കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങും മുമ്പ് ഇരട്ട പെൺകുട്ടികൾക്ക് ജന്മം നല്കി; മാസം തികയാതെ പിറന്ന കുഞ്ഞുങ്ങളുമായി എന്തുചെയ്യണമെന്നറിയാതെ മാനസികമായി തകർന്ന് ഭർത്താവ്; മുള്ളരിങ്ങാടിനെ കണ്ണീരിലാഴ്ത്തി കൃഷ്ണേന്തുവിന്റെ മരണം, കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കാൻ തയ്യാറായി സഹോദരി

കോവിഡ് ബാധിച്ച് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി മരണത്തിന് കീഴടങ്ങിയ കൃഷ്ണേന്തു, ഒരു വിങ്ങലാകുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് വണ്ണപ്പുറം മുള്ളരിങ്ങാട് കിഴക്കേക്കരയിൽ ഷിജുവിന്റെ ഭാര്യ കൃഷ്ണേന്ദു (24) മാസം തികയാതെ ഇരട്ട പെൺ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി മരണത്തിന് കീഴടങ്ങിയത്.
ഒക്ടോബർ പത്തിനായിരുന്നു കൃഷ്ണേന്തുവിന്റെ പ്രസവത്തീയതി. ഇതിനിടെ, ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, വിദഗ്ധ ചികിത്സ വേണമെന്ന നിർദ്ദേശത്തെ തുടർന്ന് എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ച് കൃഷ്ണേന്തുവിന് കൊവിഡും സ്ഥിരീകരിച്ചു.
ന്യുമോണിയ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും എത്രയും വേഗം കുട്ടികളെ പുറത്തെടുത്തില്ലെങ്കില് അപകടമാണെന്നും ഡോക്ടർമാർ അറിയിച്ചു.തുടർന്ന് സ്ഥിതി മോശമായതോടെ വെള്ളിയാഴ്ച രാത്രി തന്നെ ശസ്ത്രക്രിയ നടത്തി കുട്ടികളെ പുറത്തെടുത്തു.
മാസം തികയാതെ പിറന്ന പിഞ്ചുകുഞ്ഞുങ്ങളെ കളമശേരി മെഡിക്കൽ കോളജിലെ കുട്ടികളുടെ ഐസിയുവിലേക്ക് ഉടൻ തന്നെ മാറ്റി. ശനിയാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു കൃഷ്ണേന്തു മരിച്ചത്.
ഒരുവർഷം മുമ്പായിരുന്നു അച്ഛനും അമ്മയും ഇല്ലാത്ത കൃഷ്ണേന്തുവിനെ ഷിജു തന്റെ ജീവിത സഖിയാക്കിയത്. ഷിജുവിന്റെ വീട്ടിൽ സഹോദരൻ മാത്രമാണുള്ളത്. മാസം തികയാത്ത ഇരട്ട പെൺകുഞ്ഞുങ്ങളുമായുള്ള ഷിജുവിന്റെ ദുരവസ്ഥ ദയനീയമായിരുന്നു.
ഇരട്ട പെൺകുട്ടികൾ പിറന്നിട്ടും ഭാര്യയെ നഷ്ടപ്പെട്ട മുള്ളരിങ്ങാട്ടിലെ വീട്ടിൽ ദുഃഖം മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. കൃഷ്‌ണേന്ദു തന്റെ കൺമണികളെ സുരക്ഷിതരാക്കി ഈ ലോകത്തോട് വിട പറഞ്ഞത് ഷിജുവിനെ മാനസികമായി തളർത്തി.
തുടർന്ന് ഷിജുവിന്റെ പെരുമ്പാവൂരിലുള്ള സഹോദരി സിന്ധു കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് അറിയിക്കുകയായിരുന്നു. പെരുമ്പാവൂരിൽ ഓട്ടോ ഡ്രൈവറാണ് സിന്ധു. കുഞ്ഞുങ്ങളിൽ ഒരാൾക്ക് ശ്വാസ തടസം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ സാധാരണ നിലയിലെത്തിയതിന്റെ ആശ്വാസത്തിലാണ് പിതാവ് ഷിജുവും ബന്ധുക്കളും. കൃഷ്ണേന്തുവിന്റെ സംസ്ക്കാരം ശനിയാഴ്ച വൈകീട്ട് മുള്ളരിങ്ങാട്ട് നടത്തി.
https://www.facebook.com/Malayalivartha


























