എ എം ആരിഫിന്റെ ലക്ഷ്യം സുധാകരനല്ല; സി പി എമ്മില്‍ പിണറായി വിരുദ്ധരോ? അരൂര്‍-ചേര്‍ത്തല ദേശീയപാത ടാറിങ് വിവാദത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതികൂട്ടിലാക്കാനാണ് എ.എം. ആരിഫ് എം പി ശ്രമിച്ചതെന്ന് സി പി എം സംസ്ഥാന- ജില്ലാ നേതൃത്വങ്ങള്‍ക്ക് സംശയം

അരൂര്‍-ചേര്‍ത്തല ദേശീയപാത ടാറിങ് വിവാദത്തില്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതികൂട്ടിലാക്കാനാണ് എ.എം. ആരിഫ് എം പി ശ്രമിച്ചതെന്ന് സി പി എം സംസ്ഥാന- ജില്ലാ നേതൃത്വങ്ങള്‍ക്ക് സംശയം.
ജി. സുധാകരന്‍ മന്ത്രിയായിരുന്ന കാലത്ത് ഇതേ വിഷയത്തില്‍ ആരിഫിന്റെ പരാതിയില്‍ അന്വേഷണം നടത്തിയതാണ്. റിയാസ് മന്ത്രിയായ ശേഷവും വീണ്ടും അന്വേഷണം ആവശ്യപ്പെടുകയാണെങ്കില്‍ അത് റിയാസിനെ ഉദ്ദേശിച്ചാണെന്ന് വ്യക്തം.
സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് മുഖ്യമന്ത്രിയുടെ മരുമനിട്ട് ആദ്യത്തെ പാര പണിതത്. മന്ത്രി റിയാസിനെ രക്ഷിക്കാനാണെന്ന ഭാവത്തില്‍ സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയിലെ ചതിക്കുഴി മനസിലാക്കിയ ഉടന്‍ തന്നെ സ്വന്തം ഉടല്‍ രക്ഷിക്കുന്നതിനായി റിയാസ് രംഗത്തെത്തി. ജി. സുധാകരന്‍ അഴിമതി ചെയ്തിട്ടില്ലെന്നും അദ്ദേഹം ഒരിക്കലും ക്രമക്കേട് കാണിക്കില്ലെന്നുമാണ് മുഹമ്മദ് റിയാസ് പറഞ്ഞത്. ഇത് എ എം ആരിഫിനും സജി ചെറിയാനുമുള്ള പ്രതിരോധമായിരുന്നു.
യഥാര്‍ത്ഥത്തില്‍ എ എം ആരിഫ് എംപിയെ തള്ളിയാണ് സജി ചെറിയാന്‍ രംഗത്തെത്തിയത്. റോഡ് നിര്‍മ്മാണത്തിലെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു മന്ത്രി സജിയുടെ പ്രതികരണം. ആരിഫ് ആവശ്യപ്പെട്ട വിഷയത്തില്‍ വകുപ്പുതല അന്വേഷണം നടത്തിയതാണ്. വെള്ളക്കെട്ടാണ് പ്രശ്‌നമെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണ്. ആരിഫിന് ഈ വിഷയത്തില്‍ പോരായ്മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
പാര്‍ട്ടി ഘടകമായ ജില്ലാ കമ്മിറ്റിയില്‍ പോലും ആലോചിക്കാതെയാണ് മന്ത്രി മുഹമ്മദ് റിയാസിന് എതിരെ ആരിഫ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്. ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ആരിഫിന്റെ തന്നെ പരാതിയില്‍ അരൂര്‍- ചേര്‍ത്തല പാതയിലെ അശാസ്ത്രീയത സംബന്ധിച്ച് അന്വേഷണം നടന്നിരുന്നു. അന്നത്തെ അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങളിലൂടെ പുറത്ത് വരികയും ചെയ്തിരുന്നു. നേരത്തെ അന്വേഷിച്ച് അവസാനിപ്പിച്ച ആരോപണം വീണ്ടും ഉയര്‍ത്തിയതും പാര്‍ട്ടിയോട് ആലോചിക്കാത്തതും ആരിഫിന് തിരിച്ചടിയായിരിക്കുകയാണ്. ഇക്കാര്യങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.
ദേശീയപാത 66ല്‍ അരൂര്‍ മുതല്‍ ചേര്‍ത്തല വരെ (23.6 ഗങ) പുനര്‍നിര്‍മ്മിച്ചതില്‍ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. 2019 ല്‍ 36 കോടി ചിലവഴിച്ച് ജര്‍മ്മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു റോഡിന്റെ പുനര്‍നിര്‍മ്മാണം. കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണം നടത്തിയത് . എന്നാല്‍ നിര്‍മ്മാണ ചുമതല സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗത്തിന് ആയിരുന്നു. ജര്‍മന്‍ സാങ്കേതികവിദ്യ എന്ന ആശയം കേന്ദ്രത്തിന്റേതായിരുന്നു. മൂന്ന് വര്‍ഷം ഗ്യാരണ്ടിയോടെ നിര്‍മ്മിച്ച റോഡിന് നിലവാരമില്ലെന്നും റോഡില്‍ ഉടനീളം കുഴികള്‍ രൂപപ്പെടുന്ന സ്ഥിതിയാണ് ഇപ്പോഴെന്നുമാണ് എംപി കുറ്റപ്പെടുത്തുന്നത്.
അരൂര്‍-ചേര്‍ത്തല ദേശീയപാത വിവാദത്തില്‍ എ എം ആരിഫ് എംപിയെ സി പി എം പൂര്‍ണ്ണമായി തള്ളി. പാര്‍ട്ടിയോട് ആലോചിക്കാതെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത് അനൗചിത്യമാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ പറഞ്ഞു. വിജിലന്‍സ് അന്വേഷണം എന്ന ആവശ്യവുമായി പരസ്യമായി ഇറങ്ങിയത് പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ അനുമതി വാങ്ങിയ ശേഷമാണെന്നായിരുന്നു ആരിഫ് പറഞ്ഞത്. എന്നാല്‍ ഇതേക്കുറിച്ച് നേതൃത്വത്തിന് ഒന്നും അറിയില്ലെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്.
പാര്‍ട്ടി നേതാവെന്ന നിലയില്‍ ആരിഫിന് വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി സജി ചെറിയാനും വ്യക്തമാക്കി. ദേശീയപാത പുനര്‍നിര്‍മ്മാണത്തില്‍ ആരിഫ് ഉള്‍പ്പടെ പരാതി നല്‍കിയപ്പോള്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അന്വേഷണം നടത്തിയിരുന്നു. ഇപ്പോള്‍ വീണ്ടുമൊരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സജി ചെറിയാനും വ്യക്തമാക്കി. അതേസമയം മോശം റോഡിലൂടെ പോകുന്ന നാട്ടുകാരുടെ കാര്യമാണ് താന്‍ പറഞ്ഞതെന്നും അതില്‍ തെറ്റുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കട്ടെ എന്നുമാണ് ആരിഫിന്റെ നിലപാട്. ഇത് മുഖ്യന്ത്രിയെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്.
അരൂര്‍ - ചേര്‍ത്തല ദേശീയപാതയുടെ ശോച്യാവസ്ഥ പിഡബ്ല്യുഡി വിജിലന്‍സ് അന്വേഷിച്ചത് അറിഞ്ഞിരുന്നില്ലെന്ന് എ എം ആരിഫ് പറഞ്ഞു. ശോച്യാവസ്ഥ പരിഹരിക്കണം എന്നത് മാത്രമാണ് ആവശ്യം. നാട്ടുകാരുടെ കാര്യമാണ് താന്‍ പരാതിയായി ഉന്നയിച്ചത്. പാര്‍ട്ടി സെക്രട്ടറിയോട് ഇക്കാര്യം സംസാരിച്ചിരുന്നു. തന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചെങ്കില്‍ പരിശോധിക്കാന്‍ പാര്‍ട്ടിക്ക് അധികാരമുണ്ടെന്നും എ എം ആരിഫ് പറഞ്ഞു.
ഫണ്ട് കുറഞ്ഞതിനാല്‍ റോഡ് നിര്‍മ്മാണത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നുവെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതില്‍ വകുപ്പുതല പരിശോധന ഉണ്ടാകും. നിര്‍മ്മാണം പൂര്‍ത്തിയാക്കി ചുരുങ്ങിയ കാലത്തിനുള്ളില്‍ റോഡ് തകര്‍ന്നതില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം.
https://www.facebook.com/Malayalivartha


























