അവസാനിക്കാതെ ചേര്‍ത്തല ദേശീയപാത വിവാദം; പാര്‍ട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയത് അനൗചിത്യമാണ്, എ എം ആരിഫിനെ തള്ളി സിപിഎം ജില്ലാ നേതൃത്വം

ചേര്‍ത്തല ദേശീയപാത വിവാദം അവസാനിക്കുന്നില്ല. ചേര്‍ത്തല ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേടിനെക്കുറിച്ചു തന്നോടു സംസാരിച്ചിരുന്നുവെന്ന എ എം ആരിഫിന്റെ വാദം സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ തള്ളിയിരിക്കുകയാണ്. പരാതിയെക്കുറിച്ചു തന്നോടു പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കുകയും ചെയ്തു. മുന്‍ മന്ത്രി ജി സുധാകരനെ കുരുക്കിലാക്കാന്‍ ആയിരുന്നു ദേശീയപാത പുനര്‍ നിര്‍മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള എ എം ആരിഫ് എം പിയുടെ കത്ത്.
എന്നാൽ പാര്‍ട്ടിയോട് ആലോചിക്കാതെ പരാതി നല്‍കിയത് അനൗചിത്യമാണ് എന്ന വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്. പരാതി നേരത്തെ അന്വേഷിച്ചു തള്ളിയതാണെന്നും നാസര്‍ പറഞ്ഞു. ജി. സുധാകരന്‍ പൊതുമരാമത്ത് മന്ത്രിയായിരിക്കുമ്പോള്‍ നടന്ന അരൂര്‍ - ചേര്‍ത്തല റോഡു പുനര്‍നിര്‍മാണത്തില്‍ ക്രമക്കേട് നടന്നെന്നാണ് ആരിഫിന്റെ ആരോപണം. എന്നാല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ ഇക്കാര്യം പരസ്യമായി തള്ളിയതോടെ ആരിഫ് വെട്ടിലായി രിക്കുകയാണ്.
ജി സുധാകരന്‍റെ അഴിമതിവിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് സുധാകര പക്ഷത്തിന്‍റെ വാദം. പാര്‍ട്ടി അച്ചടക്കത്തിന് നിരക്കാത്ത പ്രവര്‍ത്തനം ആരിഫ് നടത്തിയെന്നും, സ്വന്തം ഘടകം ആയ ജില്ലാ കമ്മിറ്റിയെ പോലും അവഗണിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുവെന്നും അവര്‍ കുറ്റപ്പെടുത്തുകയുണ്ടായി.
എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രതിച്ഛായ പോലും കളങ്കപ്പെടുത്തുന്നതാണ് ആരിഫിന്‍റെ നടപടിയെന്നും പ്രതിപക്ഷത്തിന് അടിക്കാന്‍ അങ്ങോട്ട് വടി കൊടുത്ത വിവാദം ജില്ലാ സെക്രട്ടറിയേറ്റ് ഗൗരവമായി പരിശോധിക്കണമെന്നുമാണ് സുധാകര പക്ഷം ഇതോടൊപ്പം അവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിലും സമ്മര്‍ദ്ദം ചെലുത്താനാണ് സുധാകര പക്ഷത്തിന്‍റെ തീരുമാനം എന്നത്.
കൂടാതെ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടി അനുമതിയില്ലാതെ സ്ഥാനാര്‍ഥികള്‍ക്കൊപ്പം പോസ്റ്റര്‍ തയ്യാറാക്കി, ജില്ല ഒട്ടാകെ പതിച്ചത് ഉള്‍പ്പെടെ പല വിവാദങ്ങളും വീണ്ടും പാര്‍ട്ടിക്കുള്ളില്‍ സജീവ ചര്‍ച്ചയാക്കാനും സുധാകര അനുകൂലികള്‍ തീരുമാനിക്കുകയും ചെയ്തു. സുധാകര വിരുദ്ധ ചേരിയിലെ പ്രധാനിയായ മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെ പരസ്യമായി തള്ളി പറഞ്ഞതോടെ, പാര്‍ട്ടിയില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് എ എം ആരിഫ് എംപി.
https://www.facebook.com/Malayalivartha


























