ഇതെങ്ങനെ സഹിക്കും... സുരേന്ദ്രന്റെ വീഴ്ച കണ്ട് ആഘോഷിക്കാന്‍ ഇരുന്ന എല്ലാവര്‍ക്കും എട്ടിന്റെ പണിയായി; കെ സുരേന്ദ്രനെ വിമര്‍ശിക്കാന്‍ മാത്രം വായ് തുറന്ന ശോഭ സുരേന്ദ്രനെ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കി; അതൃപ്തിയുമായി ശോഭ

കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതു മുതല്‍ നിരന്തര വിമര്‍ശനത്തിലായിരുന്നു ശോഭ സുരേന്ദ്രന്‍. പിന്നെ ഉറക്കത്തിലുമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോഴാണ് ഉണര്‍ന്ന് കഴക്കൂട്ടത്ത് സജീവമായത്.
കടകംപള്ളിയെ തോല്‍പ്പിക്കുമെന്ന് കരുതിയെങ്കിലും ഒന്നും നടന്നില്ല. അതോടെ വീണ്ടും പഴയ ഉറക്കത്തിലേക്ക് പോയി. ഇപ്പോഴിതാ ശോഭ സുരേന്ദ്രനെ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. അല്‍ഫോന്‍സ് കണ്ണന്താനത്തെയും സമിതിയില്‍ നിന്ന് ഒഴിവാക്കി.
കേരളത്തില്‍ നിന്ന് കേന്ദ്ര മന്ത്രി വി. മുരളീധരനും പുതുതായി കുമ്മനം രാജശേഖരനും ഉള്‍പ്പെട്ട ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി പ്രഖ്യാപിച്ചു. പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് മെട്രോമാന്‍ ഇ. ശ്രീധരനും സമിതി അംഗമായിരുന്ന പി.കെ. കൃഷ്ണദാസുമുണ്ട്.
മലയാളിയായ ദേശീയ വക്താവ് ടോം വടക്കന്‍ സ്ഥിരം ക്ഷണിതാവാണ്. സംസ്ഥാന പ്രസിഡന്റെന്ന നിലയില്‍ കെ. സുരേന്ദ്രനും സമിതിയിലുണ്ട്. നിയമസഭാ പാര്‍ട്ടി നേതാവെന്ന നിലയില്‍ സമിതിയിലുണ്ടായിരുന്ന ഒ. രാജഗോപാല്‍, ആ സ്ഥാനത്ത് ഇല്ലാത്തതിനാല്‍ ഒഴിവായി.
ദേശീയ നിര്‍വാഹക സമിതിയില്‍ 80 അംഗങ്ങളാണുള്ളത്. 35 ദേശീയ ഭാരവാഹികളും 50 പ്രത്യേക ക്ഷണിതാക്കളും 179 സ്ഥിരം ക്ഷണിതാക്കളും സമിതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പാര്‍ട്ടി ദേശീയ നേതൃത്വത്തിനും ആര്‍.എസ്.എസ് സംസ്ഥാന ഘടകത്തിനും താത്പര്യമുള്ളവരാണ് സമിതിയിലുള്ളത്. സംഘടനയിലും ഭരണരംഗത്തും നല്ല പ്രകടനം കാഴ്ചവയ്ക്കാത്തവരും സംഘടന അച്ചടക്കം ലംഘിച്ചവരുമാണ് പുറത്തായത്.
ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ട്വീറ്റ് ചെയ്ത വരുണ്‍ ഗാന്ധി എം.പിയെയും അമ്മ മേനക ഗാന്ധി എം.പിയെയും ദേശീയ നിര്‍വാഹക സമിതിയില്‍ നിന്നും ഒഴിവാക്കി. വരുണ്‍ ഗാന്ധി പിലിഭിത്തിലും മേനക ഗാന്ധി സുല്‍ത്താന്‍പൂരിലും നിന്നുള്ള എം.പിമാരാണ്. ലഖിംപൂര്‍ ഖേരിയില്‍ നടന്ന അക്രമങ്ങളുടെ രണ്ട് വിഡിയോകള്‍ വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്യുകയും പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വാഹനങ്ങളുമായി കര്‍ഷകരെ ഇടിച്ചു വീഴ്ത്തുന്ന ഈ വീഡിയോ ആരുടെയും മനമിളക്കുന്നതാണ്. ഈ വാഹനങ്ങളിലിരിക്കുന്നവരെയും വാഹന ഉടമകളെയും ഉടന്‍ അറസ്റ്റ് ചെയ്യണം. എന്നാണ് ട്വീറ്റില്‍ വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും ശബ്ദമുയര്‍ത്തിയിരുന്നു.
അതേസമയം ബി.ജെ.പി ജില്ലാ പ്രസിഡന്റായി കെ.പി. മധുവിനെ നിയമിച്ചതിനെതിരെ വയനാട്ടില്‍ ബി.ജെ.പി ബത്തേരി നിയോജകമണ്ഡലം കമ്മിറ്റിയിലും മഹിളമോര്‍ച്ച ജില്ലാ കമ്മിറ്റിയിലും കൂട്ടരാജി. പതിമൂന്നംഗ മണ്ഡലം എക്‌സിക്യുട്ടീവ് കമ്മിറ്റിയും മഹിളമോര്‍ച്ച ഒമ്പതംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയുമാണ് രാജിവച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടിനും സ്ത്രീകളെ അപമാനിച്ചതിലും ആരോപണവിധേയനായ വ്യക്തിയെ പ്രസിഡന്റാക്കിയതില്‍ പ്രതിഷേധിച്ചാണ് സ്ഥാനങ്ങള്‍ ഒഴിഞ്ഞതെന്ന് പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാലും മഹിളമോര്‍ച്ച ജില്ലാ പ്രസിഡന്റ് ലളിത വത്സനും പറഞ്ഞു.
എന്തായാലും ശോഭ സുരേന്ദ്രനെ തരംതാഴ്ത്തിയതില്‍ അതൃപ്തി പുകയുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാണ് തന്നെ തഴഞ്ഞതെന്നാണ് ശോഭ സുരേന്ദ്രന്‍ വിശ്വസിക്കുന്നത്. അതിനാല്‍ തന്നെ ഉറക്കം കളഞ്ഞ് ശോഭ കൂടുതല്‍ കരുത്തോടെ രംഗത്തെത്തുന്നതാണ്.
"
https://www.facebook.com/Malayalivartha























