20 വര്‍ഷം തികച്ച് മോദി... 500, 2000 രൂപ നോട്ടുകളില്‍ നിന്ന് ഗാന്ധി ചിത്രം നീക്കണമെന്ന് മോദിയോട് അഭ്യര്‍ത്ഥിച്ച് കോണ്‍ഗ്രസ് എംഎല്‍എ; ഗാന്ധിജിയുടെ ഫോട്ടോ 5, 10, 20, 50, 100, 200 നോട്ടുകളില്‍ മാത്രമായിരിക്കണം; കോണ്‍ഗ്രസ് എംഎല്‍എയുടെ കത്തില്‍ മറുപടി പറയാതെ കോണ്‍ഗ്രസ്

രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ ഫോട്ടോയുള്ള നോട്ടുകളുടെ വില നമുക്കറിയാം. സാധാരണക്കാര്‍ മുതല്‍ കൊള്ളക്കാര്‍ വരെ ആ നോട്ട് ഉപയോഗിക്കുന്നുണ്ട്. ഗാന്ധിയുടെ വലിയ സമാധാന സന്ദേശം എല്ലാവരിലും എത്തുന്നു. എല്ലാവരുടെ പോക്കറ്റിലൂടെയും ഗാന്ധി അങ്ങനെ ജീവിക്കുന്നു. എന്നാല്‍ ആ നോട്ടുകളില്‍ നിന്നും ഗാന്ധിയുടെ ചിത്രം മാറ്റണമെന്നാണ് ആവശ്യപ്പെടുന്നത്. അതും കോണ്‍ഗ്രസ് എംഎല്‍എ.
മഹാത്മാ ഗാന്ധിയുടെ ഫോട്ടോ 500, 2000 രൂപ നോട്ടുകളില്‍നിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തെഴുതി കോണ്‍ഗ്രസ് എംഎല്‍എ. അഴിമതിക്കും കൈക്കൂലിക്കും വേണ്ടിയാണ് ഈ നോട്ടുകള്‍ ഉപയോഗിക്കുന്നതെന്നാണു രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ ഭരത് സിങ് കുന്ദന്‍പുര്‍ ആരോപിക്കുന്നത്.
ഗാന്ധിജിയുടെ ഫോട്ടോ 5, 10, 20, 50, 100, 200 നോട്ടുകളില്‍ മാത്രമായിരിക്കണം. കാരണം പാവപ്പെട്ടവരാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. ഗാന്ധി തന്റെ ജീവിതത്തിലുടനീളം പാവങ്ങള്‍ക്കു വേണ്ടിയാണു പ്രവര്‍ത്തിച്ചത്. ഗാന്ധിയുടെ ഫോട്ടോ 500, 2000 രൂപ നോട്ടുകളില്‍ ഉപയോഗിക്കരുത്. കഴിഞ്ഞ ഏഴര പതിറ്റാണ്ടിനിടെ രാജ്യത്ത് എല്ലായിടത്തും അഴിമതി വ്യാപിച്ചു.
ഗാന്ധി സത്യത്തിന്റെ പ്രതിരൂപമാണ്. അതിനാല്‍ ഗാന്ധിയുടെ ചിത്രം ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളില്‍നിന്നു നീക്കണം. ഈ നോട്ടുകള്‍ കൈക്കൂലിക്കും ബാറുകളിലുമാണ് ഉപയോഗിക്കുന്നത്. രാജ്യത്തും രാജസ്ഥാനിലും അഴിമതി കേസുകള്‍ കൂടുകയാണ്. 2019 ജനുവരി മുതല്‍ 2020 ഡിസംബര്‍ 31 വരെ 616 അഴിമതി കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ ദിവസവും ശരാശരി 2 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നും കത്തില്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. അതേസമയം കത്തില്‍ കേന്ദ്രം എന്ത് തീരുമാനമെടുക്കുമെന്ന് വ്യക്തമല്ല.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരപദവിയിലെത്തിയിട്ട് ഇന്ന് 20 വര്‍ഷമായി. 2001 ഒക്ടോബര്‍ ഏഴിനാണ് ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി ആദ്യം അധികാരസ്ഥാനത്തെത്തുന്നത്. കേശുഭായ് പട്ടേല്‍ രാജിവച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പദത്തില്‍ നിയോഗിക്കപ്പെട്ട മോദി തൊട്ടടുത്ത വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് സ്ഥാനത്തു തുടര്‍ന്നു. 2007ലും 2012ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും വിജയിച്ച് തുടര്‍ച്ചയായി 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായി.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരാണസി, ഗുജറാത്തിലെ വഡോദര മണ്ഡലങ്ങളില്‍ നിന്നും പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മേയ് 26ന് ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ തുടര്‍ഭരണം നേടി. സെപ്റ്റംബര്‍ 17ന് ആരംഭിച്ച മോദിയുടെ 71–ാം ജന്മദിനാഘോഷങ്ങളുടെ സമാപനവും ഇന്നാണ്.
അതേസമയം ഗുരുവായൂരില്‍ അമൃത് പദ്ധതിയിലൂടെ നടപ്പായ വികസനത്തെക്കുറിച്ച് താല്‍പര്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദിച്ചറിഞ്ഞു. ലക്‌നൗവില്‍ നാഷനല്‍ അര്‍ബന്‍ എക്‌സ്‌പോയിലെ കേരള പവിലിയനില്‍ എത്തിയതായിരുന്നു അദ്ദേഹം.
എക്‌സ്‌പോയില്‍ ഗുരുവായൂരിലെ പദ്ധതികളുടെ മാതൃക പ്രദര്‍ശിപ്പിച്ചിരുന്നു. അമൃത് സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ രേണു രാജിനോടാണ് വിവരങ്ങള്‍ തേടിയത്. പദ്ധതിക്കു മുന്‍പും ശേഷവുമുള്ള ഫോട്ടോകള്‍ കാണിച്ച് ഡയറക്ടര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. പദ്ധതികളുടെ മാതൃക പ്രദര്‍ശിപ്പിക്കാന്‍ കൊച്ചി കോര്‍പറേഷനും അനുമതി ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha























