്നെ ആ പേരില്‍ ഒരു സിനിമ ഇറങ്ങുന്നത് അംഗീകരിക്കാനാവില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























