ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി

ശബരിമലയിൽ അഷ്ടാഭിഷേകത്തിനും നിത്യപൂജയ്ക്കും ആവശ്യമായ സാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡ് സമർപ്പിച്ച സത്യവാങ്മൂലം തള്ളി ഹൈക്കോടതി.
കഴിഞ്ഞ പത്തു വർഷത്തെ അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതിഹോമം തുടങ്ങിയ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദേശിക്കുകയും ചെയ്തു.
സുനിൽ കുമാറോ മറ്റ് സ്പോൺസർമാരോ നൽകിയ സാധനങ്ങളുടെ വിവരങ്ങൾ, സ്റ്റോക്ക് രജിസ്റ്റർ എന്നിവ സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. കണക്കുകൾ പരിശോധിച്ച ഓഡിറ്റർമാരുടെ വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടുകളും ഹാജരാക്കേണ്ടതാണ്. നിലവിലെ രീതികൾ സുതാര്യമാണോ എന്ന് പരിശോധിക്കാനായി സംസ്ഥാന ഓഡിറ്റ് വകുപ്പിനും നിർദേശം നൽകി. ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെ തുടർന്നാണ് കോടതി സ്വമേധയാ വിഷയം പരിഗണിച്ചിട്ടുള്ളത്.
വഴിപാട് സാധനങ്ങൾ വാങ്ങുന്നതിന് കേരള ഫിനാഷ്യൽ കോഡും പർച്ചേസ് മാന്വലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും സബ് ഗ്രൂപ്പ് ഓഫീസറും പാലിക്കേണ്ടതില്ലെന്ന ന്യായീകരണമാണ് ദേവസ്വംബോർഡ് ഉന്നയിച്ചിരിക്കുന്നത്. കോടതി ഇത് അംഗീകരിച്ചില്ല. ഫണ്ട് നൽകുന്നത് ഭക്തരാണെന്നും സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത ഒഴിവാക്കുന്ന ഉത്തരവുകൾ ബോർഡിന് പുറപ്പെടുവിക്കാനാകില്ലെന്നും കോടതി .
പൂജാസാധനങ്ങൾ വാങ്ങുന്നതിന് ബില്ലും വൗച്ചറും വേണ്ടെന്ന നിലപാട് ദുരുപയോഗത്തിനും തട്ടിപ്പിനുമുള്ള സാഹചര്യമാണ് ഒരുക്കുന്നത്. വഴിപാടിന് ആവശ്യമായ സാധനങ്ങൾ പെട്ടെന്ന് നശിക്കുന്നതായതിനാൽ ബിൽ ഹാജരാക്കാനാകില്ലെന്നതടക്കമുള്ള വാദവും അംഗീകരിച്ചില്ല.
പൂജയ്ക്കാവശ്യമായ സാധനങ്ങൾ സുനിലിൽ നിന്ന് സ്വീകരിക്കുമ്പോൾതന്നെ ഇതിന്റെ തുക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എഴുതി എടുക്കുന്നുണ്ടെന്ന വിജിലൻസിന്റെ ആരോപണത്തിനും വ്യക്തമായ ഉത്തരം ബോർഡ് നൽകിയിട്ടില്ലെന്നും കോടതി കുറ്റപ്പെടുത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























