മദ്യപിക്കാൻ പണം നൽകാതിരുന്ന ഭാര്യയെ ഓടിച്ചിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ഭർത്താവ് സൺഷേഡിലെ കൊളുത്തിൽ തൂങ്ങി മരിച്ച നിലയിൽ:- ആത്മഹത്യ ഭാര്യയെ കൊലപ്പെടുത്തി നാല് മാസം പിന്നിടുമ്പോൾ:- ഒറ്റപ്പെട്ട് എന്ത് ചെയ്യണമെന്നറിയാതെ രണ്ട് മക്കൾ

ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയിൽ. ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസിൽ രണ്ടാഴ്ച മുമ്പ് ജാമ്യത്തിലിറങ്ങിയ പാറശാല ചൂരക്കുഴി മേക്കെകര വീട്ടിൽ ഷാജി (41) ആണ് മരിച്ചത്. ഇന്നലെ രാവിലെ ചൂരക്കുഴിയിലെ വീടിന്റെ മുൻവശത്തുള്ള സൺഷേഡിലെ കൊളുത്തിൽ തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്നുണ്ടായ വഴക്കിൽ കഴിഞ്ഞ ഏപ്രിൽ 15ന് രാത്രിയാണ് ഭാര്യ മീനയെ മദ്യലഹരിയിലായിരുന്ന ഷാജി വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്തിയത്. വെട്ടേറ്റ് വീടിനു പുറത്തേക്ക് ഒാടിയ മീനയെ പിന്തുടർന്ന് എത്തി മുഖത്തും, കഴുത്തിലും വെട്ടി വീഴ്ത്തുകയായിരുന്നു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
വീട് നവീകരണത്തിനായി സ്വകാര്യ ബാങ്കില്‍ നിന്ന് ലഭിച്ച വായ്പ തുകയില്‍ നിന്ന് പണം നല്‍കാത്തതിലുള്ള തര്‍ക്കമായിരുന്നു കൊലപാതകത്തിൽ കലാശിച്ചത്. രാത്രി മദ്യപിച്ച് വീട്ടില്‍ എത്തിയ ഷാജി കുട്ടികളോട് ഉറങ്ങാന്‍ ആവശ്യപ്പെട്ട ശേഷം ഭാര്യയുമായി വഴക്കിട്ട് മര്‍ദനം തുടങ്ങി. വെട്ടുകത്തി കൊണ്ട് വെട്ടാന്‍ ശ്രമിച്ചതോടെ പ്രാണരക്ഷാര്‍ഥം വീടിന് പുറത്തേക്ക് ഒാടിയ മീനയെ പിന്നാലെ എത്തി വെട്ടുകയായിരുന്നു.
കഴുത്തിലും, മുഖത്തും ആഴത്തില്‍ വെട്ടേറ്റ മീന റോഡിന് സമീപം മുറ്റത്ത് കുഴഞ്ഞ് വീണു. ഉറക്കത്തില്‍ ആയിരുന്ന മൂത്ത മകന്‍ ശാരോണിനെ വിളിച്ചുണര്‍ത്തി വിവരം അറിയിച്ച ശേഷം ആണ് ഷാജി ബൈക്കില്‍ സ്റ്റേഷനിലേക്ക് പോയത്. 'നിങ്ങളുടെ അമ്മയെ ഞാന്‍ വെട്ടി കൊന്നു, ഞാന്‍ ജയിലില്‍ പോകുന്നു.' ഉറക്കത്തില്‍ നിന്ന് വിളിച്ചെഴുന്നേല്‍പിച്ചു പിതാവ് പറഞ്ഞ വാക്കുകള്‍ മൂത്ത മകന്‍ പതിനഞ്ചുകാരന്‍ ശാരോണിന് ആദ്യം മനസ്സിലായില്ല ഞെട്ടിത്തരിച്ചു നില്‍ക്കവേ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തറയിലേക്ക് എറിഞ്ഞ് ഷാജി ബൈക്ക് സ്റ്റാര്‍ട്ടാക്കി പോയതോടെ എഴുന്നേറ്റ ഷാരോണ്‍ കാണുന്നത് വീട്ടു മുറ്റത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന അമ്മയെ ആണ്.
സഹോദരന്‍ ശ്യാമിനെ ഉണര്‍ത്തി മാതാവിന് അരികില്‍ എത്തിച്ച ശേഷം സമീപവീട്ടില്‍ താമസിക്കുന്ന ബന്ധുവിന്റെ വീട്ടില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. കീഴടങ്ങാന്‍ സ്റ്റേഷനിലെത്തിയ ഷാജി പറഞ്ഞ വിവരത്തെ തുടര്‍ന്ന് ഇതിനിടെ പൊലീസും വീട്ടില്‍ എത്തുകയായിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ ഷാജിക്ക് ദിവസവും ജോലി ഉണ്ടെങ്കിലും വീട്ടില്‍ പണം നല്‍കാറില്ല. തൊഴിലുറപ്പ് അടക്കമുള്ള തൊഴിലുകളില്‍ നിന്ന് മീനയ്ക്കു ലഭിച്ചിരുന്ന വരുമാനം കൊണ്ടായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. മദ്യപിക്കാൻ പണം നൽകാത്തതിലുള്ള കലഹം മൂലം മുമ്പ് മീനയുടെ കൈ തല്ലിയൊടിചിരുന്നു.
ഇതോടെ സ്വന്തം വീട്ടിലേക്ക് പോയ മീനയെ ആത്മഹത്യ ചെയ്യും എന്ന് ഭീഷണിപ്പെടുത്തി ആണ് തിരികെ കൊണ്ടു വന്നത്. ഇതിന് ശേഷം ഇസ്തിരിപ്പെട്ടി, ചട്ടുകം എന്നിവ ചൂടാക്കി പൊള്ളൽ ഏൽപിച്ചിരുന്നു. മർദനം സഹിക്കവയ്യാതെ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഷാജിക്ക് പൊലീസ് താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൊലപാതകം.
പാറശാല സ്റ്റേഷനിൽ എത്തി കീഴടങ്ങിയ ഷാജി 3 മാസത്തോളം ജയിലിൽ ആയിരുന്നു. അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ ഇവരുടെ മക്കളായ ഷാരോൺ, ശ്യാം എന്നിവർ ബന്ധുക്കൾക്കൊപ്പമാണ് ഇപ്പോൾ കഴിയുന്നത്. ഭാര്യയെ കൊലപ്പെടുത്തി 4 മാസം പിന്നിടുമ്പോഴാണ് ഭർത്താവിന്റെയും മരണം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























