സഹായങ്ങള്‍ മറക്കല്ലേ... പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാന്‍ ജനതയ്ക്ക് അറിയാമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍; നമ്മള്‍ എങ്ങനെയുള്ള സുഹൃത്തുക്കളായിരുന്നുവെന്ന് അവര്‍ക്കറിയാം; പാകിസ്ഥാനെ വിമര്‍ശിച്ച് ജയശങ്കര്‍

ഇന്ത്യയെ വിമര്‍ശിക്കുന്ന പാകിസ്ഥാന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാന്‍ ജനതയ്ക്ക് അറിയാം.
യുദ്ധങ്ങള്‍ തകര്‍ത്തുകളഞ്ഞ അഫ്ഗാനിസ്താന് ഇന്ത്യ നല്‍കിയ സഹായങ്ങളിലൂടെ അവര്‍ക്കത് തിരിച്ചറിയാനാകുമെന്നും ജയശങ്കര്‍ പറഞ്ഞു. ഇന്ത്യ തങ്ങള്‍ക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് അഫ്ഗാന്‍ ജനതയ്ക്ക് അറിയാം. നമ്മള്‍ എങ്ങനെയുള്ള സുഹൃത്തുക്കളായിരുന്നുവെന്ന് അവര്‍ക്കറിയാം. അതേ സമയത്ത് പാകിസ്ഥാന്‍ അവര്‍ക്ക് വേണ്ടി എന്ത് ചെയ്തുവെന്നും അവര്‍ക്ക് ഓര്‍മയുണ്ടാകുമെന്നും ജയശങ്കര്‍ പറഞ്ഞു.
താലിബാന്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ വാണിജ്യ സാംസ്‌കാരിക ബന്ധങ്ങള്‍ നിലനിന്നിരുന്നു. 2019-20 കാലയളവില്‍ മാത്രം ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുണ്ടായത് 1.5 ബില്യണിന്റെ വ്യാപാര ഇടപാടുകളാണ്. അഫ്ഗാനിസ്താനെ സഹായിക്കാനായി വേറെയും ഒരുപാട് കാര്യങ്ങള്‍ ഇന്ത്യ ചെയ്തുവെന്നും ജയശങ്കര്‍ ചൂണ്ടിക്കാട്ടി,
എല്ലാവര്‍ക്കും തങ്ങളുടെ അയല്‍ക്കാരുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുക. പക്ഷെ ആ ബന്ധം ഒരു പരിഷ്‌കൃത ലോകത്തിലുണ്ടാകേണ്ട മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ജയശങ്കര്‍ പറഞ്ഞു. ഭരണകൂടത്തിന്റെ ഉപകരണമായി പാകിസ്താന്‍ ഭീകരവാദത്തെ ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ഇന്ത്യയില്‍ നിന്ന് അഫ്ഗാനിസ്താനിലേക്കും തിരിച്ചുമുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കണമെന്ന് അഭ്യര്‍ഥിച്ച് താലിബാന്‍ ഭരണകൂടം രംഗത്തെത്തി. താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് അക്കാര്യം ആവശ്യപ്പെട്ട് ഇന്ത്യയുടെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് കത്തെഴുതിയത്.
ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന ലെറ്റര്‍ഹെഡിലാണ് താലിബാന്‍ കത്തെഴുതിയിരിക്കുന്നത്. ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം ഇന്ത്യന്‍ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ആശയവിനിമയമാണ് ഇത്.
അഫ്ഗാനിസ്താനിലെ താലിബാന്‍ ഭരണകൂടത്തെ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അഫ്ഗാന്‍ സൈന്യം കാബൂളില്‍ പ്രവേശിക്കുകയും നിലവിലെ പ്രസിഡന്റ് പലായനം ചെയ്ത സമയം മുതല്‍ ഇന്ത്യ അഫ്ഗാനിസ്താനിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു.
അതേസമയം അഫ്ഗാനിസ്താന്റെ അതിര്‍ത്തികള്‍ കാക്കാന്‍ ചാവേറുകളെ നിയോഗിക്കാന്‍ ഒരുങ്ങുകയാണ് താലിബാന്‍ ഭരണകൂടം. ഇതിനുവേണ്ടി ഒരു പ്രത്യേക ബെറ്റാലിയണ്‍ രൂപവത്കരിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. താജിക്കിസ്താനും ചൈനയുമായി അതിര് പങ്കിടുന്ന വടക്കുകിഴക്കന്‍ പ്രവിശ്യയായ ബഡാക്ഷാനിലാണ് ചാവേറുകളെ വിന്യസിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ മുല്ല നിസാര്‍ അഹമ്മദ് അഹമ്മദി അറിയിച്ചു.
താജിക്കിസ്താനുമായി ഇപ്പോള്‍ തന്നെ അഫ്ഗാനിസ്താന്‍ സംഘര്‍ഷത്തിലാണ്. താജിക് വംശജര്‍ക്ക് പുതിയ അഫ്ഗാന്‍ സര്‍ക്കാരില്‍ കൂടുതല്‍ പ്രാതിനിധ്യം വേണമെന്ന് താജിക് പ്രസിഡന്റ് ഇമോമലി റഹ്‌മോന്‍ യു.എന്‍. പൊതുസഭയില്‍ ആവശ്യപ്പെടുക വരെ ചെയ്തിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായതോടെ പ്രവിശ്യയില്‍ വിവിധ തീവ്രവാദ സംഘടനകള്‍ സജീവമായിത്തുടങ്ങിയിട്ടുണ്ട്. ഇതാണ് ഒരു ചാവേര്‍ സംഘത്തെ വിന്യസിക്കാന്‍ താലിബാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്.
"
https://www.facebook.com/Malayalivartha

























