കൈവിട്ടു പോകാനൊരുങ്ങിയ ജീവിതം തിരിച്ചുതന്നവര്‍ക്കായി കാത്തിരിക്കുകയാണ് പ്രേംചന്ദും കുടുംബവും

കൈവിട്ടു പോകാനൊരുങ്ങിയ തന്റെ ജീവന് വേണ്ടി ആ ഹൃദയം പകുത്തു നല്‍കിയവര്‍ക്കായി കാത്തിരിക്കുകയാണ് കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി 59 കാരന്‍ പ്രേംചന്ദും കുടുംബവും. തനിക്ക് പുതുജീവന്‍ നല്‍കിയത് നേവിസും മാതാപിതാക്കളുമാണ്.നേവിസിന്റെ മരണാനന്തര ചടങ്ങുകളെല്ലാം ഇന്നലെ അവസാനിച്ചതിനു ശേഷം ഇരു കുടുംബങ്ങളുടെയും കൂടിച്ചേരല്‍ നടക്കാനിരിക്കുകയാണ്.
പ്രേംചന്ദ് ചികിത്സയില്‍ തുടരുന്ന കോഴിക്കോട് മെട്രോ ആശുപത്രിയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. ഇതിനായി വേണ്ട ക്രമീകരണങ്ങള്‍ നടത്താമെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാരും അറിയിച്ചിട്ടുണ്ട്.ശസ്ത്രക്രിയ നടക്കുന്നതിന്റെ തലേദിവസം വരെ കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്ന പ്രേംചന്ദിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്.ഇപ്പോള്‍ അത്യാവശ്യം സംസാരിക്കുന്നുണ്ട്.സര്‍ക്കാരിന്റെ മൃതസഞ്ജീവനിയിലൂടെ പെട്ടെന്നായിരുന്നു ശസ്ത്രക്രിയയ്ക്കുള്ള അലര്‍ട്ട് ലഭിച്ചത്.ഹൃദയങ്ങള്‍ തമ്മില്‍ ചേരുമെന്നുറപ്പായതോടെ സര്‍ക്കാരും ഡോക്ടര്‍മാരും അക്ഷീണം പ്രയത്‌നിച്ചു .
15 ശതമാനം മാത്രം പ്രവര്‍ത്തിച്ചിരുന്ന ആ ഹൃദയം ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ എല്ലാ കടപ്പാടും നേവിസിനും കുടുംബത്തിനും മാത്രമാണെന്നും പ്രേംചന്ദിന്റെ കുടുംബം പറഞ്ഞു.ഈ സന്തോഷത്തിനിടയിലാണ് നേവിസിന്റെ മരണാനന്തര ചടങ്ങുകള്‍ ഇന്നലെ നടന്നത്.പ്രേംചന്ദിന്റെ ജ്യേഷ്ഠന്റെ മകന്‍ വികാസ് നേവിസിന്റെ ഇടവക വികാരിയായ ഫാ.വര്‍ഗീസ് ചാമക്കാലിനെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചിരുന്നു.അവരോടുള്ള നന്ദി വെറും വാക്കുകളില്‍ ഒതുക്കാതെ ഇനി അങ്ങോട്ട് നേവിസിന്റെ കുടുംബവുമായി ചേര്‍ന്ന് മുന്നോട്ടു പോകാനാണ് പ്രേംചന്ദിന്റെ കുടുംബത്തിന്റെ തീരുമാനം.
ഹൃദയം പകുത്ത് നല്‍കി നേവിസ് പ്രേംചന്ദിന് പുതുജീവിതം നല്‍കിയതോടെ നേവിസിനെ മാതൃകയാക്കി പ്രേംചന്ദിന്റെ മക്കളും മറ്റ് സഹോദരങ്ങളും.പ്രേംചന്ദിന്റെ ആരോഗ്യ നില മെച്ചപ്പട്ട് ആശുപത്രി വിട്ടാലുടന്‍ മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടിയാരംഭിക്കും. കണ്ണൂര്‍ വാരംകടവ് റിംസ് സ്‌കൂളിലെ ജീവനക്കാരനാണ് പ്രേംചന്ദ്.പ്രേംചന്ദിന്റെ മക്കളായ ഭാഗ്യറിഷി,കാവ്യ ,മരണപ്പെട്ട മൂത്ത ജ്യേഷ്ഠന്‍ നന്ദമോഹന്റെ മക്കളായ നിര്‍മ്മല്‍ ,നീരജ് ,മറ്റൊരു ജ്യേഷ്ഠന്‍ കെ.ഗിരീഷന്റെ മക്കളായ വിവേക് ,വികാസ് ,വികാസിന്റെ ഭാര്യ ജിസ്‌ന എന്നിവരാണ് മരണശേഷം തങ്ങളുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയ്യാറായിരിക്കുന്നത്.
https://www.facebook.com/Malayalivartha



























