പോലീസിനെ തേന്‍ കെണിയില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസ്... അഞ്ചല്‍ അശ്വതി മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയില്‍ സി ഡി ഫയലും അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടും ഹാജരാക്കാന്‍ കോടതി ഉത്തരവ്, ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷം ഗര്‍ഭം അലസിപ്പിക്കാനാണെന്ന വ്യാജേനയാണ് പണം തട്ടിയെടുക്കുന്നത്, കൂട്ടുകാരിയായ ആശുപത്രി ജീവനക്കാരി വഴി സംഘടിപ്പിച്ച വ്യാജ പ്രെഗ്‌നന്‍സി പോസിറ്റീവ് റിസള്‍ട്ട് കിട്ടിയാണ് അബോര്‍ഷന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നത്

തേന്‍ കെണിയൊരുക്കി പോലീസുദ്യോഗസ്ഥരെ കുടുക്കി ലക്ഷങ്ങള്‍ തട്ടിയെടുത്ത ഹണി ട്രാപ്പ് കേസിന്റെ കേസ് ഡയറി ഫയലും അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടും 27 ന് ഹാജരാക്കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടു.
തേന്‍ കെണി കേസില്‍ പ്രതിയായ അഞ്ചല്‍ സ്വദേശിനി എ. ആര്‍. അശ്വതി മുന്‍കൂര്‍ ജാമ്യം തേടി തലസ്ഥാനത്തെ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിലാണ് ജഡ്ജി പി. കൃഷ്ണ കുമാറിന്റെ ഉത്തരവ്.
തിരുവനന്തപുരം റൂറല്‍ പാങ്ങോട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്. തന്നെ തേന്‍ കെണിയില്‍ കുടുക്കി പണം തട്ടിയെന്ന കൊല്ലം റൂറല്‍ പോലീസ് എസ്. ഐ. സുമേഷ് ലാലിന്റെ പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുത്തത്.എസ് ഐ , സി ഐ റാങ്ക് തൊട്ട് ഉള്ള മേലാഫീസര്‍മാരെയാണ് അശ്വതി തേന്‍ കെണിയൊരുക്കി കുടുക്കി പണം തട്ടിയത്. മാനക്കേട് കരുതി പോലീസുദ്യോഗസ്ഥര്‍ പരാതിപ്പെടാന്‍ മടിച്ചു നില്‍ക്കുകയാണ്.
ഫേസ്ബുക്കില്‍ ഫോട്ടോകള്‍ വച്ച് '' അശ്വതി അരുണ്‍ അഭി '' എന്ന വ്യാജ പ്രൊഫൈലുണ്ടാക്കി പോലീസ് ഉദ്യോഗസ്ഥരുമായി മെസഞ്ചര്‍ ചാറ്റ് ചെയ്ത് സൗഹൃദം സ്ഥാപിക്കും. തുടര്‍ന്ന് ഉഭയസമ്മതത്തോടെ പോലീസുദ്യോഗസ്ഥരുമായി ലോഡ്ജ് മുറിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി പ്രെഗ്‌നന്‍സി ടെസ്റ്റ് കാര്‍ഡില്‍ ടോയ്‌ലറ്റ് ക്ലീനര്‍ ഒഴിച്ച് ചുവപ്പ് നിറമാക്കി കാണിച്ച് ഗര്‍ഭിണിയായെന്ന് സ്ഥാപിക്കും.
കൂടാതെ ഇരകളായ പോലീസ് ഏമാന്‍മാര്‍ക്ക് വിശ്വാസം വരുത്താന്‍ കൂട്ടുകാരി ലാബ് അസിസ്റ്റന്റായി ജോലി നോക്കുന്ന തലസ്ഥാനത്തെ കുമാരപുരം സ്വകാര്യ ആശുപത്രിയില്‍ യൂറിന്‍ ടെസ്റ്റ് നടത്തിയതായി വെളിപ്പെടുത്തി താന്‍ ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ സംഘടിപ്പിച്ച വ്യാജ പോസിറ്റീവ് റിസള്‍ട്ട് സര്‍ട്ടിക്കറ്റ് കാണിക്കുകയും അബോര്‍ഷന്റെ പേര് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതുമാണ് തേന്‍ കെണിക്കാരി അശ്വതിയുടെ മോഡസ് ഓപ്പറാന്റി (കുറ്റകൃത്യ പ്രവര്‍ത്തന രീതി). ഉദ്യോഗസ്ഥരുടെ ഭാര്യമാരെയും വിളിച്ച് ഭീഷണിപ്പെടുത്തുന്നതും തന്ത്രത്തിന്റെ ഭാഗമാണ്. കുടുംബ വഴക്കില്‍ പല ഉദ്യോഗസ്ഥരും ആത്മഹത്യയുടെ വക്ക് വരെയെത്തുകയും ചെയ്തു.
പാങ്ങോട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഹണി ട്രാപ്പ് ക്രൈം കേസ് വാദിയായ ഇതേ എസ് ഐ തുമ്പ പോലീസ് സ്റ്റേഷനില്‍ ജോലി നോക്കവേയാണ് ഇദ്ദേഹത്തിനെതിരെ അശ്വതി നല്‍കിയ പരാതിയില്‍ 2020 ല്‍ തിരുവനന്തപുരം സിറ്റി മ്യൂസിയം പോലീസ് ബലാല്‍സംഗ കേസ് എടുത്തത്.
തുടര്‍ന്ന് എസ് ഐയില്‍ നിന്ന് പണം വാങ്ങി കേസ് പരാതി പിന്‍വലിച്ചു. ഹൈക്കോടതിയില്‍ സംയുക്ത രാജി ഹര്‍ജി ഫയല്‍ ചെയ്ത് എഫ് ഐ ആര്‍ ക്വാഷ് (റദ്ദാക്കുക) ചെയ്യുകയായിരുന്നു. എന്നാല്‍ തുടര്‍ന്നും അശ്വതി പണം ആവശ്യപ്പെട്ട് ഭീഷണി തുടങ്ങിയതോടെ പണം നല്‍കി. ഇതാവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് എസ് ഐയുടെ പരാതിയില്‍ കേസെടുത്തത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 384 (ഭയപ്പെടുത്തിയുള്ള പണാപഹരണം) , 385 (ഭയപ്പെടുത്തിയുള്ള അപഹരണം നടത്തുന്നതിലേക്കായി ആള്‍ക്ക് ക്ഷതി നേരിടുമെന്ന ഭയം ഉളവാക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇവയില്‍ 384 ജാമ്യമില്ലാ വകുപ്പാണ്.
ഹൈടെക്ക് സെല്ലിന്റെ സഹായത്തോടെ സൈബര്‍ ഡോമും സംയുക്ത അന്വേഷണം നടത്തുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥരെയും ബന്ധുക്കളെയും അശ്വതി ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ നവ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സ്‌പെഷ്യല്‍ ബ്രാഞ്ചും പോലീസ് ആസ്ഥാനവും രഹസ്യാന്വേഷണം നടത്തി.
അച്ചടക്ക സേനയായ പോലീസ് സേനക്ക് തന്നെ ആകെ മാനക്കേടായതിനെ തുടര്‍ന്ന് അശ്വതിയെ പൂട്ടാന്‍ പോലീസുദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി എസ് ഐ സുമേഷ് ലാലിനെക്കൊണ്ട് പരാതി കൊടുപ്പിച്ച് ജാമ്യമില്ലാ കേസെടുത്തതാണെന്ന ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പരാതിക്കാര്‍ എത്താത്തതും ഹണി ട്രാപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്തുന്നതില്‍ പോലീസിനെ കുഴയ്ക്കുന്നുണ്ട്.
അതേ സമയം അശ്വതിയെ അറസ്റ്റ് ചെയ്താല്‍ ഗുഡ് സര്‍വ്വീസ് എന്‍ട്രി കിട്ടിയ പല പോലീസുദ്യോഗസ്ഥരുടെയും മുഖം മൂടി പുറത്ത് വരുമെന്നുള്ള ഭയത്താല്‍ അശ്വതിയെ അറസ്റ്റ് ചെയ്യാതെ പോലീസുദ്യോഗസ്ഥര്‍ തന്നെ സംരക്ഷിക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. അശ്വതി ഇനിയും വായ തുറന്നാല്‍ പലരും തലയില്‍ തോര്‍ത്തിട്ട് നടക്കേണ്ട ഗതി വരുമെന്നും പലരുടെയും തലകളുരുളുമെന്ന ഭയവും പോലീസ് സേനയുടെ തലപ്പത്തുള്ളവര്‍ക്കുണ്ട്.
" f
https://www.facebook.com/Malayalivartha






















