രണ്ട് ദിവസം മുമ്പ് വിദേശത്ത് നിന്നെത്തിയ മരുമകനെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകാൻ കാളികാവില്‍ നിന്ന് മഞ്ചേരിയിൽ കാത്തു നിന്ന ഭാര്യാപിതാവിന് എത്തിയത് ലഗേജുമായി കോഴിക്കോട്ട് നിന്ന് പുറപ്പെട്ട ടാക്‌സി കാർ അപകടത്തിൽപ്പെട്ടുവെന്ന്; സുഹൃത്തുക്കളുമായി ഭാര്യാപിതാവ് സംഭവ സ്ഥലത്തെത്തി വാഹനം ഇടിച്ചവരുമായി തർക്കിച്ച് നിൽക്കുന്നതിനിടെ യുവാവിനെ തട്ടിക്കൊണ്ടുപോയി

രണ്ട് ദിവസം മുമ്പ് വിദേശത്ത് നിന്നെത്തിയ യുവാവിനെ വീട്ടിലേയ്ക്കുള്ള യാത്രാമധ്യേ പിന്തുടര്ന്ന് കാർ അപകടത്തിൽപ്പെടുത്തി തട്ടിക്കൊണ്ടുപോയി.
കാളികാവ് സ്വദേശിയായ ചോക്കാട് പുലത്ത് വീട്ടിൽ റാഷിദിനെ(27)യാണ് മഞ്ചേരി പട്ടർകുളത്തുവെച്ച് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ...
രണ്ട് ദിവസം മുമ്പ് കരിപ്പൂരില്‍ വിമാനമിറങ്ങിയ റാഷിദ് കോഴിക്കോട്ട് താമസിച്ച് വരുകയായിരുന്നു. ബുധനാഴ്ച നാട്ടിലേയ്ക്ക് പോകാൻ മഞ്ചേരിയിൽ വാഹനവുമായി എത്താൻ റാഷിദ് ബന്ധുക്കളോട് ആവശ്യപ്പെട്ടു.
ഭാര്യയുടെ അച്ഛനും സുഹൃത്തുക്കളും കാളികാവില്‍ നിന്ന് മഞ്ചേരിയിലെത്തി കാത്തുനിന്നു. ഇതിനിടെ സംഭവ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ പട്ടര്‍കുളത്ത് വാഹനം അപകടത്തില്‍പ്പെട്ടുവെന്നുള്ള വിവരം റാഷിദ് വിളിച്ചറിയിച്ചു.
ബന്ധുക്കളെത്തി റാഷിദ് സഞ്ചരിച്ച കാറിലെ സാധനങ്ങള്‍ സുരക്ഷിതമായി മാറ്റി.
ബന്ധുക്കളും തട്ടിക്കൊണ്ടുപോയവരും വാഹനങ്ങള്‍ തമ്മില്‍ തട്ടിയത് സംബന്ധിച്ച് തർക്കിച്ച് നിൽക്കുന്നതിനിടെയാണ് റാഷിദിനെ സംഘം കാറില്‍ കയറ്റി തട്ടികൊണ്ടുപോയത്.
തങ്ങൾ സഞ്ചരിച്ച കാറിൽ കാറിടിപ്പിച്ച് അപകടമുണ്ടാക്കിയ ശേഷം റാഷിദിനെ സംഘം തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് ടാക്‌സി ഡ്രൈവർ പോലീസിന് മൊഴിനൽകി നൽകിയിട്ടുണ്ട്. റാഷിദിന്റെ വാഹനം അപകടത്തിൽപ്പെട്ട ഉടനെ ഒരു ജീപ്പിൽ ഭാര്യാപിതാവും മൂന്നു നാട്ടുകാരും സംഭവ സ്ഥലത്തെത്തിയിരുന്നു.
ഇവരുമായി സംഘം അടിപിടിയുണ്ടാക്കിയതായും പറയുന്നു. എന്നാൽ ഈ മൊഴികളൊന്നും പോലീസ് വിശ്വസിച്ചിട്ടില്ല. സ്വർണ്ണക്കടത്ത് കേസുമായി ഇതിന് ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരുകയാണ്.
രണ്ടുദിവസം മുമ്പ് റാഷിദ് കരിപ്പൂരിൽ വിമാനമിറങ്ങിയിട്ടും, എന്തുകൊണ്ട് വീട്ടിലേക്കുപോകാതെ കോഴിക്കോട്ടേക്ക് തിരിച്ചതെന്ന കാര്യത്തിൽ പോലീസിന് സംശയമുയർന്നിട്ടുണ്ട്.
അപകടമുണ്ടായ വിവരം അറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് ഭാര്യാപിതാവും സുഹൃത്തുക്കളും എത്തിയതിന് ശേഷമാണ് തട്ടിക്കൊണ്ടുപോയതെന്നാണ് മൊഴി. ഇത്രയും സമയം എന്തിന് സംഘം കാത്തിരുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്.
തട്ടിക്കൊണ്ടുപോയ കാറിന്റെ ഉടമ വള്ളുവമ്പ്രത്തുകാരനാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതു കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടയിൽ കരിപ്പൂരിൽ ഇറങ്ങിയ റാഷിദ് ഫറോക്കിൽനിന്ന് കാറെടുത്ത് വയനാട്ടിലേക്കു പോയതായി പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്.
വയനാട്ടിലെ ഒരു റിസോർട്ടിലെ നമ്പറിൽനിന്ന് റാഷിദിന്റെ പിതാവിന്റെ ഫോണിലേക്ക് കോൾ വന്നതായും പോലീസ് സ്ഥിരീകരിച്ചു. സ്വർണവുമായി ബന്ധപ്പെട്ട ചില തർക്കങ്ങളുണ്ടെന്നും എല്ലാം പരിഹരിച്ച് ഉടൻ മകൻ വീട്ടിലെത്തുമെന്നും ഇയാൾ പറഞ്ഞതായും വിവരം ലഭിച്ചു.
ഈ സാഹചര്യങ്ങളെല്ലാം വ്യക്തമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഭാര്യപിതാവും സുഹൃത്തുക്കളും കസ്റ്റഡിയിലാണ്. കോഴിക്കോട് സ്വദേശിയായ ടാക്‌സി ഡ്രൈവറുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി. പ്രദീപ്, സി.ഐ. അലവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha






















