മുന്നിൽ പോയ ബൈക്ക് ബ്രേക്കിട്ട് യുടേൺ തിരിച്ചതോടെ, ഇടിക്കാതിരിക്കാൻ ബ്രേക്ക് പിടിച്ച കൺട്രോൾ റൂം പൊലീസ് വാഹനം തലകീഴായി മറിഞ്ഞു

ബൈക്കിലിടിക്കാതിരിക്കാൻ ബ്രേക്ക് പിടിച്ച കൺട്രോൾ റൂം പൊലീസ് വാഹനം തലകീഴായി മറിഞ്ഞു.
ബൈപാസ് റോഡിൽ കടവൂർ സിഗ്നലിനു സമീപം ഇന്നലെ പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
അപകടത്തിൽ എഎസ്ഐയ്ക്കും ഡ്രൈവർക്കും നിസ്സാര പരുക്കേറ്റു. മുന്നിൽ പോയ ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ട് യുടേൺ തിരിച്ചതോടെ ബൈക്കിലിടിക്കാതിരിക്കാൻ പോലീസ് വാഹനം ബ്രേക്ക് ചെയ്യുകയായിരുന്നു.
ചാറ്റൽ മഴയുണ്ടായിരുന്നതിനാൽ റോഡിൽ നിന്നു തെന്നി മാറി റോഡരികിലേക്കു വാഹനം മറിയുകയായിരുന്നു.
കൊട്ടിയം പൊലീസിന്റെ സ്റ്റിക്കർ വാഹനത്തിൽ പതിച്ചിരുന്നതിനാൽ സമൂഹമാധ്യമങ്ങളിൽ കൊട്ടിയത്തെ പോലീസ് വാഹനം അപകടത്തിൽപ്പെട്ടുവെന്ന് പ്രചരിച്ചിരുന്നു.
ഹൈവേയിൽ നിരീക്ഷണത്തിനായി ഉപയോഗിച്ചു വരികയായിരുന്ന വാഹനത്തിൽ പഴയ സ്റ്റിക്കർ മാറ്റിയിരുന്നില്ല.
ദിവസങ്ങൾക്ക് മുമ്പാണ് ഈ വാഹനം കൺട്രോൾ റൂം പോലീസിലേയ്ക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha

























