ഫേസ്ബുക്കിലൂടെ കൊട്ടാരക്കര സ്വദേശിനിയായ യുവതിയുടെ വിവാഹവാഗ്ദാനത്തിൽ വീണ് യുവാവിന് നഷ്ടമായത് പതിനൊന്ന് ലക്ഷം രൂപ; അവിവാഹിതയെന്ന് വിശ്വസിപ്പിച്ച് പലപ്പോഴായി പണം തട്ടിയെടുത്തത് ഭർത്താവിന്റെ അറിവോടെ:- വിവാഹക്കാര്യം പറയുമ്പോൾ ഒഴിഞ്ഞുമാറിയ യുവതിയുടെ വീട്ടിലേയ്ക്ക് എത്തിയ കാമുകനെ സ്വീകരിച്ചത് ഭർത്താവും, മകളും:- കബളിപ്പിക്കപ്പെട്ടതോടെ പരാതിയുമായി പോലീസ് സ്റ്റേഷനിൽ പന്തളം സ്വദേശി

ഫേസ്ബുക്കിലൂടെ യുവതിയുടെ വിവാഹവാഗ്ദാനത്തിൽ വീണ് യുവാവിന് നഷ്ടമായത് പതിനൊന്ന് ലക്ഷം രൂപ. തട്ടിപ്പിന് കൂട്ടുനിന്നതാകട്ടെ, ഭർത്താവും. സംഭവത്തിൽ കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്എൻ പുരം ബാബു വിലാസത്തിൽ പാർവതി ടി.പിള്ള (31), ഭർത്താവ് സുനിൽ ലാൽ (43) എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
ദമ്പതികളുടെ ആസൂത്രിത തട്ടിപ്പിൽ വീണ പന്തളം തോന്നല്ലൂര്‍ പൂവണ്ണാം തടത്തില്‍ വാടകയ്ക്കു താമസിക്കുന്ന കുളനട കൈപ്പുഴ ശശി ഭവനില്‍ മഹേഷ് കുമാറിന്റെ പരാതിയിന്മേലാണ് ഇരുവരും അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ...
''2020 ഏപ്രിലിലാണ് ഇരുവരും ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുന്നത്. അവിവാഹിതയാണെന്നും പുത്തൂരിലെ സ്വകാര്യ സ്‌കൂളിൽ അധ്യാപികയാണെന്നും യുവാവിനോട് പറഞ്ഞു. എസ്എൻ പുരത്ത് സുനിൽലാലിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസിക്കുകയാണെന്നായിരുന്നു പറഞ്ഞിരുന്നത്.
ഇതിനിടെ വിവാഹ സന്നദ്ധത അറിയിച്ച പാർവതി യുവാവിൽനിന്നു പണം ആവശ്യപ്പെട്ടു. 10 വയസ്സുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചു പോയെന്നും വസ്തുസംബന്ധമായ കേസിന്റെ ആവശ്യത്തിനു പണം വേണമെന്നുമാണ് ആദ്യം പറഞ്ഞത്.
ചികിത്സയുടെ പേരിലും പിന്നീട് പണം ചോദിച്ചു. പലവട്ടമായി യുവാവ് ബാങ്ക് വഴിയും മറ്റും 11,07,975 ലക്ഷം രൂപ നൽകി. പാർവതിയുടെ യാത്രാ ആവശ്യത്തിനായി കാർ വാടകയ്‌ക്കെടുത്തു നൽകിയതിന് 8,000 രൂപയും ചെലവഴിച്ചു.
വിവാഹത്തിന്റെ കാര്യം സംസാരിക്കുമ്പോൾ പാർവതി ഒഴിഞ്ഞു മാറിത്തുടങ്ങിയതോടെ യുവാവിനു സംശയം തോന്നി. വിവരം അന്വേഷിക്കാൻ പാർവതിയുടെ പൂത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് സുനിൽ ലാൽ ഭർത്താവാണെന്നും ഇവർക്ക് കുട്ടിയുണ്ടെന്നും അറിഞ്ഞത്''.
നരിയാപുരത്ത് ഗ്രാന്‍ഡ് ഓട്ടോടെക് എന്ന പേരില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന മഹേഷ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പത്തനംതിട്ട ശാഖയിലെ അക്കൗണ്ടിലൂടെയാണ് പണം കൈമാറിയത്. ഇതിനിടെ മഹേഷിനെയും കൂട്ടി പാര്‍വതി എറണാകുളത്തുള്ള ബന്ധുവീട്ടിൽ പോയിരുന്നു.ഇതിന് പിന്നാലെ വിവാഹത്തെക്കുറിച്ച് യുവതിയോട് സംസാരിക്കുമ്പോഴെല്ലാം ഒഴിഞ്ഞുമാറാൻ തുടങ്ങിയത് സംശയം ജനിപ്പിച്ചു.
യുവതിയുടെ വീട്ടിലേയ്ക്ക് ഫേസ്ബുക്ക് കാമുകൻ എത്തിയതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്നും, ഭർത്താവും കുട്ടിയും യുവതിക്കുന്നുണ്ടെന്നും മനസിലായത്. തുടർന്ന് യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
എഴുകോണ്‍ പൊലീസിന്റെ സഹായത്തോടെ പന്തളം എസ്‌എച്ച്‌ഓ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ യുവതിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. സമാന രീതിയിൽ നേരത്തെയും ഇവർ തട്ടിപ്പ് നടത്തിയതായി പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha






















