1.300 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കേസ്!! വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന ലഹരിമരുന്ന് കുത്തി വയ്ക്കുന്ന വിൽപ്പനക്കാരൻ ഡോ. ഫയാസിന് 2 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ

1.300 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച കേസിൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന ലഹരിമരുന്ന് കുത്തി വയ്ക്കുന്ന വിൽപ്പനക്കാരൻ ഡോ. ഫയാസ് എന്നറിയപ്പെടുന്ന ഫയാസിന് 2 വർഷവും 11 മാസവും 7 ദിവസവും കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.
തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം 10 ദിവസത്തെ അധിക തടവനുഭവിക്കാനും ജഡ്ജി കെ.എൻ. അജിത്കുമാർ ഉത്തരവിട്ടു.
2018 ഒക്ടോബർ 23 മുതൽ പ്രതി കസ്റ്റഡിയിൽ കഴിഞ്ഞ കാലാവധി സെറ്റ് ഓഫായി ശിക്ഷയിൽ തട്ടിക്കിഴിക്കാനും കോടതി ഉത്തരവിട്ടു. നർക്കോട്ടിക് ആൻറ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസ് നിയമത്തിലെ വകുപ്പ് 20 (ബി) (2) (ബി) പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്.
വിചാരണക്കിടെ കേസ് നടത്താനാവശ്യമായ പുസ്തകങ്ങൾ ജയിലിൽ ഏർപ്പാടാക്കാൻ പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടിരുന്നു. പ്രതി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതിയ്ക്കു സ്വന്തമായി കേസ് വാദിക്കാൻ നിയമ പുസ്തകങ്ങൾ ഏർപ്പാടാക്കി നൽകണമെന്ന ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. സ്ഥിരം കുറ്റവാളിയായതിനാൽ ജാമ്യം നിരസിച്ച കോടതി പ്രതിയെ ജയിലിൽ പാർപ്പിച്ച് കസ്റ്റഡിയിൽ വിചാരണ ചെയ്യാൻ ഉത്തരവിടുകയായിരുന്നു 2018 ഒക്ടോബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഈഞ്ചക്കൽ - തിരുവല്ലം ബൈപാസ് റോഡിൽ പരുത്തിക്കുഴിക്ക് സമീപം പ്രതി പാൻ്റ്സിൻ്റെ പോക്കറ്റിലും പ്ലാസ്റ്റിക്ക് കവറിലുമായി 1. 300 കിലോ കഞ്ചാവ് വില്പനക്കായി കൈവശം വച്ചുവെന്നാണ് കേസ്. വിവരമറിഞ്ഞെത്തിയ പൂന്തുറ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
ഇടപാടുകാർക്ക് കുത്തിവയ്പ് നൽകാനായി ബൂപ്രനോർഫിൻ ലഹരിമരുന്ന്' നിറച്ച 6 സിറിഞ്ചുകളും 2 കിലോഗ്രാം കഞ്ചാവുമായി ഉപഭോക്താക്കളെ കാത്തു നിൽക്കവേ ഡോ.ഫയാസ് മുമ്പ് പിടിയിലായിട്ടുണ്ട്.
യുവാക്കളും സ്ക്കൂൾ കോളേജ് വിദ്യാർത്ഥികളുമാണ് ഫയാസിൻ്റെ ഇടപാടുകാർ. സിറ്റി ഷാഡോ പോലീസ് സ്ക്വാഡാണ് തൊണ്ടിമുതലുകളുമായി ഫയാസ് ഇടപാടുകാരെ കാത്ത് നിൽക്കവേ മുമ്പ് ഫയാസിനെ പിടികൂടിയത്. ലഹരിമരുന്ന് ഇടപാടുകാർക്ക് കുത്തിവച്ച് വിൽപന നടത്തുന്നതിലാണ് ഡോക്ടർ ഫയാസ് എന്ന അപരനാമധേയത്തിൽ അറിയപ്പെടാൻ ഇടയായത്.
സ്ഥിരം കുറ്റവാളിയായ ഫയാസ് മുമ്പും ലഹരി വിൽപ്പന കേസിൽ പിടിയിലായിട്ടുണ്ട്. ലഹരിക്കടിമ കൂടിയായ ഇയാളെ 5 വർഷങ്ങൾക്ക് മുമ്പ് പിടികൂടി റീഹാബിലിറ്റേഷൻ സെൻ്ററിൽ കിടത്തി ചികിത്സ നൽകിയിരുന്നു. ജാമ്യത്തിലിറങ്ങിയ ഫയാസ് വീണ്ടും കഞ്ചാവ് ചില്ലറ വിൽപ്പന ആരംഭിക്കുകയായിരുന്നു.
മുൻകാലങ്ങളിൽ ഫയാസ് തീവ്രമായ ഉൽക്കണ്ഠയുള്ളവർക്ക് ചികിത്സക്കായി ഉപയോഗിക്കുന്ന ഹിപ്നോട്ടിക് മരുന്നായ നൈട്രോസെപാം സ്വന്തം ഉപയോഗത്തിനും വിൽപ്പനയ്ക്കും ഉപയോഗിച്ചിരുന്നു. നൈട്രോസെപാം ഗുളിക പൊടിച്ച് ഡിസ്റ്റിൽഡ് ജലത്തിൽ അലിയിച്ച് സിറിഞ്ചിൽ കയറ്റി ഇടപാടുകാരുടെ കൈകളിൽ കുത്തിവെപ്പ് നടത്തിയിരുന്നു.
ബൂപ്രനോർഫിനും സമാന രീതിയിലാണ് ഇയാൾ ഉപയോഗിക്കുന്നത്. ഒരു ഡോസ് ഇൻജക്ഷന് അഞ്ഞൂറു രൂപയാണ് ഈടാക്കിയിരുന്നത്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധനയിൽ ഇടപാടുകാരുടെ വിവരം ലഭിച്ചിരുന്നു.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇത്തരം മരുന്നുകൾ മെഡിക്കൽ സ്റ്റോറുകൾ നൽകരുതെന്ന ചട്ടം ലംഘിച്ച് ഫയാസിന് എങ്ങനെ ഇവ ലഭിച്ചുവെന്ന അന്വേഷണം പൂന്തുറ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആരംഭിച്ചെങ്കിലും അന്വേഷണം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























