അടിയെങ്കില്‍ ദാ റെഡി... എവിടെയെന്ന് പോലും അറിയില്ലായിരുന്ന പി.വി. അന്‍വര്‍ വിഡി സതീശന്റെ പ്രസ്താവനയ്ക്ക് തൊട്ട് പിന്നാലെ കളം നിറഞ്ഞു; നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് അറിയാം; സതീശന്റെ ഉപദേശം വേണ്ട; ഗുരുവിന്റെ കുതികാല്‍ വെട്ടിയ ആള്‍ ധാര്‍മികത പഠിപ്പിക്കേണ്ട

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ എവിടെയെന്ന് പോലും ആര്‍ക്കും അറിയില്ല. എന്നാല്‍ അന്‍വറിനെ പറ്റി ആരെങ്കിലും രണ്ട് വാക്ക് പറഞ്ഞ് നോക്ക്. അപ്പോള്‍ തൂണിലും തുരുമ്പിലും ഫേസ്ബുക്കിലും എല്ലാം അന്‍വറെ കാണാം.
ഇന്നലെയും അതുപോലെയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അന്‍വറിനെ പുറത്താക്കണമെന്ന് പറഞ്ഞില്ല. അതിനിടയ്ക്ക് അന്‍വറെത്തി. നിയമസഭയില്‍ എപ്പോള്‍ വരണമെന്നതു തനിക്ക് അറിയാമെന്ന് അന്‍വര്‍. വി.ഡി. സതീശന്റെ ഉപദേശം വേണ്ട. ജനങ്ങളോട് എങ്ങനെ പെരുമാറണം എന്നും അറിയാം. ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാനും അറിയാമെന്നും ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ട വിഡിയോയില്‍ അദ്ദേഹം പറയുന്നു.
പ്രതിപക്ഷ നേതൃസ്ഥാനത്തിനായി സ്വന്തം ഗുരുവിന്റെ കുതികാല്‍വെട്ടിയ വി.ഡി. സതീശന്‍ തന്നെ ധാര്‍മികത പഠിപ്പിക്കേണ്ടെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ഇന്ത്യ വിട്ട് പോകുമ്പോള്‍ എവിടെയാണ് പോകുന്നതെന്ന് ഇന്റലിജന്‍സ് പോലും അറിയാറില്ല. അങ്ങനെയുള്ള നേതാവിന്റെ അനുയായിയാണ് വി.ഡി. സതീശന്‍. നിയമസഭയില്‍ എപ്പോള്‍ വരണമെന്നൊക്കെ തനിക്ക് നന്നായറിയാമെന്നും പി.വി അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
അന്‍വറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്
പ്രിയപ്പട്ട പ്രതിപക്ഷ നേതാവേ, അങ്ങയുടെ പ്രസ്താവന ഇന്ന് കാണുകയുണ്ടായി. പി.വി അന്‍വര്‍ നിയമസഭയിലെത്തുന്നില്ല എന്ന അങ്ങയുടെ വിഷമം എന്നെ അതിശയിപ്പിക്കുന്നതാണ്. കഴിഞ്ഞ അഞ്ചര വര്‍ഷക്കാലം ജീവിതത്തിലൊരു കാലത്തും പി.വി അന്‍വര്‍ നിയമസഭയിലെത്തരുത് എന്ന നിലയ്ക്ക് പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെയും മുന്നണിയുടെയും നേതാവാണ് താങ്കള്‍.
നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസിന്റെ മുഴുവന്‍ നേതാക്കന്‍മാരെയും അണിനിരത്തി വ്യക്തിപരമായ എല്ലാ ആരോപണങ്ങളും ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ടിട്ടും എന്നെ പരാജയപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിച്ചില്ല. അന്നെല്ലാം നിങ്ങളുടെ ഉദ്ദേശം ഞാന്‍ നിയമസഭയില്‍ വരരുത് എന്നതായിരുന്നു. ഇപ്പോള്‍ നിയമസഭയില്‍ എന്നെ കാണാത്തതില്‍ അങ്ങേക്ക് സങ്കടം ഉണ്ട് എന്നറിഞ്ഞതില്‍ നല്ല സന്തോഷം തോന്നുന്നു.
പ്രിയപ്പെട്ട പ്രതിപക്ഷ നേതാവിനോട് ചോദിക്കാനുള്ളത് താങ്കളുടെ നേതാവ് രാഹുല്‍ ഗാന്ധി എവിടെയാണ് എന്നാണ്. അദ്ദേഹം ഇന്ത്യ വിട്ട് പോകുമ്പോള്‍ ഏത് രാജ്യത്തേക്കാണ് പോവുന്നത് എന്ന് പോലും ഇന്ത്യയിലെ ജനങ്ങളോടൊ കോണ്‍ഗ്രസ് നേതൃത്വത്തോടൊ പറയാറില്ല. രാജ്യത്തെ ഇന്റലിജന്‍സിന് പോലും അദ്ദേഹം ഏത് രാജ്യത്താണ് എന്നറിയാറില്ല. അങ്ങനെയുള്ള ഒരു നേതാവിന്റെ അനുയായിയാണ് താങ്കള്‍.
സ്വന്തം ഗുരുവിനെ പ്രതിപക്ഷ നേതൃസ്ഥാനത്തിനായി കുതികാല്‍ വെട്ടിയ ധാര്‍മികതയാണ് താങ്കളുടേത്. അതുകൊണ്ട് ധാര്‍മികതയെ കുറിച്ചൊന്നും ദയവായി എന്നോട് പറയരുത്. നിയമസഭയില്‍ എപ്പോള്‍ വരണമെന്നൊക്കെ എനിക്ക് നന്നായറിയാം. അതിന് താങ്കളുടെ സഹായം ആവശ്യമില്ല. ജനങ്ങളോടുള്ള ബാധ്യത നിറവേറ്റാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. അത് ഞാന്‍ നിറവേറ്റും.
അന്‍വര്‍ രാജി വെച്ച് പോകുന്നതാണ് നല്ലതെന്നും ഇക്കാര്യത്തില്‍ എല്‍ഡിഎഫ് നിലപാടു വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരുന്നു. പി.വി. അന്‍വര്‍ നിയമസഭയില്‍ എത്താത്തതു ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണു മറുപടി.
പതിനഞ്ചാം നിയമസഭയുടെ മൂന്നാം സമ്മേളനം തുടങ്ങി ഇതുവരെയും അന്‍വര്‍ സഭയില്‍ എത്തിയിട്ടില്ല. കഴിഞ്ഞ സമ്മേളനത്തില്‍ ഒരു ദിവസം പോലും അന്‍വര്‍ പങ്കെടുത്തില്ല. എന്തായാലും വിഡി സതീശന്റെ മറുപടി കൂടിയാകുമ്പോള്‍ രംഗം കൊഴുക്കും.
"
https://www.facebook.com/Malayalivartha


























