അയൽവാസി വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ ഫിലിപ്പോസിന് സുഖമില്ലാതെ കിടക്കുകയാണെന്ന് ഭാര്യ ; ആശുപത്രിയിൽ കൊണ്ടുപോകാനായി കൊച്ചുമകൻ രാവിലെ ആംബുലൻസുമായി എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, ഭർത്താവ് മരിച്ചതറിയാതെ ഭാര്യ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാലു ദിവസത്തോളം
ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ഭാര്യ കഴിഞ്ഞത് നാലു ദിവസം. സംഭവം അറിഞ്ഞതിന് പിന്നാലെ ഞെട്ടൽ മാറാതെ കുടുംബക്കാരും നാട്ടുകാരും. അടൂർ പഴകുളം പടിഞ്ഞാറ് സ്ലോമ വീട്ടിൽ ഫിലിപ്പോസ് ചെറിയാൻ (76) ആണ് മരിച്ചത്. ഫിലിപ്പോസും ഭാര്യ അൽഫോൻസയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. അന്വേഷണത്തിന് പിന്നാലെ മൃതദേഹത്തിനു നാലു ദിവസം പഴക്കമുണ്ടെന്നു പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസം രാവിലെ പുറത്ത് കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസി ഇവരുടെ വീട്ടിലേക്ക് ഫോൺ ചെയ്യുകയുണ്ടായി. അപ്പോഴാണ് ഫിലിപ്പോസിന് സുഖമില്ലാതെ കിടക്കുകയാണെന്ന് ഭാര്യ പറഞ്ഞത്. ഇതേതുടർന്ന് അയൽവാസി ഈ വിവരം പുനലൂരിൽ താമസിക്കുന്ന ഇവരുടെ മകളെ അറിയിക്കുകയുണ്ടായി. ഇതിനുപിന്നാലെ ആശുപത്രിയിൽ കൊണ്ടുപോകാനായി കൊച്ചുമകൻ ഇന്നലെ രാവിലെ 11ന് ആംബുലൻസുമായി എത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
പോലീസിനെ അറിയിച്ചതിനുപിന്നാലെയാണ് മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയത്. അതേസമയം അൽഫോൻസ മാനസികനില തെറ്റിയതു പോലെയാണു സംസാരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ 16ന് ഫിലിപ്പോസ് രണ്ടാം ഡോസ് വാക്സീൻ സ്വീകരിച്ചതായി മക്കൾ വ്യക്തമാക്കുകയുണ്ടായി. എന്നാൽ മരണ കാരണം വ്യക്തമല്ല. മക്കൾ: ജെസി, ജോസ്. മരുമക്കൾ: സജി സാം, ഷീജ.
https://www.facebook.com/Malayalivartha






















