പെരിയ ഇരട്ടക്കൊലക്കേസ്... സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി

പെരിയ ഇരട്ടക്കൊലക്കേസില്‍ സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു തുടങ്ങി. ഇതോടെ കേസന്വേഷണം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതായാണ് സൂചന. സി.പി.എം നേതാക്കളായ മൂന്ന് അഭിഭാഷകരേയും, രണ്ട് നേതാക്കളേയും ചോദ്യം ചെയ്തതായാണ് വിവരം. സി.ബി.ഐ അന്വേഷണ സംഘം കാസര്‍ക്കോട്ടെ ക്യാംപ് ഓഫിസില്‍ വിളിച്ചു വരുത്തിയാണ് ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. നിലവില്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, കേസില്‍ പ്രതിയുമായ കെ.മണികണ്ഠന് തെളിവുകള്‍ നശിപ്പിക്കുന്നതിന് വേണ്ടി അഭിഭാഷകര്‍ ഉപദേശങ്ങള്‍ നല്‍കിയതായി നേരത്തെ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സൂചിപ്പിച്ചിരുന്നു.
പ്രസ്തുത കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്,ശരത്‌ലാല്‍ എന്നിവരുടെ കൊലപാതകത്തില്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ക്ക് അറിവുണ്ടെന്നും ഇതേപറ്റി അന്വേഷണം വേണമെന്നും കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കള്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേസില്‍ ആറ് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐക്ക് ഹൈക്കോടതി രണ്ടു മാസം മുമ്ബ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടയിലാണ് അന്വേഷണ സംഘം ജില്ലയിലെ ഉന്നത നേതാക്കളെ ക്യാംപ് ഓഫിസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തത്.
https://www.facebook.com/Malayalivartha























