ഞെട്ടിച്ചു കളഞ്ഞു... സാമൂഹിക അകലം പാലിക്കാത്തതിനെത്തുടര്‍ന്ന് തെങ്ങിന്‍തൈ വിതരണ പരിപാടി പൂര്‍ത്തിയാക്കാതെ സുരേഷ് ഗോപി മടങ്ങിയത് വലിയ വാര്‍ത്തയായപ്പോള്‍ ഞെട്ടിപ്പിച്ച് വീണ്ടുമെത്തി; മറ്റൊരു വേദിയില്‍ തെങ്ങിന് സിനിമാക്കാരുടെ പേരിട്ട് സുരേഷ് ഗോപി; നയന്‍താര മുതല്‍ കവിയൂര്‍ പൊന്നമ്മ വരെ

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അണികള്‍ സാമൂഹിക അകലം പാലിക്കാത്തതിനെത്തുടര്‍ന്ന് തെങ്ങിന്‍തൈ വിതരണ പരിപാടി പൂര്‍ത്തിയാക്കാതെ സുരേഷ് ഗോപി മടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇന്നലെ കവിയൂര്‍ മഹാദേവക്ഷേത്രത്തിനു സമീപം മറ്റൊരു തെങ്ങിന്‍ തൈ വിതരണം നടത്തി.
കവിയൂര്‍ മഹാദേവക്ഷേത്രത്തിനു മുന്‍പിലെ ആല്‍ത്തറയ്ക്കു ചുറ്റും ചെറിയ സദസിലായിരുന്നു പരിപാടി. നിരത്തിവച്ചിരിക്കുന്ന തെങ്ങിന്‍ തൈകള്‍ക്കടുത്ത് സുരേഷ് ഗോപി വന്നിറങ്ങി. മുന്നറിയിപ്പെന്നോണം പറഞ്ഞു: പരസ്പരം ശാരീരിക അകലം പാലിച്ചു നില്‍ക്കണം. അകലം ഞാനുമായല്ല, നിങ്ങള്‍ പരസ്പരമാണ് വേണ്ടതെന്നു പറഞ്ഞ് നേരേ തെങ്ങിന്‍ തൈകളുടെ അടുത്തേക്ക്. ആദ്യം കണ്ടത് ചെരിഞ്ഞുനില്‍ക്കുന്ന തൈ. അതെടുക്കാന്‍ കേന്ദ്ര നാളികേര വികസനബോര്‍ഡ് അംഗം കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു, ഒപ്പം 'ചെരിഞ്ഞുനില്‍ക്കുന്ന തെങ്ങിലേ ആളു കയറൂ' എന്ന ഡയലോഗും.
കര്‍ഷകനായ വിജയന്‍ പുത്തന്‍പുരയിലിനാണ് ആദ്യത്തെ തൈ നല്‍കിയത്. ഇതു ഭാരതാംബയ്ക്കു വേണ്ടിയാണ്. ഈ തൈ നേരെ വളര്‍ത്തണം. വീണ്ടും തൈകള്‍ ഓരോന്നായി ഓരോരുത്തര്‍ക്കും. ഓരോ തൈയ്ക്കും ജില്ലയിലെ പ്രധാനപ്പെട്ടവരുടെ പേരു പറഞ്ഞാണ് നല്‍കിയത്. കവിയൂര്‍ രേവമ്മ, കവിയൂര്‍ പൊന്നമ്മ, സരസകവി മൂലൂര്‍, സംവിധായകന്‍ ബ്ലെസി, മീര ജാസ്മിന്‍, നയന്‍താര, എം.ജി.സോമന്‍, നാരായണ ചാക്യാര്‍, മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്, ക്യാപ്റ്റന്‍ രാജു, കവിയൂര്‍ ശിവപ്രസാദ് തുടങ്ങി പേരുകള്‍ നീണ്ടു. അപ്പോഴേക്കും പലരിലും ചിരി പടര്‍ന്നു. ഒപ്പം കൈയ്യടികളും.
സാമൂഹിക അകലം പാലിക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊട്ടാരക്കര മാര്‍ത്തോമ്മാ ജൂബിലി മന്ദിരം ഹാളിലെ ചടങ്ങില്‍ നിന്നും ഇറങ്ങി പോയിരുന്നു. പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായുള്ള ബിജെപിയുടെ സ്മൃതികേരം പദ്ധതിയില്‍ 71 പേര്‍ക്കു തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യാനാണ് സുരേഷ് ഗോപി എത്തിയത്. കാറില്‍ നിന്ന് ഇറങ്ങുന്നതു മുതല്‍ നേതാക്കളും പ്രവര്‍ത്തകരും തിക്കും തിരക്കും കൂട്ടി. സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ മടങ്ങുമെന്ന മുന്നറിയിപ്പോടെയാണ് സുരേഷ് ഗോപി കാറില്‍ നിന്ന് ഇറങ്ങിയതു തന്നെ.
കാലം ചെയ്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്തയുടെ പേരില്‍ ജൂബിലിമന്ദിരം വളപ്പില്‍ ഓര്‍മമരമായി തെങ്ങിന്‍തൈ നട്ടായിരുന്നു ചടങ്ങുകള്‍ക്കു തുടക്കം. തുടര്‍ന്ന് ജൂബിലി മന്ദിരം ഹാളില്‍ പൊതു ചടങ്ങിനെത്തി. അവിടെയും പ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടി.
പല തവണ ആവശ്യപ്പെട്ടെങ്കിലും അകന്നു നില്‍ക്കാന്‍ പ്രവര്‍ത്തകര്‍ തയാറായില്ല. ഇതിനിടെ ഭിന്നശേഷിക്കാരായ 2 പേര്‍ക്ക് സുരേഷ് ഗോപി തെങ്ങിന്‍ തൈ വിതരണം ചെയ്തു. സീറ്റുകളിലിരിക്കാനും സാമൂഹിക അകലം പാലിക്കാനും വീണ്ടും അഭ്യര്‍ഥിച്ചു.
വേദിയിലുണ്ടായിരുന്ന നേതാക്കളും മൈക്കിലൂടെ അഭ്യര്‍ഥന നടത്തി. എന്നിട്ടും അണികള്‍ അനുസരിക്കാതെ വന്നതോടെ വേദിയില്‍ കയറാനോ പ്രസംഗിക്കാനോ തയാറാകാതെ സുരേഷ് ഗോപി കാറില്‍ കയറി മടങ്ങുകയായിരുന്നു. ബിജെപി ഭാരവാഹികള്‍ പിന്നീട് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.
അതിനിടെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു താന്‍ വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നു സുരേഷ് ഗോപി വ്യക്തമാക്കി. പാര്‍ട്ടി നേതൃസ്ഥാനത്തേക്കു വരാന്‍ നല്ല പാടവമുള്ളവര്‍ക്കാണു സാധിക്കുക. താന്‍ സാധാരണ പ്രവര്‍ത്തകനായി തുടരും. പാര്‍ട്ടിക്കു ഖ്യാതിയുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha


























