റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മണ്ണൂർ റെയിൽവേ ഗേറ്റ് തലയിൽ പതിച്ചെങ്കിലും ഹെൽമറ്റ് ധരിച്ചതിനാൽ സ്കൂട്ടർ യാത്രക്കാരൻ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. നല്ലൂർ ഓലശ്ശേരി വീട്ടിൽ ശശീധരനാണ് (73) പരിക്കുകളോടെ രക്ഷപ്പെട്ടത്. ഞായറാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ശശീധരൻ ഓലശ്ശേരി ചാലിയം ഭാഗത്തു നിന്ന് നല്ലൂർ ഭാഗത്തേക്ക് സ്കൂട്ടറിൽ വരുകയായിരുന്നു. ഒന്നാമത്തെ ഗേറ്റ് കടന്ന് രണ്ടാംഭാഗത്ത് എത്തിയപ്പോഴാണ് ഗേറ്റ് തലയിൽ പതിച്ചത്. തലയിൽ ഹെൽമറ്റ് ധരിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടത്.
ഉടൻ തന്നെ സമീപത്തെ കടക്കാരും മണ്ണൂർ റെയിൽവേ ഗേറ്റിലുണ്ടായിരുന്ന ജീവനക്കാരും ചേർന്ന് കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗേറ്റിന്റെ വീഴ്ചയിൽ മുകളിലത്തെ വരിയിലെ രണ്ടുപല്ലുകൾ നഷ്ടമായി. മൂക്കിനും പരിക്കേറ്റു. കൂടാതെ താടിയെല്ലിനും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിനുശേഷം ഒരുമണിക്കൂർ നേരം ഈ ഗേറ്റടച്ച് അധികൃതർ പരിശോധിച്ചെങ്കിലും കാര്യമായ തകരാറൊന്നും കണ്ടെത്തിയില്ലയെന്നാണ് അധികൃതർ പറയുന്നത്.
"
https://www.facebook.com/Malayalivartha


























