മറ്റ് വകുപ്പുകളില്‍ ഇടപെടുന്നു: ചെന്നിത്തലയ്‌ക്കെതിരെ മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഘടകകക്ഷി മന്ത്രിമാര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. തങ്ങളുടെ വകുപ്പില്‍ കൈകടത്തുന്നു എന്നാരോപിച്ചാണ് മന്ത്രിമാര്‍ പരാതി നല്‍കിയത്. മുസ്ലീം ലീഗിന്റെ പ്രതിനിധിയും പൊതുമരാമത്ത് മന്ത്രിയുമായ വി.കെ.ഇബ്രാഹിം കുഞ്ഞ്, കേരളാ കോണ്‍ഗ്രസ് നേതാവും ജലവിഭവ വകുപ്പ് മന്ത്രിയുമായ പി.ജെ.ജോസഫ് എന്നിവരാണ് പരാതി നല്‍കിയത്. കടലുണ്ടിയിലെ പാലം നിര്‍മാണവുമായി ബന്ധപ്പെട്ട വിജലന്‍സിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ചീഫ് എഞ്ചിനയര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിരുന്നു.
ഇതാണ് മന്ത്രിമാരുടെ പ്രതിഷേധത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിനയര്‍മാരെ സസ്‌പെന്‍ഡ് ചെയ്യുന്നതിന് മുമ്പ്് ആഭ്യന്തര വകുപ്പ് തങ്ങളോട് ആലോചിച്ചില്ലെന്നാണ് പ്രധാന ആക്ഷേപം. ഏകപക്ഷീയമായ നിലപാടുകളാണ് ആഭ്യന്തര വകുപ്പിന്റേത്. പല കാര്യങ്ങളിലും വകുപ്പ് മന്ത്രിമാരെ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാക്കുകയാണെന്നും പരാതിയില്‍ പറയുന്നു. മറ്റു മന്ത്രിമാരുടെ വകുപ്പുകളില്‍ കൈ കടത്തുന്നത് ഉചിതമായ രീതിയല്ലെന്നും ഇക്കാര്യം മുഖ്യമന്ത്രി അടിയന്തരമായി പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആഭ്യന്തര വകുപ്പിന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി മറ്ര് വകുപ്പുകളെ ബലിയാടാക്കുകയാണെന്ന സംശയവും മന്ത്രിമാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ചെന്നിത്തലയോട് ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഐസിസ് ഭീകരതയും തീവ്രവാദവും ചര്‍ച്ച ചെയ്യാനുള്ള യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ പോയിരിക്കുകയാണ് രമേശ്. തിരിച്ചു വന്നാലുടന്‍ ഇക്കാര്യം സംസാരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.
ദിവസങ്ങള്‍ക്ക് മുമ്പ് കോടിക്കണക്കിനു രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ രണ്ടു ചീഫ് എന്‍ജിനീയര്‍മാരെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നേരിട്ട് സസ്‌പെന്‍ഡ് ചെയ്തത്. അഴിമതിയാരോപണത്തെത്തുടര്‍ന്ന് വിജിലന്‍സ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണു മന്ത്രിയുടെ നടപടി. അഴിമതിയുടെ പേരില്‍ മറ്റു വകുപ്പുകളിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരേ ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡു ചെയ്യുന്നത് അത്യപൂര്‍വമായാണ്.
ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ (ഐ.ഡി.ആര്‍.ബി) വി.കെ. മഹാനുദേവന്‍, പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ്‌സ്) ചീഫ് എന്‍ജിനീയര്‍ ടി.കെ. സതീഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ തയാറാക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവച്ച ശേഷം മന്ത്രി രമേശ് വിദേശത്തേക്കു പോകുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് കൈയാളുന്ന മുസ്ലിം ലീഗില്‍നിന്നും ജലസേചന വകുപ്പിന്റെ ചുമതലയുള്ള കേരളാ കോണ്‍ഗ്രസില്‍ നിന്നുമുണ്ടായ സമ്മര്‍ദങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി വഴങ്ങിയില്ലെന്നു സൂചനയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























