തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി സി. ജോസഫ് വിജയ് പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചെന്നൈ രാജരത്തിനം സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സേനയുടെ ചിഹ്നം അനാച്ഛാദനം ചെയ്ത മുഖ്യമന്ത്രി, പട്രോളിങ് വാഹനങ്ങളുടെ ഫ്ലാഗ് ഓഫും നിർവഹിച്ചു. ഭരണമേറ്റെടുത്ത ശേഷം മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടപ്പിലാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ക്രമസമാധാന പരിപാടികളിൽ ഒന്നാണിത്.
ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊലീസ് സേന സ്ത്രീകൾക്ക് വേണ്ടി ഡ്രോൺ അധിഷ്ഠിത പട്രോളിങ് സംവിധാനം ഉപയോഗിക്കുന്നത്. ബോഡി-വോൺ കാമറകൾ, തത്സമയ സ്ട്രീമിങ് സൗകര്യം, അത്യാധുനിക ആശയവിനിമയ സംവിധാനങ്ങൾ എന്നിവ സേനയുടെ ഭാഗമാകും. ആദ്യഘട്ടത്തിൽ 354 കോടി രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ 2,500 പുതിയ തസ്തികകൾ കൂടി ഈ യൂണിറ്റിനായി സൃഷ്ടിക്കും.
തിരക്കേറിയ പൊതുസ്ഥലങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഐ.ടി കോറിഡോറുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന ഉപദ്രവങ്ങൾ തടയുക, ഹരാസ്‌മെന്റ് കേസുകളിൽ വേഗത്തിൽ ഇടപെടുക, കുറ്റകൃത്യങ്ങൾ നടക്കുന്നതിന് മുമ്പേ തടയുക തുടങ്ങിയവയാണ് സേനയുടെ പ്രധാന ചുമതല.ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (IGP) കെ. ഭവാനേശ്വരിയുടെ നേതൃത്വത്തിലായിരിക്കും സേന പ്രവർത്തിക്കുക.
ഓരോ പട്രോളിങ് വാഹനത്തിലും ഒരു സബ് ഇൻസ്പെക്ടർ, രണ്ട് ഹെഡ് കോൺസ്റ്റബിൾമാർ, ഡ്രൈവർ എന്നിവരടങ്ങുന്ന സംഘമുണ്ടാകും.
പ്രാഥമികമായി 70 യൂണിറ്റുകളാണ് സംസ്ഥാനത്തുടനീളം പ്രവർത്തനം ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha


























