വിഷ മാലിന്യം കലർന്ന കുപ്പിവെള്ളം വിറ്റ കേസ്... വിതരണക്കാരനെയും അക്വാ സ്പ്രിംഗ്സ് കമ്പനിയുടമയേയും ഹാജരാക്കാൻ കോടതി ഉത്തരവ്, ലബോറട്ടറി പരിശോധനയിൽ വെള്ളത്തിൽ മാവ് പുളിച്ച നുരയും പൂപ്പലും ഇളകിയ മണ്ണും

ആരോഗ്യത്തിന് ഹാനികരമായ വിഷ മാലിന്യം കലർന്ന കുപ്പി വെള്ളം വിറ്റ കേസിൽ ലൈസൻസിയായ വിതരണക്കാരനെയും അക്വാ സ്പ്രിംഗ്സ് പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ നിർമ്മാണ കമ്പനിയുടമയേയും ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് പ്രതികളെ ഹാജരാക്കാൻ ഉത്തരവിട്ടത്. ലബോറട്ടറി പരിശോധനയിൽ വെള്ളത്തിൽ മാവ് പുളിച്ച നുരയും പൂപ്പലും ഇളകിയ മണ്ണും കണ്ടെത്തിയ സാഹചര്യത്തിലാണ് കോടതി ഭക്ഷ്യ സുരക്ഷാ നിയമത്തിലെ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
കേസിൽ ഒന്നും രണ്ടും പ്രതികളായ വിതരണക്കാരനും ലൈസൻസിയുമായ മണക്കാട് മേടമുക്ക് നാഥൻ ഏജൻസീസ് ഉടമ എൻ.സി. രാമനാഥൻ (53) , ടൈറ്റാനിയം കൊച്ചുവേളി ഇൻഡസ്ട്രിയൽ ഡെവലപ്പ്മെൻ്റ് ഏരിയ പ്ലോട്ട് നമ്പർ 10 ൽ പ്രവർത്തിക്കുന്ന ബെൻ അക്വാ ഉൽപന്നമായ അക്വാ സ്പ്രിഗ്സ് കുപ്പിവെള്ള നിർമ്മാണ കമ്പനി ഉടമ ബെന്നി ജബ കുമാർ ജോസ് എന്നിവരെയാണ് ഹാജരാക്കേണ്ടത്.
പ്രതികളെ ഒക്ടോബർ 8 ന് ഹാജരാക്കാൻ കരമന നേമം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസറോട് മജിസ്ട്രേട്ട് എ .അനീസ ഉത്തരവിട്ടു.
2020 ഫെബ്രുവരി 15 ന് വൈകിട്ട് 4.15 മണിയ്ക്കാണ് മണക്കാട് മേടമുക്ക് നാഥൻ ഏജൻസീസിൽ നിന്ന് കുപ്പിവെള്ള സാമ്പിൾ എടുത്ത് പരിശോധനക്കയച്ചത്. തിരുവന്തപുരം സർക്കിൾ ഭക്ഷ്യ സുരക്ഷാ ഓഫീസറായ മഗുൾ ഫിറത്താണ് സ്ഥാപനം റെയ്ഡ് ചെയ്തത്.
പരിശോധനയിൽ സ്ഥാപനത്തിൽ മറ്റ് ഭക്ഷണ സാധനങ്ങൾക്ക് ഒപ്പം വിൽപനക്കായി സൂക്ഷിച്ചിരുന്ന 27 സീൽഡ് വാട്ടർ ബോട്ടിലുകളിൽ (20 ലിറ്റർ) നിന്നും 4 സീൽഡ് ബോട്ടിലുകൾ പരിശോധനക്ക് അയക്കുന്നതിലേക്കായി നിയമാനുസരണം സാമ്പിൾ തയ്യാറാക്കുന്നതിലേക്കായി വിതരണക്കാരനായ ലൈസൻസി രാമനാഥനിൽ നിന്നും ഫോറം 5 എ നോട്ടീസ് നൽകി വിലയ്ക്കു വാങ്ങി.
വിലയ്ക്കു വാങ്ങിയ ഭക്ഷണ പദാർത്ഥത്തെ 4 സമ ഭാഗങ്ങളായി പൊതിഞ്ഞ് ബന്തവസിലെടുത്ത് സാമ്പിളിൻ്റെ പുറത്ത് രാമനാഥനെക്കൊണ്ട് ഒപ്പും തീയതിയും വയ്പ്പിച്ച് മുദ്രപ്പടി സീൽ ചെയ്ത് ഫുഡ് സേഫ്റ്റി ഓഫീസറും ഒപ്പും തീയതിയും വച്ച് നിയമാനുസരണം സാമ്പിൾ തയ്യാറാക്കി ബന്തപ്പെട്ട രേഖകൾ അടങ്ങിയ സീൽ വച്ച് കവറും പരിശോധനക്കായി തിരുവനന്തപുരം ഗവ. ഫുഡ് ടെസ്റ്റിംഗ് ലാബിലെ ഗവ. ഫുഡ് അനലിസ്റ്റിന് അന്ന് തന്നെ എത്തിച്ചു.
ലബോറട്ടറി പരിശോധനയിൽ കുപ്പി വെള്ളത്തിൽ എയറോബിക് മൈക്രോ ബയൽ കൗണ്ട് (രക്തത്തിലെ പ്രാണവായുവുമായി ബന്ധപ്പെട്ട സൂക്ഷ്മാണുക്കൾ) അനുവദീയ പരിധിക്കുമപ്പുറം ഒരു മില്ലി ലിറ്റർ വെള്ളത്തിൽ 39 സി എഫ് യു ആണെന്നും വെള്ളത്തിൽ പാക്കേജ്ഡ് കുടി വെള്ളത്തിൽ അനുവദിച്ചിട്ടില്ലാത്ത യീസ്റ്റും (മാവ് പുളിച്ച നുര) മൗൾഡും (പൂപ്പലും ഇളകിയ മണ്ണും) കണ്ടെത്തുകയും വെള്ളം സുരക്ഷിതമല്ലാത്തതും ആരോഗ്യത്തിന് ഹാനികരമാണെന്നും റിപ്പോർട്ട് വന്നു.
തുടർന്നാണ് ഫുഡ് സേഫ്റ്റി ഓഫീസർ പ്രതികൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ അന്യായം കോടതിയിൽ ഫയൽ ചെയ്തത്. 2006 ൽ നിലവിൽ വന്ന ഭക്ഷ്യ സുരക്ഷാ നിലവാര നിയമത്തിലെ വകുപ്പ് 3.1 (ഇസഡ് ഇസഡ്) (ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ പദാർത്ഥത്തിൻ്റെ നിർമ്മാണം , വിതരണം , വിൽപ്പന) , 26 (1) , (2) (1) (സുരക്ഷിതമല്ലാത്ത ഭക്ഷ്യ ഉൽപ്പന്നത്തിൻ്റെ നിർമ്മാണം , സംഭരിക്കൽ , വിതരണം , വിൽപ്പന) , 27 (1) , (2) (സി) ( ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ച് സുരക്ഷിതമല്ലാത്തതും പരി ശുദ്ധമായ ദാഹ ജലമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വ്യാപാര മുദ്ര പതിച്ച ഉൽപ്പന്നത്തിൻ്റെ നിർമ്മാണം , പായ്ക്കിംഗ് , മൊത്ത വിതരണം , വിൽപ്പന) എന്നീ ശിക്ഷാർഹമായ കുറ്റങ്ങൾ പ്രതികൾക്ക് മേൽ ചുമത്തിയാണ് കോടതി പ്രതികൾക്കെതിരെ കേസെടുത്തത്.
"0
https://www.facebook.com/Malayalivartha


























