ശാരീരിക അവശതകളെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിൽ എത്തിയ ഭർത്താവിനൊപ്പം ആശുപത്രിയിൽ എത്തി; മരുന്ന് വാങ്ങാനായി കാറ് നിർത്തി റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയിൽ ചീറിപ്പാഞ്ഞെത്തിയ ബൈക്ക് കൊല്ലം സ്വദേശികളായ ദമ്പതികളെ ഇടിച്ച് തെറിപ്പിച്ച് നിർത്താതെ പോയി:- ചികിത്സയിലിരിക്കെ ഇരുവരും മരിച്ചു

റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച ദമ്പതികൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ഫോര്‍ട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ കൊല്ലം മൈലക്കാട് സ്വദേശിയായി ഡെന്നീസ് അനിയന്‍ (45) ഭാര്യ നിര്‍മ്മല (33) എന്നിവരാണ് മരിച്ചത്.
പാഞ്ഞെത്തിയ ബൈക്കുകളില്‍ ഒരെണ്ണം ഇരുവരെയും ഇടിച്ചിട്ട ശേഷം നിറുത്താതെ പോവുകയായിരുന്നു. നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡെന്നീസ് ശാരീരിക അവശതകളെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിൽ എത്തിയതായിരുന്നു.
സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങവേ മരുന്ന് വാങ്ങാനായി മേലെ പഴവങ്ങാടിയില്‍ കാര്‍ നിറുത്തി റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അമിത വേഗതയിൽ പാഞ്ഞെത്തിയ ബൈക്കുകളില്‍ ഒരെണ്ണം ഇരുവരെയും ഇടിച്ചിട്ടത്.
ഉടൻ തന്നെ നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡെന്നീസ് ബുധനാഴ്ച രാത്രി 11ഓടെയും നിര്‍മ്മല ഇന്നലെ പുലര്‍ച്ചെയും മരിച്ചു.
അതേ സമയം അപകടം നടന്നതിന് സമീപം മറിഞ്ഞുകിടന്ന ഒരു ബൈക്ക് ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കിലുണ്ടായിരുന്ന രണ്ടു യുവാക്കള്‍ക്കും പരിക്കുണ്ട്.
അപകടത്തിന് ഇടയാക്കിയത് മറ്റൊരു ബൈക്ക് ആണെന്നാണ് യുവാക്കളുടെ വിശദീകരണം.
കസ്റ്റഡിയിലെടുത്ത വാഹനമാണോ അപകടമുണ്ടാക്കിയതെന്നറിയാന്‍ പൊലീസ് ഫോറന്‍സിക് പരിശോധന നടത്തും.
ബൈക്ക് മറിഞ്ഞു വീഴുന്നതായുള്ള സി.സി ടി.വി ദൃശ്യം പൊലീസിനു ലഭിച്ചെങ്കിലും അതില്‍ ദമ്പതികളെ ഇടിക്കുന്ന ദൃശ്യങ്ങളില്ല. പ്രദേശത്തെ സി.സി ടി.വി കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ടാമത്തെ ബൈക്കിനായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























