സതീദേവി സർക്കാരിന് പണി കൊടുക്കുമോ? പിണറായി സര്‍ക്കാരിനെ വെട്ടിലാക്കി സതീദേവി
05 OCTOBER 2021 10:25 AM IST

മലയാളി വാര്‍ത്ത
സതീദേവി സർക്കാരിന് പണി കൊടുക്കുമോ? സംശയിക്കുന്നത് മറ്റാരുമല്ല സർക്കാർ തന്നെയാണ്.
പി.ജയരാജൻ്റെ സഹോദരിയാണ് സതീദേവി എന്നതിലാണ് സർക്കാരിന് സംശയം.പി.ജെ. ഉണ്ടാക്കുന്ന പണികൾക്ക് സിപിഎമ്മും സർക്കാരും മറുപടി നൽകി മടുത്തു. കടുത്ത സമ്മർദ്ദങ്ങൾക്ക് ശേഷമാണ് പി സതീദേവിയെ വനിതാ കമ്മീഷൻ അധ്യക്ഷയാക്കിയത്.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കണമെന്ന നിര്‍ദേശവുമായി വനിതാ കമ്മീഷന്റെ പുതിയ അധ്യക്ഷ അഡ്വ.പി സതീദേവി എത്തിയതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ലൈംഗിക വിദ്യാഭ്യാസം ഇടതുപക്ഷത്തിൻ്റെ പോളിസിയല്ല. പണ്ടും ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ പേരിൽ പല സർക്കാരുകളും വിവാദത്തിലായിട്ടുണ്ട്.
ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുമെന്നും സതീദേവി പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കൊലപ്പെടുത്തിയ നിഥിന മോളുടെ വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു സതീദേവിയുടെ പ്രതികരണം. ലൈംഗിക വിദ്യാഭ്യാസം എന്ന് പറയുമ്പോള്‍ പലരുടേയും നെറ്റി ചുളിയും എന്ന അവസ്ഥയാണ് കാലങ്ങളായി നിലനില്‍ക്കുന്നത്.
ലൈംഗിക വിദ്യാഭ്യാസത്തെകുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. എന്നാല്‍ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാല്‍ നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്ടുകള്‍ കൊണ്ടുവരണമെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
ലൈംഗിക വിദ്യാഭ്യാസത്തിൻ്റെ കുറവാണ് പാലാ കാമ്പസ് കൊലപാതകത്തിന് പിന്നിലെന്ന് പറയാതെ പറയുകയാണ് സതീദേവി ചെയ്തത് . എന്നാൽ പാലാ കൊലപാതകം ലൈംഗികതയുടെ പേരിൽ നടന്നതാണെന്ന് ആരും വിശ്വസിക്കില്ല. അത് പ്രണയപകയായിരുന്നു.
അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോൾ സൂക്ഷിക്കണമെന്ന നിർദ്ദേശം സി പി എം സതീദേവിക്ക് നൽകിയേക്കും.മുഖ്യമന്ത്രി പോലും അടുത്ത കാലത്തായി ശ്രദ്ധിച്ച് മാത്രമാണ് സംസാരിക്കുന്നത്. വിവാദങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് മാധ്യമങ്ങൾ.അവർക്ക് ഇരകളായി തീരാതിരിക്കാനുള്ള കർശന നിർദ്ദേശം മന്ത്രിമാർക്ക് മുഖ്യമന്ത്രി നൽകി കഴിഞ്ഞു. സതീദേവിയുടെ പോക്ക് കണ്ടാൽ അവരുടെ ചുണ്ടുകൾക്ക് ഉടൻ തന്നെ ക്ലിപ്പിടാൻ സാധ്യതയുണ്ട്.
സതീദേവി സാധാരണ വിവാദങ്ങൾ ഉണ്ടാക്കാറില്ല. പരിണിതപ്രജ്ഞയായ നേതാവാണ് സതീദേവി . എന്നാൽ പത്രക്കാരുടെ കുരുക്കിൽ സതീദേവി വീണുവെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. വനിതാ കമ്മീഷൻ പത്രക്കാരെ സംബന്ധിച്ചടത്തോളം വലിയൊരു വാർത്താ വാതിലാണ്. വനിതാ കമ്മീഷൻ്റെ മുൻ അധ്യക്ഷ എം സി ജോസഫൈൻ വിവാദത്തിൽ വീണതും പത്രക്കാർ വഴിയാണ്. അതിൻ്റെ ഫലമാണ് അവരുടെ രാജി. സർക്കാരിൻ്റെ ഇമേജ് മോശമാക്കിയതിൽ മുൻ അധ്യക്ഷക്കുള്ള പങ്ക് ചെറുതല്ല.
മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയുണ്ടാക്കുമെന്നും അധ്യക്ഷ കൂട്ടിചേര്‍ത്തു. ചര്‍ച്ചകളിലെ സ്ത്രീ വിരുദ്ധത അംഗീകരിക്കാന്‍ കഴിയില്ല. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ സാധിക്കുന്ന അന്തരീക്ഷ ഉണ്ടാക്കണം. സ്ത്രീയെ മോശമായി വാക്ക് കൊണ്ടോ, നോക്ക് കൊണ്ടൊ അധിക്ഷേപിക്കാന്‍ പാടില്ല. ഉത്തരവാദിത്വപ്പെട്ട മാധ്യമ പ്രവര്‍ത്തകര്‍ തന്നെ ഇങ്ങനെ ചെയ്താല്‍ അവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നാണ് നിലപാട്'- പി സതീദേവി വിശദീകരിച്ചു.ഇത് മറ്റൊരു കുരുക്കായാണ് സർക്കാർ കരുതുന്നത്. മാധ്യമങ്ങൾക്ക് ക്ലിപ്പിടുന്ന തരത്തിൽ വാർത്താവിസ്ഫോടനം ഉണ്ടാവാനുള്ള സാധ്യത സർക്കാർ തള്ളികളയുന്നില്ല.
സ്ത്രീധനത്തിനെതിരെ സംസ്ഥാനത്ത് ശക്തമായ നിയമങ്ങള്‍ കൊണ്ടുവരുംസാമ്പത്തിക സ്ഥിതി അനുസരിച്ച് മാത്രം വിവാഹം നടത്താന്‍ നിയമനിര്‍മ്മാണം നടത്തും. പാരിതോഷികങ്ങള്‍ നല്‍കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. വിവാഹത്തിന് മുമ്പ് കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കുമെന്നും സതീദേവി പറഞ്ഞു.